നാഷനല്‍ ജ്യോഗ്രഫിക് മാസികയുടെ 24 സവിശേഷ ഇടങ്ങളില്‍ കേരളവും

Posted on: October 19, 2016 6:24 am | Last updated: October 19, 2016 at 12:26 am

09_bigതിരുവനന്തപുരം: ദിവസത്തിലെ ഓരോ മണിക്കൂറും ചെലവഴിക്കാന്‍ നാഷനല്‍ ജ്യോഗ്രഫിക് മാസിക കണ്ടുപിടിച്ച ലോകത്തെ 24 സവിശേഷ പ്രദേശങ്ങളുടെ പട്ടികയില്‍ കേരളവും. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് കേരളത്തിനു മാത്രമാണ് ഈ ബഹുമതി. ന്യൂയോര്‍ക്ക്, പാരീസ്, ടോക്കിയോ തുടങ്ങിയ സ്ഥലങ്ങള്‍ക്കൊപ്പമാണ് കേരളത്തെ നാഷണല്‍ ജ്യോഗ്രാഫിക് മാസിക തിരഞ്ഞെടുത്തത്.
വിനോദ സഞ്ചാരത്തിന് ഏറ്റവും അനുയോജ്യമായ ലോകത്തിലെ സവിശേഷ ഇടങ്ങളെപ്പറ്റി മാസിക പ്രസിദ്ധീകരിച്ച ‘എറൗണ്ട് ദി വേള്‍ഡ് ഇന്‍ 24 അവേഴ്സ്’ (24 മണിക്കൂറിലെ ലോകസഞ്ചാരം) എന്ന ട്രാവല്‍ ഫോട്ടോ ഫീച്ചറിലാണ് കേരളത്തെക്കുറിച്ച് പരാമര്‍ശിക്കുന്നത്. ആലപ്പുഴയില്‍ എരമല്ലൂരിനുസമീപം വേമ്പനാട് കായലില്‍ സ്ഥിതി ചെയ്യുന്ന മനോഹരമായ കാക്കത്തുരുത്ത് എന്ന ദ്വീപാണ് കേരളത്തിന് ഈ അതുല്യസ്ഥാനം നേടിക്കൊടുത്തത്. കാക്കത്തുരുത്തിലെ സൂര്യാസ്തമയത്തെക്കുറിച്ച് ഫീച്ചറില്‍ പരാമര്‍ശമുണ്ട്.
നോര്‍വേയിലെ പ്രശസ്തമായ അറോറ ബോറിയാലിസില്‍ (ധ്രുവദീപ്തി) നിന്ന് തുടങ്ങുന്നതാണ് സചിത്ര പര്യടനം. ചില പ്രത്യേക ഇടങ്ങള്‍ക്ക് ലഭിക്കുന്ന അപൂര്‍വ ചാരുതയെയാണ് ഇത് വിഷയമാക്കിയിട്ടുള്ളത്. ഏഷ്യയില്‍നിന്ന് ചൈന, ടെല്‍അവീവ്, അബുദാബി, ടോക്കിയോ എന്നിവയും പട്ടികയിലുണ്ട്.
ആറ് മണിയോടെ കാക്കത്തുരുത്തില്‍നിന്ന് കാണുന്ന അസ്തമയത്തിന്റെ ദീപ്തസൗന്ദര്യമാണ് മാസികയെ ആകര്‍ഷിച്ചത്. അസ്തമയ ദൃശ്യങ്ങള്‍ക്കൊപ്പം കേരളത്തിലെ സന്ധ്യാവേളകളെപ്പറ്റിയുള്ള ലഘുവിവരണവുമുണ്ട്.
പഴയ കൊച്ചി തുറമുഖത്തു നിന്ന് ഏറെ അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന കാക്കത്തുരുത്തിലേക്ക് ചെറുവള്ളങ്ങളിലൂടെ മാത്രമേ എത്താന്‍ കഴിയൂ. വേമ്പനാട് കായലിനാല്‍ ചുറ്റപ്പെട്ട ഈ തുരുത്ത് പക്ഷിനിരീക്ഷകരുടെ ഇഷ്ട കേന്ദ്രം കൂടിയാണ്. കേരളത്തിലെ ഈ ചെറുദ്വീപ് വിനോദസഞ്ചാരികള്‍ക്കായി ശിപാര്‍ശ ചെയ്യപ്പെട്ടുവെന്നത് ആവേശകരമാണെന്നും കേരളത്തിന്റെ തീരങ്ങളിലേക്കെത്താന്‍ ലോകസഞ്ചാരികള്‍ക്ക് ഇത് പ്രചോദനമാകുമെന്നും ടൂറിസം ഡയറക്ടര്‍ യു വി ജോസ് പറഞ്ഞു. നിശ്ചിത സമയങ്ങളില്‍ കാണേണ്ടതായി നാറ്റ് ജിയോ തെരഞ്ഞെടുത്ത മറ്റു സ്ഥലങ്ങള്‍ ഇവയാണ്: രാവിലെ 7.00-സാന്‍ഫ്രാന്‍സിസ്‌കോ, 8.00-അബുദാബി, 10.00-ടാന്‍സാനിയ, 11.00-അര്‍ജന്റീന, 1.00-ചാള്‍സ്റ്റണ്‍ (അമേരിക്ക), 2.00-പോര്‍ട്ട്ലാന്‍ഡ് (അമേരിക്ക), 3.00-ന്യൂസിലാന്‍ഡ്, 4.00-ക്രൊയേഷ്യ, 5.00-ടോക്കിയോ, 7.00-ക്യൂബ, 8.00-ന്യൂയോര്‍ക്ക്, 9.00-ചൈന, 10.00 ബുഡാപെസ്റ്റ്(ഹംഗറി), 11. 00 മൊണാക്കോ(യൂറോപ്പ്), 12.00-നോര്‍വെ, വെളുപ്പിന് 1.00-വിമാനയാത്ര, 2.00-അറ്റക്കാമ മരുഭൂമി(ചിലി), 3.00-ടെല്‍ അവീവ്(ഇസ്‌റാഈല്‍), 4.00-ഉത്തര അയര്‍ലാന്‍ഡ്.