കാറില്‍ കറങ്ങി നടന്ന് റബര്‍ ഷീറ്റ് മോഷണം പതിവാക്കിയ രണ്ടംഗ സംഘം തിരുവമ്പാടി പോലീസിന്റെ പിടിയില്‍

Posted on: October 18, 2016 8:00 pm | Last updated: October 18, 2016 at 8:00 pm
മോഷ്ടിച്ച റബര്‍ഷീറ്റുമായി തിരുവമ്പാടി പോലീസ് പിടികൂടിയ ചന്ദ്രബോസ്, സുരേഷ്.
മോഷ്ടിച്ച റബര്‍ഷീറ്റുമായി തിരുവമ്പാടി പോലീസ് പിടികൂടിയ ചന്ദ്രബോസ്, സുരേഷ്.

താമരശ്ശേരി: കാറില്‍ കറങ്ങി നടന്ന് റബര്‍ ഷീറ്റ് മോഷണം പതിവാക്കിയ രണ്ടംഗ സംഘം തിരുവമ്പാടി പോലീസിന്റെ പിടിയില്‍. കട്ടിപ്പാറ ചമല്‍ വെണ്ടേക്കുഞ്ചാല്‍ നടുകുന്നുമ്മല്‍ സുരേഷ്(45), വെണ്ടേക്കുഞ്ചാലിലെ ഭാര്യ വീട്ടില്‍ താമസിക്കുന്ന ആലപ്പുഴ പള്ളിമുറി ചന്ദ്രബോസ്(38) എന്നിവരെയാണ് തിരുവമ്പാടി എസ് ഐ ശംഭുനാഥിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ചമലില്‍നിന്നും മോ്ടിച്ച 409 കിലോ റബര്‍ ഷീറ്റും മോഷണത്തിനുപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. നൈറ്റ് പെട്രോളിംഗിനിടെ തിരുവമ്പാടി പെട്രോള്‍ പമ്പിന് സമീപം സംശയാസ്പത സാഹചര്യത്തില്‍ കണ്ടെത്തിയ കെ എല്‍ 11 വൈ 638 നമ്പര്‍ കാറില്‍ റബര്‍ ഷീറ്റ് കണ്ടതിനെ തുടര്‍ന്ന് ഇവരെ ചോദ്യം ചെയ്യുകയായിരുന്നു. എടവണ്ണപ്പാറയില്‍ റബര്‍ തോട്ടമുണ്ടെന്നും അവിടെനിന്നും വില്‍ക്കാന്‍ എത്തിച്ചതാണെന്നുമായിരുന്നു മറുപടി. ഇതില്‍ സംശയം തോന്നിയ പോലീസ് ഇവരെ സ്‌റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് ചമല്‍ ഭാഗത്തുനിന്നും മോഷ്ടിച്ചതാണെന്ന് മൊഴി നല്‍കിയത്.
കട്ടിപ്പാറ, പുതുപ്പാടി മേഖലകളില്‍ നിന്നും റബര്‍ ഷീറ്റ് മോഷണം പതിവാക്കിയവരാണ് പിടിയിലായത്. എട്ടോളം സ്ഥലങ്ങളില്‍ മോഷണം നടത്തിയതായി ഇവര്‍ പോലീസിന് മൊഴി നല്‍കി. പകല്‍ സമയത്ത് കാറില്‍ കറങ്ങി നടന്ന് മോഷണം നടത്താനുള്ള സ്ഥലങ്ങള്‍ കണ്ടെത്തുകയും രാത്രിയില്‍ മോഷ്ടിക്കുകയുമാണ് പതിവ്. താമരശ്ശേരി, കോടഞ്ചേരി, തിരുവമ്പാടി എന്നിവിടങ്ങളിലാണ് റബര്‍ഷീറ്റ് വിറ്റഴിക്കുന്നത്. തിരുവമ്പാടിയിലെ കടയില്‍ വില്‍പ്പന നടത്താനായി എത്തിയപ്പോഴാണ് ഇവര്‍ പിടിയിലായത്. സി പി ഒ മാരായ ശൈലേന്ദ്രകുമാര്‍, നൗഫല്‍ എന്നിവരടങ്ങിയ സംഘമാണ് മോഷ്ടാക്കളെ പിടികൂടിയത്. താമരശ്ശേരി കോടതിയില്‍ ഹാജറാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു. തുടരന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാനും പോലീസ് ആലോചിക്കുന്നുണ്ട്.