താമസ-കുടിയേറ്റ വകുപ്പിന്റെ ‘സ്മാര്‍ട് ട്രാവല്‍’ സംവിധാനങ്ങള്‍ക്ക് മികച്ച പ്രതികരണം

Posted on: October 19, 2016 4:02 pm | Last updated: October 19, 2016 at 4:02 pm

smart-villageദുബൈ :ദുബൈ താമസ-കുടിയേറ്റ വകുപ്പ് (ജി ഡി ആര്‍ എഫ് എ) നടപ്പിലാക്കിയ ‘സ്മാര്‍ട് ട്രാവല്‍’ സംവിധാനങ്ങള്‍ക്ക് പൊതുജനങ്ങള്‍ക്കിടയില്‍ മികച്ച പ്രതികരണം. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഏര്‍പെടുത്തിയ സ്മാര്‍ട് ഗേറ്റ് സംവിധാനത്തിന് യു എ ഇ പൗരന്മാരും വിദേശികളും മികച്ച പ്രതികരണമാണ് രേഖപ്പെടുത്തിയതെന്ന് ജി ഡി ആര്‍ എഫ് എ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി. ജി ഡി ആര്‍ എഫ് എയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ ‘മനാഫിസ് ദുബൈ’യിലാണ് വകുപ്പ് മേധാവിയുടെ കുറിപ്പ്. ദുബൈ വിമാനത്താവളത്തിലെ ടെര്‍മിനല്‍ മൂന്നിലെ സ്മാര്‍ട് ഗേറ്റ് വഴി തങ്ങളുടെ എമിറേറ്റ്‌സ് ഐ ഡി ഉപയോഗിച്ച് സെക്കന്‍ഡുകള്‍കൊണ്ട് പാസ്‌പോര്‍ട് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാകും. ലോകത്തേറെ തിരക്കുള്ള വിമാനത്താവളങ്ങളിലൊന്നായ ദുബൈയിലെ ഈ സംവിധാനം ഇതിനോടകം ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. തങ്ങളുടെ ഭരണ നേതൃത്വത്തിന്റെ കാഴ്ചപ്പാടുകള്‍ക്കനുസരിച്ച് ദുബൈയിലെത്തുന്നവരുടെ യാത്രാനടപടിക്രമങ്ങള്‍ വേഗത്തിലും ലളിതവുമാക്കാനുള്ള ലക്ഷ്യത്തോടെയാണ് സ്മാര്‍ട് സംവിധാനങ്ങള്‍ ഏര്‍പെടുത്തിയതെന്ന് മേജര്‍ ജനറല്‍ അല്‍ മര്‍റി പറയുന്നു. ദുബൈ വിമാനത്താവളവും താമസ-കുടിയേറ്റ വകുപ്പും എമിറേറ്റ്‌സ് ഐഡി അതോറിറ്റിയും പരസ്പരം ബന്ധിപ്പിച്ചാണ് ഈ പ്രവര്‍ത്തനം. ദുബൈ വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ കാര്യക്ഷമമായി കൈകാര്യം ചെയ്യാന്‍ താമസ-കുടിയേറ്റ വകുപ്പിനായിട്ടുണ്ടെന്ന് ഉപ മേധാവി മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂറും തന്റെ ലേഖനത്തില്‍ പറയുന്നു. അടുത്ത 15 വര്‍ഷംകൊണ്ട് 1,700 കോടി ആഗോള യാത്രക്കാര്‍ ദുബൈയിലെത്തുമെന്നും ബിന്‍ സുറൂര്‍ വ്യക്തമാക്കുന്നു. 13 ലക്ഷത്തിലധികം യാത്രാനടപടിക്രമങ്ങളാണ് കഴിഞ്ഞ ഈദുല്‍ അദ്ഹ അവധി ദിനങ്ങളില്‍ ജി ഡി ആര്‍ എഫ് എ കൈകാര്യം ചെയ്തത്. 1,345,122 നടപടിക്രമങ്ങള്‍ നടത്തിയതായി മനാഫിസിന്റെ ഏറ്റവും പുതിയ ലക്കം പറയുന്നു. യാത്രാനടപടികള്‍ക്കായി കൂടുതല്‍ സ്വയം സേവന സാങ്കേതിക വിദ്യകളും ദുബൈ വിമാനത്താവളത്തിലുണ്ട്.