എ ടി എം തട്ടിപ്പു ഭീതിയില്‍ പ്രവാസികളും; മുന്നറിയിപ്പു സന്ദേശം അയച്ചെന്ന് ബേങ്കുകള്‍

Posted on: October 21, 2016 9:20 pm | Last updated: October 21, 2016 at 9:20 pm

ദോഹ: മലയാളികളുള്‍പ്പെടെയുള്ളവരുടെ ബേങ്ക് അക്കൗണ്ടുകളില്‍ നിന്നും എ ടി എം തട്ടിപ്പു വഴി ലക്ഷങ്ങള്‍ കവര്‍ച്ച ചെയ്യപ്പെടുന്നത് തുടരവേ പ്രവാസികളും ഭീതിയില്‍. തട്ടിപ്പു സംബന്ധിച്ച് അന്വേഷണങ്ങള്‍ ലഭിക്കുന്നതായി ഇന്ത്യന്‍ ബേങ്ക് പ്രതിനിധികള്‍ പറയുന്നു. മുന്‍കരുതലിന്റെ ഭാഗമായി പിന്‍ നമ്പര്‍ മാറ്റുന്നതിനും നാട്ടിലും വിദേശത്തുമായി ഉപയോഗിക്കുന്ന എ ടി എം കാര്‍ഡുകള്‍ നഷ്ടപ്പെട്ടിട്ടില്ലെന്നും അവയുടെ കാര്യക്ഷമത പരിശോധിച്ച് ഉറപ്പു വരുത്താനും ഉപഭോക്താക്കള്‍ക്ക് സന്ദേശം അയച്ചതായും അവര്‍ അറിയിച്ചു.
പ്രവാസികളില്‍ വലിയൊരു ശതമാനം പേരും എ ടി എം കാര്‍ഡുകള്‍ ഉപയോഗിക്കുന്നുണ്ട്. നാട്ടിലെ ഉപയോഗത്തിനായി എ ടി എം കാര്‍ഡുകള്‍ കൊടുത്തേല്‍പ്പിച്ചു പോന്നവരും നിരവധി. തട്ടിപ്പു വാര്‍ത്തകള്‍ ഓരോ ദിവസവും പുറത്തു വരുന്നതാണ് പ്രവാസികള്‍ക്കിടയില്‍ ഭീതി പടരാന്‍ കാരണമാകുന്നത്. കസ്റ്റമര്‍ കെയര്‍ നമ്പറുകളില്‍ ഇതു സംബന്ധിച്ച് നിരവധി അന്വേഷണങ്ങള്‍ വരുന്നതായി ബേങ്ക് വൃത്തങ്ങള്‍ അറിയിച്ചു. സ്വന്തം അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കപ്പെട്ടിട്ടുണ്ടോ, കാര്‍ഡ് ബ്ലോക്ക് ചെയ്തിട്ടുണ്ടോ തുടങ്ങിയ വിവരങ്ങള്‍ കസ്റ്റമര്‍ കെയര്‍ നമ്പറില്‍ വിളിച്ചാല്‍ അറിയാന്‍ കഴിയും. ഇതിനകം ബ്ലോക്ക് ചെയ്യപ്പെട്ട എ ടി എം കാര്‍ഡുകളില്‍ പ്രവാസികളുടെതും ഉണ്ടാകുമെന്ന് ബേങ്ക് പ്രതിനിധികള്‍ പറയുന്നു. ഓരോരുത്തരും അന്വേഷിക്കുമ്പോള്‍ മാത്രമാണ് വിവരം അറിയുന്നത്.
ഒരാഴ്ച മുമ്പു തന്നെ ഉപഭോക്തക്കള്‍ക്ക് മുന്നറിയിപ്പു സന്ദേശം അയച്ചിരുന്നതായി ഖത്വറിലെ ഫെഡറല്‍ ബേങ്ക് പ്രതിനിധി അരവിന്ദന്‍ കെ പറഞ്ഞു. ഖത്വറില്‍ ഫെഡറല്‍ ബേങ്കിന് എ ടി എം മെഷീനുകള്‍ ഇല്ല. മറ്റു ബേങ്കുകളുടെ മെഷീനുകളില്‍ ഉപയോഗിക്കുന്നത് വളരെ കുറവു മാത്രമാണ്. അതുകൊണ്ടു തന്നെ ഖത്വറില്‍ ഭീഷണിയില്ലെന്ന് മറ്റൊരു പ്രതിനിധി അനീഷ് ബാലകൃഷ്ണന്‍ നായര്‍ പറഞ്ഞു. നാട്ടില്‍ ഉപയോഗിക്കുന്നവര്‍ കാര്‍ഡുകളുടെ പ്രവര്‍ത്തനക്ഷമത പരിശോധിക്കാന്‍ നിര്‍ദേശിക്കണം. ഫെഡറല്‍ ബേങ്കിന്റെ എ ടി എം കാര്‍ഡുകള്‍ ഇതു വരെ ബ്ലോക്ക് ചെയ്തതായി വിവരമില്ലെന്നും അദ്ദേഹം പറഞ്ഞു.
എ ടി എം തട്ടിപ്പു വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ എന്‍ ആര്‍ ഐകള്‍ക്കായി പ്രത്യേക അറിയിപ്പുകള്‍ക്ക് നിര്‍ദേശമില്ലെന്നും എ ടി എം നമ്പറും അക്കൗണ്ട് വിവരങ്ങളും നല്‍കിയാല്‍ സ്റ്റാറ്റസ് അറിയിക്കുക മാത്രമാണ് ചെയ്യുന്നതെന്നും എസ് ബി ഐ ഖത്വര്‍ ടോള്‍ഫ്രീ കസ്റ്റമര്‍ കെയര്‍ പ്രതിനിധി പറഞ്ഞു. ആറു ലക്ഷം എസ് ബി ഐ. എ ടി എം കാര്‍ഡുകള്‍ ഭീഷണിയെത്തുടര്‍ന്ന് ഇതിനകം റദ്ദാക്കിയിട്ടുണ്ട്. ഖത്വര്‍ പ്രവാസികള്‍ക്ക് തങ്ങളുടെ കാര്‍ഡ് വിവരം 00800 100 157 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് അന്വേഷിക്കാം. ബ്ലോക്ക് ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ പുതിയ കാര്‍ഡിന് അപേക്ഷിക്കണം. സൗജന്യമായാണ് ബേങ്ക് കാര്‍ഡ് അനുവദിക്കുന്നത്.
ഇന്ത്യയില്‍ വിവിധ ബേങ്കുകളുടെ 30 ലക്ഷം എ ടി എം കാര്‍ഡുകള്‍ സുരക്ഷാ സുരക്ഷാ ഭീഷണി നേരിടുന്നതായാണ് വാര്‍ത്ത. ക്രെഡിറ്റ് കാര്‍ഡുകള്‍ക്കും ഭീഷണിയുണ്ട്. തട്ടിപ്പു സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതോടെ കാര്‍ഡ് നെറ്റ് വര്‍ക്ക് കമ്പനികളായ മാസ്റ്റര്‍ കാര്‍ഡ്, വിസ തുടങ്ങിയവയും മുന്‍കരുതല്‍ സ്വീകരിക്കുന്നുണ്ട്. പ്രാദേശികവും അന്തര്‍ദേശീയവുമായ ഏജന്‍സികളും ഡിപ്പാര്‍ട്ട്‌മെന്റുകളുമായി ബന്ധപ്പെട്ട് അന്വേഷണവും നടപടികളും സ്വീകരിച്ചു വരുന്നതായി മാസ്റ്റര്‍ കാര്‍ഡ് വക്താവ് പറഞ്ഞു. എസ് ബി ഐക്കു പുറമേ മറ്റു ബേങ്കുകളും തങ്ങളുടെ കാര്‍ഡുകളും അക്കൗണ്ടുകളും പരിശോധിച്ച് നടപടികള്‍ സ്വീകരിക്കുന്നുണ്ട്. കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യുന്നതിനും ബേങ്കുകള്‍ സന്നദ്ധമാകുന്നുണ്ട്. എന്നാല്‍ ഇക്കാര്യം പുറത്തുവിട്ടിട്ടില്ല.