Connect with us

Alappuzha

അനധികൃത നിയമനങ്ങളിലൂടെ ജോലി നേടിയവര്‍ സര്‍വീസില്‍ തുടരുന്നു

Published

|

Last Updated

ആലപ്പുഴ: ബന്ധുനിയമന വിവാദം കൊഴുക്കുമ്പോഴും എംപ്ലോയ്‌മെന്റുകളെ നോക്കുകുത്തിയാക്കി കഴിഞ്ഞ സര്‍ക്കാര്‍ നടത്തിയ അനധികൃത നിയമനങ്ങളിലൂടെ സര്‍വീസില്‍ കയറിപ്പറ്റിയ ആയിരക്കണക്കിനാളുകള്‍ ഇപ്പോഴും ജോലിയില്‍ തുടരുന്നു. ഇവരിലേറെയും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള യു ഡി എഫ് ഘടകകക്ഷികളിലെ പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കള്‍ പണം കൈപ്പറ്റി നിയമിച്ചവരുമാണ്. മുന്‍ മന്ത്രിമാരുടെയും യു ഡി എഫ് നേതാക്കളുടെയും ബന്ധുക്കളടക്കം ഇത്തരത്തില്‍ ജോലിയില്‍ തുടരുന്നവരിലുണ്ടെന്നാണ് വിവരം. പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, ബോര്‍ഡ്-കോര്‍പ്പറേഷനുകള്‍, വിവിധ ക്ഷേമനിധി ബോര്‍ഡുകള്‍, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുകള്‍ തുടങ്ങി ജില്ലാ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള വിവിധ സ്ഥാപനങ്ങളില്‍ വരെ ആയിരക്കണക്കിനാളുകളാണ് ഇത്തരത്തില്‍ അനധികൃതമായി നിയമിക്കപ്പെട്ടിട്ടുള്ളത്. പിന്‍വാതില്‍ നിയമനത്തിലൂടെ രാഷ്ട്രീയ പാര്‍ട്ടി അനുയായികളായ ആയിരക്കണക്കിനാളുകള്‍ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിയമിക്കപ്പെടുമ്പോള്‍, പതിറ്റാണ്ടുകളായി സര്‍ക്കാര്‍ ജോലി പ്രതീക്ഷിച്ചുകഴിയുന്ന ലക്ഷക്കണക്കിന് യുവാക്കളുടെ പ്രതീക്ഷ തകരുകയാണ്. എംപ്ലോയ്‌മെന്റുകളെ നോക്കുകുത്തികളാക്കിയുള്ള ഇത്തരം പിന്‍വാതില്‍ നിയമനങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ ഇതേവരെ ഒരു സര്‍ക്കാറും തയ്യാറായിട്ടില്ലെന്നതാണ് വസ്തുത. രാഷ്ട്രീയ പാര്‍ട്ടിക്കാരുടെ നോമിനികളായി ജോലിയില്‍ കയറിപ്പറ്റുന്നവര്‍, സര്‍ക്കാര്‍ മാറുന്ന മുറക്ക് പുറത്താക്കപ്പെടുകയും പുതിയ സര്‍ക്കാറിന്റെ നോമിനികള്‍ നിയമിക്കപ്പെടുകയുമാണ് പതിവ്. ചില സ്ഥാപനങ്ങളില്‍ താത്കാലിക ജോലിക്കാര്‍ക്ക് സ്ഥിരനിയമനവും നടക്കുന്നു. ഭരണ-പ്രതിപക്ഷ പാര്‍ട്ടികളുടെ ഒത്താശയോടെയാണ് ഇത്തരം സ്ഥിരം നിയമനങ്ങള്‍ നടക്കുന്നത്.മ ന്ത്രിമാരുടെ പേഴ്‌സനല്‍ സ്റ്റാഫ് അടക്കമുള്ള നിയമനങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍, പൊതുമേഖല, സഹകരണ മേഖല, ക്ഷേമനിധി ബോര്‍ഡുകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ താത്കാലിക ജീവനക്കാരുടെ നിയമനത്തിലും നിയന്ത്രണങ്ങള്‍ കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ്. പഴയ ജീവനക്കാര്‍ ഇപ്പോഴും സര്‍വീസില്‍ തുടരാന്‍ കാരണമായത് ഇക്കാരണത്താലാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പല പൊതുമേഖലാ സ്ഥാപനങ്ങളിലും യു ഡി എഫ് സര്‍ക്കാറിന്റെ നോമിനികള്‍ തന്നെ ഇപ്പോഴും സര്‍വീസില്‍ തുടരുകയാണ്. ചില മേഖലകളില്‍ മാത്രം യു ഡി എഫ് സര്‍ക്കാര്‍ നിയമിച്ച താത്കാലിക ജീവനക്കാര്‍ പിരിച്ചുവിടപ്പെട്ടിട്ടുണ്ടെങ്കിലും ബഹുഭൂരിപക്ഷം സ്ഥാപനങ്ങളിലും പഴയ ജീവനക്കാര്‍ തന്നെ തുടരുന്ന സ്ഥിതിയാണ്.
സര്‍ക്കാര്‍ സ്ഥാപനങ്ങളിലും മറ്റും ഉണ്ടാകുന്ന താത്കാലിക ഒഴിവുകള്‍ യഥാസമയം എംപ്ലോയ്‌മെന്റ് ഓഫീസുകളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും സംവരണ തത്വങ്ങള്‍ പാലിച്ച്, ഇത്തരം ഒഴിവുകള്‍ അവര്‍ മുഖേന നികത്തണമെന്നുമാണ് നിയമം.
എംപ്ലോയ്‌മെന്റ് വകുപ്പ് അറിയാതെ നടത്തുന്ന നിയമനങ്ങള്‍ തടയാനും അനധികൃത നിയമനങ്ങള്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കാനും 1960ലെ 11887/ജി ടി./3ഉത്തരവ് പ്രകാരം എംപ്ലോയ്‌മെന്റ് ഡയറക്ടര്‍ക്കും ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍മാര്‍ക്കും അധികാരമുണ്ട്. പക്ഷെ, നാളിത് വരെ സംസ്ഥാനത്തെ ഏതെങ്കിലും എംപ്ലോയ്‌മെന്റ് ഓഫീസര്‍ തങ്ങളുടെ ഈ അധികാരം ഉപയോഗിച്ചതായി കേട്ട് കേള്‍വി പോലുമില്ല. അത് കൊണ്ട് തന്നെ, പിന്‍വാതില്‍ നിയമനങ്ങളില്‍ സംവരണ തത്വം പോലും കാറ്റില്‍ പറത്തപ്പെടുകയും എംപ്ലോയ്‌മെന്റ് ഓഫീസുകളില്‍ തൊഴില്‍ രഹിതരുടെ പട്ടികയുടെ വലുപ്പം വര്‍ധിക്കുകയും ചെയ്യുന്നു. ബന്ധു നിയമന വിവാദത്തിലൂടെ മന്ത്രി സ്ഥാനം പോലും നഷ്ടപ്പെട്ട സാഹചര്യത്തില്‍, എംപ്ലോയ്‌മെന്റുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍രഹിതരായ യുവാക്കള്‍ ഏറെ പ്രതീക്ഷയിലാണ്. രാഷ്ട്രീയ പാര്‍ട്ടി നിയമനങ്ങള്‍ക്ക് അന്ത്യം കുറിച്ച് വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ പാര്‍ട്ട് ടൈം, താത്കാലിക നിയമനങ്ങള്‍ എംപ്ലോയ്‌മെന്റുകള്‍ മുഖേനയാക്കുമെന്ന പ്രതീക്ഷയിലാണ് അഭ്യസ്ത വിദ്യരായ തൊഴില്‍ രഹിതര്‍.