നായ തൊട്ടാല്‍ മണ്ണിന് പകരം സോപ്പ് മതിയെന്ന് ചേളാരി വിഭാഗം പ്രഭാഷകന്‍

Posted on: October 19, 2016 1:06 am | Last updated: October 19, 2016 at 1:06 am

simsarതിരൂരങ്ങാടി: ചേളാരി വിഭാഗം പ്രഭാഷകന്റെ വിവാദ പരാമര്‍ശങ്ങളില്‍ അണികള്‍ക്കിടയില്‍ ഭിന്നത രൂക്ഷമാകുന്നു. ചേളാരി വിഭാഗം സുന്നികളുടെ പ്രമുഖ പ്രഭാഷകനായ സിംസാറുല്‍ഹഖ് ഹുദവിയാണ് ഇസ്‌ലാമികപ്രമാണ വിരുദ്ധമായ കാര്യങ്ങള്‍ നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്നത്. ഏറ്റവും അവസാനത്തേതായി ഇദ്ദേഹം പറഞ്ഞിട്ടുള്ള നായ തൊട്ടാല്‍ ശുദ്ധീകരിക്കേണ്ട രൂപമാണ് ചേളാരി വിഭാഗം അണികള്‍ക്കിടയില്‍ കടുത്ത ഭിന്നതക്കും മുറുമുറുപ്പിനും കാരണമാക്കിയിട്ടുള്ളത്. നായ കൊണ്ട് മലിനമായാല്‍ ഏഴ് തവണ കഴുകണമെന്നും ഒരുതവണ മണ്ണ് കലര്‍ത്തിയ വെള്ളം കൊണ്ടാവണമെന്നുമുള്ള ശാഫി മദ്ഹബിലെ നിയമത്തിനെതിരെയാണ് പ്രഭാഷകന്‍ രംഗത്ത് വന്നിട്ടുള്ളത്. മണ്ണ് കലര്‍ത്തിയ വെള്ളം എന്നതിന് സോപ്പോ അഴുക്ക് നീക്കികളയാന്‍ പറ്റുന്ന മറ്റ് വല്ലതോ ആയാലും മതിയാകുമെന്നാണ് ഇദ്ദേഹം പ്രഭാഷണത്തില്‍ പറയുന്നത്. ആധുനിക പണ്ഡിതന്മാരുടെ കണ്ടെത്തലാണിതെന്നും ഇദ്ദേഹം ന്യായീകരിക്കുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ പ്രഭാഷണം പ്രചരിക്കാന്‍ തുടങ്ങിയതോടെ ചേളാരി വിഭാഗം പ്രവര്‍ത്തകര്‍ക്കിടയില്‍ തന്നെ ശക്തമായ എതിര്‍പ്പുയര്‍ന്നിട്ടുണ്ട്.
ഇതിന് മുമ്പ് ഇദ്ദേഹം നടത്തിയ ഉള്ഹിയത്തി(ബലിദാനം)നെ കുറിച്ചുള്ള പരാമര്‍ശവും അറഫ നോമ്പ് ദിവസം മാറ്റുന്നതിനെ കുറിച്ചുള്ള പരാമര്‍ശവും വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. കഴിഞ്ഞ വര്‍ഷം മമ്പുറം ആണ്ട് നേര്‍ച്ചയോടനുബന്ധിച്ച് നടന്ന മതപ്രഭാഷണ പരിപാടിയില്‍ സ്ത്രീകള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെതിരെ രംഗത്ത് വന്നിരുന്നു. എന്നാല്‍ ഇത് വിവാദമാവുകയും മുസ്‌ലിം ലീഗ് രംഗത്ത് വരികയും ചെയ്തതോടെ പ്രഭാഷകന്‍ നിലപാട് മാറ്റുകയും ചെയ്തു.