തദ്ദേശ ഉപതിരഞ്ഞെടുപ്പ്: ഇടതിന് മികച്ച വിജയം

Posted on: October 22, 2016 11:55 pm | Last updated: October 22, 2016 at 11:55 pm

cpmതിരുവനന്തപുരം: തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ പതിനാലില്‍ പത്ത് സീറ്റും നേടി ഇടതുപക്ഷത്തിന് മികച്ച വിജയം. യു ഡി എഫ് മൂന്നിടത്തും ബി ജെ പി ഒരിടത്തും വിജയിച്ചു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കിഴുവിലം വാര്‍ഡില്‍ സി പിഎമ്മിലെ ആര്‍ ശ്രീകണ്ഠന്‍ നായര്‍ വിജയിച്ചു. കൊല്ലം കയ്യാലയ്ക്കല്‍ ഡിവിഷനില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി വിജയിച്ചു. തൃശൂര്‍ ജില്ലാ പഞ്ചായത്ത് കയ്പമംഗലം ഡിവിഷനിലും എല്‍ ഡി എഫാണ് വിജയിച്ചത്. 6880 വോട്ടിന് സിറ്റിംഗ് സീറ്റ് ബി ജി വിഷ്ണു നിലനിര്‍ത്തി. വയനാട് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് തിരുനെല്ലി ഡിവിഷനിലെ സീറ്റ് എല്‍ ഡി എഫ് നിലനിര്‍ത്തി. കോഴിക്കോട് കോര്‍പറേഷന്‍ അരീക്കാട് ഡിവിഷനില്‍ യു ഡി എഫ് അട്ടിമറി ജയം നേടി. ഇവിടെ യു ഡി എഫ് സ്ഥാനാര്‍ഥി സയ്യിദ് മുഹമ്മദ് ഷമീലാണ് വിജയിച്ചത്. വി കെ സി മമ്മദ്‌കോയ എം എല്‍ എയായതോടെയാണ് ഇവിടെ തിരഞ്ഞെടുപ്പ് നടന്നത്.
തിരുവനന്തപുരം അതിയന്നൂര്‍ പഞ്ചായത്തിലെ മരതംകോട് വാര്‍ഡ് നിലനിര്‍ത്തിയതോടെ സി പി എമ്മിന് ഭരണം തിരിച്ചുപിടിക്കാനായി. തിരുവനന്തപുരം മടവൂര്‍ പഞ്ചായത്തിലെ സീമന്തപുരം, പടിഞ്ഞാറ്റേല വാര്‍ഡുകള്‍ എല്‍ ഡി എഫ് തിരിച്ചുപിടിച്ചു. തൃശൂര്‍ ദേശമംഗലം പഞ്ചായത്ത് നാലാം വാര്‍ഡിലും വടക്കേക്കാട് ഞമനേങ്ങാട് വാര്‍ഡിലും ജില്ലാ പഞ്ചായത്ത് കയ്പമംഗലം വാര്‍ഡിലും എല്‍ ഡി എഫ് വിജയിച്ചു. ഇടുക്കി മാങ്കുളം അമ്പതാം മൈല്‍ വാര്‍ഡും എല്‍ ഡി എഫ് നേടി.
തൃക്കരിപ്പൂര്‍ പഞ്ചായത്ത് ആയിറ്റി വാര്‍ഡില്‍ ലീഗ് സ്ഥാനാര്‍ഥി 180 വോട്ടുകള്‍ക്ക് വിജയിച്ചു. ഇടുക്കി കാമാക്ഷി പഞ്ചായത്ത് കാല്‍വരി മൗണ്ട് വാര്‍ഡും യു ഡി എഫ് നേടി. പാലക്കാട് നഗരസഭ 48ാം വാര്‍ഡിലാണ് ബി ജെ പിയുടെ വിജയം.