മനുഷ്യത്വം സംബന്ധിച്ച പിണറായി വിജയന്റെ പ്രസ്താവന കാപട്യം: കെകെ രമ

Posted on: October 20, 2016 11:49 am | Last updated: October 20, 2016 at 2:02 pm
SHARE

14656245_1216439931749095_8245793144138823718_nഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം…….
”ക്രൗര്യം കൊണ്ട് ഒരാളെ ഇല്ലാതാക്കാന്‍ പറ്റും, തിരുത്താന്‍ പറ്റില്ല; അഭിപ്രായ വ്യത്യാസത്തിന്റെ പേരിലുള്ള കൊലപാതകം ന്യായീകരിക്കാനാകില്ല; എതിര്‍ക്കുന്നവര്‍ സത്യം മനസിലാക്കി നാളെ നമ്മോടൊപ്പം വരേണ്ട സഹോദരങ്ങളാണ് എന്ന ചിന്ത മനസിലുണ്ടാകണം, മനുഷ്യത്വമെന്ന മഹാഗുണത്തിന്റെ മഹത്വം മനസ്സില്‍ നിന്നു ചോര്‍ന്നുപോകാന്‍ ഒരു സാഹചര്യത്തിലും അനുവദിക്കില്ല എന്നു നിശ്ചയിക്കണം.”
മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്റെ ഇന്നലത്തെ വാക്കുകളാണിത്.
തരിമ്പും ആത്മനിന്ദ തോന്നാതെ ശ്രീ.പിണറായി വിജയന് എങ്ങിനെയാണ് ഇങ്ങിനെ സംസാരിക്കാന്‍ കഴിയുന്നതെന്നത് തീര്‍ച്ചയായും എന്നെ അത്ഭുതപ്പെടുത്തുന്നു. താങ്കളുടെ രാഷ്ട്രീയ നേതൃത്വത്തിന് മനുഷ്യത്വമെന്ന മഹാഗുണം കൈമോശം വന്നപ്പോള്‍ ജീവിതസഖാവിനെ തന്നെ നഷ്ടമായൊരാള്‍ക്ക്, ജീവിതത്തിന്റെ ആഹ്ലാദങ്ങള്‍ മുഴുവനും ബലികൊടുക്കേണ്ടി വന്നൊരാള്‍ക്ക്, താങ്കളുടെ ഇപ്പോഴത്തെ വാക്കുകളുടെ കൊടും കാപട്യത്തെ തീര്‍ച്ചയായും അവഗണിക്കാന്‍ കഴിയുന്നില്ല.
താങ്കള്‍ മേല്‍ചൊന്ന സൗമനസ്യങ്ങളൊക്കെയും നിഷേധിച്ച് ടിപി ചന്ദ്രശേഖരനെന്ന നിങ്ങളുടെയൊക്കെ പഴയൊരു സഖാവിന് അതിക്രൂരം വധശിക്ഷ വിധിക്കാന്‍ മാത്രം താങ്കളുടെ പാര്‍ട്ടി നേതൃത്വത്തെ പ്രേരിപ്പിച്ച കാരണമെന്തെന്ന് ആ പ്രസ്താവനയില്‍ വിശദീകരിച്ചു കണ്ടില്ല. ‘ക്രൗര്യം കൊണ്ട് ഒരാളെ ഇല്ലാതാക്കാം, തിരുത്താന്‍ കഴിയില്ലെ’ന്ന് താങ്കള്‍ ഇപ്പോള്‍ പറഞ്ഞ വാചകങ്ങള്‍ കുറച്ചുകൂടി കൃത്യമായി, ‘കൊല്ലാം പക്ഷെ തോല്‍പ്പിക്കാനാവില്ലെ’ന്ന് നാലരവര്‍ഷം മുമ്പ് എന്റെ പ്രിയ സഖാവിന്റെ വെട്ടേറ്റ്പിളര്‍ന്ന് ജീവനറ്റ ശരീരത്തിന് മുന്നില്‍ ഹൃദയം പൊട്ടി പറഞ്ഞിട്ടുണ്ട് ഞാന്‍. അന്ന് ‘കുലംകുത്തിയെന്നും കുലംകുത്തി തന്നെ’യെന്ന് ക്രൂരമായി പ്രതിവചിച്ച താങ്കളുടെ വാക്കുകള്‍ ഇപ്പോഴും കാതില്‍ മുഴങ്ങുന്നൊരാള്‍ക്ക് ഹൃദയമില്ലാത്ത പുതിയ പ്രസ്താവങ്ങള്‍ക്ക് മുന്നില്‍ മൗനിയാകാനാവുന്നില്ല.
ചന്ദ്രശേഖരനെ വെട്ടിപ്പിളര്‍ന്ന കൊടുംകുറ്റവാളികളെ സുഖവാസത്തിന് കണ്ണൂര്‍ ജയിലിലേക്ക് തിരികെയെത്തിക്കാന്‍ താങ്കളുടെ വകുപ്പില്‍ തന്നെ കാര്യങ്ങള്‍ ധൃതിയില്‍ നടന്നുകൊണ്ടിരിക്കുന്നുവെന്ന വാര്‍ത്ത പ്രക്ഷേപണം ചെയ്യപ്പെട്ട നാള്‍ തന്നെ താങ്കളുടെ കൊലപാതക രാഷ്ട്രീയ വിരുദ്ധ പ്രസ്താവനയും പുറത്തുവന്നത് ഒരു പക്ഷെ യാദൃശ്ചികമാവാം. ഇരുവാര്‍ത്തകള്‍ക്കും ഇടയിലിരിക്കുന്ന സാധാരണ മനുഷ്യര്‍ക്ക് ഭരണനേതൃത്വത്തിലിരിക്കുന്നവരുടെ വാക്കുകള്‍ ഇത്രമേല്‍ ഹൃദയരഹിതമെന്ന് ഭീതിയോടെ തന്നെ തിരിച്ചറിയേണ്ടി വരുന്നു..
തെരുവില്‍ വെട്ടിനുറുക്കി ഒടുക്കിയ നിരപരാധികളായ മനുഷ്യര്‍ക്ക് മേല്‍ അന്തഃസാരശൂന്യമായ ഈ വാക്കുകള്‍ ചൊരിയുന്നത് നിന്ദയല്ലാതെ മറ്റെന്താണ്?! ആത്മാവില്ലാതെ വിലകെട്ടുപോയ വാക്കുകള്‍ക്ക് മുന്നില്‍ തെരുവിലെ ചോര തീര്‍ച്ചയായും ചോദ്യങ്ങളായി നിവര്‍ന്നു നില്‍ക്കുക തന്നെ ചെയ്യും..

LEAVE A REPLY

Please enter your comment!
Please enter your name here