Connect with us

Kerala

സൗജന്യമായി തേക്ക് നല്‍കണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടില്ല; ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് ഇപി ജയരാജന്‍

Published

|

Last Updated

തിരുവനന്തപുരം: സൗജന്യമായി തേക്ക് നല്‍കാന്‍ ആവശ്യപ്പെട്ട് കത്ത് നല്‍കിയെന്ന ആരോപണത്തില്‍ വീശദീരണവുമായി ഇപി ജരാജന്‍ രംഗത്ത്. ഇരിണാവ് ക്ഷേത്രം തന്റെ കുടുംബ ക്ഷേത്രമല്ല, ദേവസ്വത്തിന്റേതാണ്. ക്ഷേത്രം ഭാരവാഹികളുടെ കത്താണ് വനംവകുപ്പിന് കൈമാറിയെന്നും ജയരാജന്‍ പറഞ്ഞു.

സൗജന്യമായി തേക്ക് നല്‍കണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ഇപ്പോഴത്തെ ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും തന്നെ വ്യക്തിഹത്യ ചെയ്യാനള്ള ശ്രമമാണെന്നും ജയരാജന്‍ പറഞ്ഞു.

ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് വ്യവസായ മന്ത്രിസ്ഥാനം രാജിവെച്ചതിനു പിന്നാലെയാണ് ഇപി ജയരാജനെതിരെ വീണ്ടും ആരോപണമുയര്‍ന്നത്. സൗജന്യമായി തേക്ക് നല്‍കാന്‍ ആവശ്യപ്പെട്ട് മന്ത്രിയായിരിക്കെ വനംവകുപ്പിന് കത്തെഴുതിയെന്നാണ് ആരോപണം. ഇരിണാവ് ചുഴലി ഭഗവതി ക്ഷേത്രത്തിലെ കൊടിമരനിര്‍മാണത്തിനാണ് തേക്ക് ആവശ്യപ്പെട്ടത്. സൗജന്യമായി മരം നല്‍കാന്‍ നിയമം അനുവദിക്കാത്തതിനാല്‍ വനം വകുപ്പ് കത്ത് തള്ളുകയായിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം…
മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള അതിപുരാതനമായ കണ്ണൂര്‍ ഇരിണാവ് ശ്രീ ചുഴലി ഭഗവതി ക്ഷേത്ര പുനരുദ്ധാരണത്തിന് ആവശ്യമായ തേക്കിന്‍ തടി വനം വകുപ്പില്‍ നിന്നും സൗജന്യമായി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു പ്രസ്തുത ക്ഷേത്രം പുനരുദ്ധാരണ കമ്മിറ്റി ഭാരവാഹികള്‍ വനം വകുപ്പ് മന്ത്രിക്കു നല്‍കിയ നിവേദനത്തിന്റെ ഒരു പകര്‍പ്പ് എനിക്കും നല്‍കുകയുണ്ടായി. വരുമാനം കുറഞ്ഞ “ഡി” ഗ്രേഡില്‍പ്പെട്ട ക്ഷേത്രമായതിനാല്‍ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ക്ക് ആവശ്യമായ ഒരു കോടി രൂപ കണ്ടെത്താന്‍ ബുദ്ധിമുട്ടാണെന്നും ആയതിനാല്‍ തടി പണം കൊടുത്തു വാങ്ങാന്‍ ക്ഷേത്ര കമ്മിറ്റിക്കു നിര്‍വാഹമില്ല എന്നും കത്തില്‍ പരാമര്‍ശിച്ചിരുന്നു. പ്രസ്തുത നിവേദനം എന്റെ ലെറ്റര്‍ ഹെഡില്‍ വനം വകുപ്പ് മന്ത്രിക്ക് നല്കുകയാണുണ്ടായത്. ഇത്തരത്തില്‍ വ്യത്യസ്തമായ ആവശ്യങ്ങളുമായി ലഭിക്കുന്ന അപേക്ഷകള്‍ ബന്ധപ്പെട്ട മന്ത്രിമാര്‍ക്ക് സ്വന്തം ലെറ്റര്‍ ഹെഡില്‍ നല്‍കുകയെന്നതാണ് സാധാരണ നടപടി ക്രമം . നീതിപൂര്‍വകമായ ചുമതല നിറവേറ്റുക മാത്രമാണ് ഇക്കാര്യത്തില്‍ ചെയ്തത്. വലിയ തെറ്റുചെയ്തുവെന്ന തരത്തില്‍ ഇതുസംബന്ധിച്ഛ് ബോധപൂര്‍വം പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യക്തിഹത്യ നടത്തുവാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ജനപ്രതിനിധികള്‍ക് ജനങ്ങള്‍ നല്‍കുന്ന ന്യായമായ നിവേദനങ്ങള്‍ ബന്ധപ്പെട്ടവര്‍ക്ക് തുടര്‍ നടപടികള്‍ക്കായി നല്കാന്‍ പോലും കഴിയില്ല എന്ന സാഹചര്യം സംജാതമാകുന്ന മാധ്യമ പ്രവര്‍ത്തനം അപലപനീയമാണ്.

Latest