ബന്ധുനിയമനങ്ങള്‍ സംബന്ധിച്ച ഫയലുകള്‍ പരസ്യപ്പെടുത്താന്‍ തയ്യാറുണ്ടോ എന്ന് സുധീരന്‍

Posted on: October 17, 2016 12:29 pm | Last updated: October 17, 2016 at 12:29 pm

SUDHEERANതിരുവനന്തപുരം: ബന്ധു നിയമനങ്ങള്‍ സംബന്ധിച്ച എല്ലാ ഫയലുകളും നിയമസഭയുടെ മേശപ്പുറത്തു വെക്കാന്‍ സര്‍ക്കാര്‍ തയ്യാറുണ്ടോ എന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. ബന്ധു നിയമനങ്ങള്‍ക്കെതിരേ കോണ്‍ഗ്രസ് സംഘടിപ്പിച്ച നിയമസഭാ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ പങ്കും അന്വേഷണ വിധേയമാക്കണം. എന്തെങ്കിലും പറഞ്ഞു ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് രക്ഷപെടാമെന്ന് മുഖ്യമന്ത്രി കരുതേണ്ട. വിജിലന്‍സ് ഡയറക്ടര്‍ തന്നെ ആരോപണങ്ങള്‍ നേരിടുമ്പോള്‍ ബന്ധുനിയമന വിവാദത്തില്‍ എങ്ങനെ നിഷ്പക്ഷമായ അന്വേഷണം നടക്കും. അതിനാല്‍ സംസ്ഥാനത്ത് കേസ് അന്വേഷണത്തിന് ഒരു സ്വതന്ത്ര വിജിലന്‍സ് കമ്മീഷനെ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മാധ്യപ്രവര്‍ത്തകരെ കോടതി മുറിക്കുള്ളില്‍ വച്ച് പോലും ആക്രമിക്കുന്ന സ്ഥിതിയാണ് സംസ്ഥാനത്തുള്ളത്. അക്രമികള്‍ക്ക് അഴിഞ്ഞാടാന്‍ സൗകര്യമൊരുക്കി കൊടുത്തശേഷം വെറുതെ വര്‍ത്തമാനം പറഞ്ഞിട്ട് കാര്യമില്ല. രാവിലെ മുതല്‍ മാധ്യമപ്രവര്‍ത്തകര്‍ കോടതിയില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപി ജയരാജനെതിരായ കേസ് പരിഗണിച്ചപ്പോള്‍ മാത്രമാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ ആക്രമണമുണ്ടായത്. സര്‍ക്കാര്‍ ശക്തമായ നടപടിയെടുത്താല്‍ കോടതികളിലെ അഭിഭാഷകരുടെ അക്രമങ്ങള്‍ തടയാന്‍ കഴിയുമെന്നും സുധീരന്‍ പറഞ്ഞു.