ഷോപ്പിംഗ് നടത്തി പണമടക്കാം, നോള്‍ കാര്‍ഡിലൂടെ

Posted on: October 20, 2016 2:05 pm | Last updated: October 24, 2016 at 8:10 pm

rtaദുബൈ: ദുബൈയിലെ ചില വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് ഉത്പന്നങ്ങള്‍ വാങ്ങി പണമടക്കാന്‍ ഇനി ആര്‍ ടി എ നോള്‍ കാര്‍ഡുകള്‍ ഉപയോഗിക്കാം. മധ്യപൗരസ്ത്യ മേഖലയിലേയും ആഫ്രിക്കയിലേയും പ്രമുഖ പേയ്‌മെന്റ് സൊലൂഷന്‍ പ്രൊവൈഡര്‍മാരായ നെറ്റ്‌വര്‍ക്ക് ഇന്റര്‍നാഷണലും റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റിയുമാണ് ഉപഭോക്താക്കള്‍ക്കായി പുതിയ സൗകര്യം ഏര്‍പെടുത്തിയിരിക്കുന്നത്. യാത്രക്കുപയോഗിക്കുന്ന മെര്‍കുറി കാര്‍ഡ് ഷോപ്പുകളിലെ ഇലക്‌ട്രോണിക് ഡിവൈസില്‍ സ്വേപ്പ് ചെയ്താണ് വാങ്ങിയ ഉത്പന്നങ്ങളുടെ ബില്‍ അടക്കേണ്ടത്. ദുബൈ സ്മാര്‍ട്‌സിറ്റി ഇനീഷ്യേറ്റീവിന്റെ ഭാഗമായാണ് നൂതന സ്മാര്‍ട് സംവിധാനം ആര്‍ ടി എ നടപ്പാക്കുന്നത്. അടുത്ത വര്‍ഷം മുതലാണ് സൗകര്യം നിലവില്‍ വരിക. ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കുന്ന ജൈറ്റക്‌സ് സാങ്കേതിക വാരത്തിനെത്തുന്നവര്‍ക്ക് വേള്‍ഡ് ട്രേഡ് സെന്റര്‍ മെട്രോസ്റ്റേഷനിലെ സൂം ഔട്‌ലെറ്റുകളില്‍ നിന്ന് പുതിയ സംവിധാനം പരീക്ഷിച്ചുനോക്കാനാകും. ആര്‍ ടി എയുടെ മൂന്നാമത്തെ പ്രധാന ലക്ഷ്യമായ ജനസംതൃപ്തി ഉയര്‍ത്തുന്നതിനായാണ് നെറ്റ്‌വര്‍ക്ക് ഇന്റര്‍നാഷണലുമായി കൈകോര്‍ത്തതെന്ന് ആര്‍ ടി എ കോര്‍പറേറ്റ് ടെക്‌നോളജി സപ്പോര്‍ട് സര്‍വീസ് സെക്ടര്‍ സി ഇ ഒ അബ്ദുല്ല അല്‍ മദനി പറഞ്ഞു. എമിറേറ്റിലെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും സന്തോഷവും സംതൃപ്തിയും പ്രദാനം ചെയ്യുക ആര്‍ ടി എയുടെ മുഖ്യലക്ഷ്യമാണ്. മെട്രോ സ്റ്റേഷനുകളിലുള്ള സൂം ഗ്രോസറികളില്‍ താമസിയാതെ നോള്‍കാര്‍ഡ് സ്വീകരിക്കപ്പെടും. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ കാഴ്ചപ്പാടിലൂടെ ദുബൈയെ ആഗോള സ്മാര്‍ട്‌സിറ്റിയാക്കി മാറ്റുന്ന സംരംഭത്തില്‍ ഘടകമാകാന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് നെറ്റ്‌വര്‍ക് ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് സി ഇ ഒ ഭൈരത് ത്രിവേദി പറഞ്ഞു. ലണ്ടനിലും ഹോങ്കോംഗിലും ഗതാഗതസേവനങ്ങള്‍ക്കുപയോഗിക്കുന്ന ഒയിസ്റ്റര്‍, ഒക്‌ടോപസ് കാര്‍ഡുകള്‍ ഷോപ്പിംഗ് അടക്കമുള്ള മറ്റു ഇടപാടുകള്‍ക്കും ഉപയോഗിക്കുന്നുണ്ട്. ഈ പട്ടികയിലേക്ക് ഇപ്പോള്‍ ദുബൈ കൂടി കടന്നുവന്നിരിക്കുകയാണ്.