കൈക്കൂലി : പഞ്ചായത്ത് ജീവനക്കാരി പിടിയില്‍

Posted on: October 19, 2016 6:06 am | Last updated: October 19, 2016 at 1:07 am

പാലക്കാട്: കൈക്കൂലി വാങ്ങുന്നതിനിടെ രണ്ടായിരം രൂപയുമായി, പഞ്ചായത്ത് ജീവനക്കാരിയെ വിജിലന്‍സ് സംഘം പിടികൂടി. പെരുമാട്ടി പഞ്ചായത്തിലെ എസ് സി പ്രൊമോട്ടറായ, വിളയോടി മണിയുടെ ഭാര്യ, പ്രസന്നയെയാണ് കൈക്കൂലി വാങ്ങുന്നതിനിടയില്‍ പാലക്കാട് വിജിലന്‍സ് ഡി വൈ എസ്പി എം സുകുമാരന്റെ നേതൃത്വത്തിലുളള സംഘം പിടികൂടിയത്. ഇന്നലെയായിരുന്നു സംഭവം. വിളയോടി സ്വദേശി അയ്യപ്പന്റെ മകന്‍ മണി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. വീടുകെട്ടാന്‍ പഞ്ചായത്തുവഴി നല്‍കുന്ന വായ്പക്ക് ആവശ്യമായ രേഖകള്‍ കൈമാറണമെങ്കില്‍ മണിയോട് 2000 രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് കേസ്. െൈകക്കൂലി ആവശ്യപ്പെട്ട സംഭവം മണി വിജിലന്‍സിനെ അറിയിച്ചു. ഇതേ തുടര്‍ന്ന് വിജിലന്‍സ് ഫിനോഫത്‌ലിന്‍ പുരട്ടിയ 2000 രൂപ മണിക്ക് നല്‍കി.
അത് ഓഫീസിലെത്തി പ്രസന്നക്ക് കൈക്കൂലിയായി നല്‍കാന്‍ ആവശ്യപ്പെട്ടു. വിജിലന്‍സ് പറഞ്ഞത് പ്രകാരം ഇന്നലെ രാവിലെ പഞ്ചായത്തിലെത്തിയ മണി പ്രസന്നക്ക് പണം കൈമാറി. ഈ സമയം പഞ്ചായത്തിന് സമീപമുണ്ടായിരുന്ന വിജിലന്‍സ് സംഘം, ഓഫീസിലെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വിജിലന്‍സ് ഡി വൈ എസ് പിക്ക് പുറമെ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ പി സുമതി, പാലക്കാട് എന്‍ എച്ച് സെക്ഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ എ ബാബു, വിജിലന്‍സ് സിഐ കെ. കൃഷ്ണന്‍കുട്ടി, എ എസ് ഐമാരായ ജയശങ്കര്‍ തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.