ലോകത്ത് അഞ്ചാം സ്ഥാനം: സഹാനുഭൂതിയില്‍ യു എ ഇക്കാര്‍ മുന്നില്‍

Posted on: October 19, 2016 4:04 pm | Last updated: October 19, 2016 at 4:04 pm

uuaദുബൈ : മറ്റുള്ളവരുടെ സങ്കടങ്ങളും പ്രയാസങ്ങളും ദുരിതങ്ങളും മനസ്സിലാക്കി വേണ്ട വിധം അവരെ സഹായിക്കുന്നതില്‍ യു എ ഇക്കാര്‍ മുന്നില്‍. ജേണല്‍ ഓഫ് ക്രോസ് കള്‍ചറല്‍ സൈക്കോളജി നടത്തിയ സര്‍വേയില്‍ സഹാനുഭൂതിയില്‍ ആഗോളതലത്തില്‍ യു എ ഇ അഞ്ചാം സ്ഥാനത്താണ്. 63 രാജ്യങ്ങളില്‍ നിന്നുള്ള 104,000 ആളുകള്‍ക്കിടയില്‍ നടത്തിയ ഓണ്‍ലൈന്‍ സര്‍വേയിലാണ് ഈ കണ്ടെത്തല്‍.
ഓരോ രാജ്യത്തെ ആളുകളുടെ കരുണയും മറ്റുള്ളവരെ അവര്‍ എങ്ങനെ സഹായിക്കുന്നുവെന്നുമുള്ള കാര്യങ്ങളാണ് സര്‍വേയില്‍ വിശകലനം ചെയ്തത്. ഇക്വഡോറാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ആദ്യപത്തില്‍ അറബ് മേഖലയില്‍ സഊദി അറേബ്യയും കുവൈത്തും ഉണ്ട്. സഊദിക്ക് രണ്ടാം സ്ഥാനത്തും കുവൈത്ത് പത്താമതുമാണ്. ഏറ്റവും കൂടുതല്‍ സഹാനുഭൂതി പ്രകടിപ്പിക്കുന്ന ലോകരാജ്യങ്ങളെ കണ്ടെത്തുന്നതിനുള്ള ആദ്യപഠനമാണിതെന്ന് മിഷിഗന്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ സൈക്കോളജി അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. വില്യം ചോപ്പിക് പറഞ്ഞു. യൂണിവേഴ്‌സിറ്റി ഓഫ് ചിക്കാഗോ, ഇന്ത്യാന യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ ജീവനക്കാരാണ് സര്‍വേക്ക് നേതൃത്വം നല്‍കിയത്. ജനങ്ങള്‍ക്കിടയില്‍ സഹാനുഭൂതി ഇപ്പോള്‍ കൂടുതലാണെന്നും എന്നാല്‍ അടുത്ത 20-50 വര്‍ഷങ്ങള്‍ക്കുള്ളില്‍ മാറ്റങ്ങള്‍ കണ്ടേക്കാമെന്നും അദ്ദേഹം പറഞ്ഞു.
പട്ടികയിലെ ആദ്യപത്തിലെ ഏഴ് രാജ്യങ്ങളും കിഴക്കന്‍ യൂറോപ്പില്‍ നിന്നാണ്. പെറു, ഡെന്മാര്‍ക്ക് എന്നിവയാണ് മൂന്നും നാലും സ്ഥാനത്ത്. കൊറിയ, അമേരിക്ക, തായ്‌വാന്‍, കോസ്റ്റാറിക്ക എന്നിവയാണ് ആറു മുതല്‍ ഒന്‍പത് വരെ സ്ഥാനങ്ങളില്‍. പട്ടികയില്‍ ഏറ്റവും അവസാനം യൂറോപ്യന്‍ രാജ്യമായ ലിത്വാനിയയാണ്.