കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്; ജനങ്ങളുടെ ആശങ്കക്കും ഉത്കണ്ഠക്കും ഒപ്പമാണ് എല്‍.ഡി.എഫെന്ന് മുഖ്യമന്ത്രി

Posted on: October 22, 2016 3:03 pm | Last updated: October 22, 2016 at 3:03 pm

pinarayiഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം…….
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് പരിസ്ഥിതിലോല പ്രദേശമായി കണക്കാക്കിയിട്ടുള്ള 123 വില്ലേജുകളിലെ ജനങ്ങളുടെ ആശങ്കക്കും ഉത്കണ്ഠക്കും ഒപ്പമാണ് എല്‍.ഡി.എഫ്.
പരിസ്ഥിതിലോല പ്രദേശങ്ങളായി പ്രഖ്യാപിച്ചിട്ടുള്ള ഇടങ്ങളില്‍ ജനവാസകേന്ദ്രങ്ങളും ഉള്‍പ്പെടുന്നു എന്ന വിഷയം സജീവമായി ചര്‍ച്ച ചെയ്തിട്ടുള്ളതാണ്. ഈ വിഷയത്തില്‍ ജനങ്ങള്‍ സമര രംഗത്തെത്തിയപ്പോള്‍ അതിന് ഒപ്പമായിരുന്നു എല്‍.ഡി.എഫ്. ‘ജനങ്ങള്‍ക്കൊപ്പമാണ് എല്‍.ഡി.എഫ്.’ എന്ന നിലപാട് അര്‍ഥശങ്കക്ക് ഇടയില്ലാത്ത വിധം തെരഞ്ഞെടുപ്പ് ഘട്ടത്തിലും വ്യക്തമാക്കിയിട്ടുള്ളതാണ്. ഈ നിലപാടില്‍ നിന്നും യാതൊരു മാറ്റവും സര്‍ക്കാരിനില്ല. മറിച്ചുള്ള ആക്ഷേപങ്ങള്‍ തെറ്റിദ്ധാരണ പരത്താന്‍ മാത്രമാണ്.
കസ്തൂരിരംഗന്‍ വിഷയത്തില്‍ ജനങ്ങളുടെ സമരം നടന്ന ഘട്ടത്തില്‍ അന്ന് പ്രതിപക്ഷത്തായിരുന്ന എല്‍.ഡി.എഫ്. ഒരു പ്രമേയം നിയമസഭയില്‍ കൊണ്ടുവന്നിരുന്നു. ജനങ്ങളുടെ ആശങ്കയ്ക്ക് പരിഹാരമുണ്ടാക്കണം എന്നതായിരുന്നു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്. അതിനോട് യുഡിഎഫും യോജിച്ചു. അങ്ങനെ നിയമസഭ ഐക്യകണ്‌ഠേന പ്രമേയം പാസാക്കി. കഴിഞ്ഞ ദിവസം കസ്തൂരിരംഗന്‍ വിഷയത്തില്‍ മറുപടി നല്‍കുമ്പോള്‍ ഇക്കാര്യം മന്ത്രി എ കെ ബാലന്‍ നിയമസഭയില്‍ ഓര്‍മിപ്പിച്ചിരുന്നു. മുന്‍പ് അവതരിപ്പിച്ച പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ഈ പരാമര്‍ശത്തെയാണ് തെറ്റിദ്ധാരണ പരത്തുന്ന രീതിയില്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്.
പ്രമേയത്തോട് യുഡിഎഫ് യോജിച്ചെങ്കിലും വിഷയത്തില്‍ ജനങ്ങള്‍ക്ക് അനുകൂലമായ തീരുമാനം ഉണ്ടാക്കുന്നതില്‍ യുഡിഎഫിന് നേതൃത്വം നല്കികയ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തിലുണ്ടായിരുന്ന യുപിഎ സര്‍ക്കാര്‍ ഒന്നും ചെയ്തില്ല എന്നതാണ് വസ്തുത. പ്രമേയത്തിന്റെ സത്ത നടപ്പാക്കിയെടുക്കുന്നതിനുള്ള ശ്രമങ്ങള്‍ യുഡിഎഫിന്റെയോ യുപിഎ സര്‍ക്കാരിന്റെയോ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.
പരിസ്ഥിതിലോല പ്രദേശങ്ങളില്‍ നിന്ന് ജനവാസകേന്ദ്രങ്ങളെ മാറ്റിനിര്‍ത്തിയും അതേസമയം പരിസ്ഥിതിലോല പ്രദേശങ്ങളായി സംരക്ഷിക്കപ്പെടേണ്ട പ്രദേശങ്ങളെ സംരക്ഷിച്ചുകൊണ്ടുമുള്ള നിയമമാണ് ഉണ്ടാവേണ്ടത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ തന്നെ വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര പരിസ്ഥിതിവകുപ്പ് മന്ത്രിയെ കണ്ട് ചര്‍ച്ച നടത്തുകയും അനുകൂല പ്രതികരണം ലഭിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നും കേന്ദ്ര ഗവണ്മെന്റില്‍ സമ്മര്‍ദം ചെലുത്തിവരികയാണ്.