ബേപ്പൂര്‍ ഖാസി : പ്രതിസന്ധി ഘട്ടത്തില്‍ ആദര്‍ശം മുറുകെപ്പിടിച്ച നേതാവ്

Posted on: October 17, 2016 9:03 am | Last updated: October 17, 2016 at 9:03 am

qasiബേപ്പൂര്‍: പ്രാസ്ഥാനിക രംഗത്തും മതരംഗത്തും സാമൂഹിക രംഗത്തും ഒരുപോലെ നിറഞ്ഞു നിന്ന മഹത് വ്യക്തിത്വമായിരുന്നു ബേപ്പൂര്‍ ഖാസി പി ടി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍. എസ് വൈ എസ് രൂപവത്കരത്തിന്റെ ആദ്യകാലങ്ങളില്‍ മര്‍കസു സഖാഫത്തി സുന്നിയ്യക്കും പ്രസ്ഥാനത്തിനും കാന്തപുരം ഉസ്താദിനോടൊപ്പം വിഷമതകള്‍ നിറഞ്ഞ പ്രവര്‍ത്തന മേഖലകളില്‍ താങ്ങും തണലുമായി നിന്നവരില്‍ ഒരാളായിരുന്നു ഖാസി.
സമസ്ത പിളര്‍പ്പ് കാലത്തെ പ്രതിസന്ധി ഘട്ടത്തില്‍ സത്യത്തിന്റെ കൂടെ അടിയുറച്ച് യഥാര്‍ഥ ആദര്‍ശം മുറുകെ പിടിച്ച് പ്രസ്ഥാനത്തോടൊപ്പം നിന്ന നേതാവായിരുന്നു അദ്ദേഹം. തന്റെ യുവത്വത്തില്‍ തന്നെയാണ് ബേപ്പൂര്‍ ഖാസിയായി സ്ഥാനമേല്‍ക്കുന്നത്. 1969ല്‍ ബേപ്പൂരിലെ ഒമ്പതാമത് ഖാസിയായാണ് അവരോധിതനാകുന്നത്.
1969 ഒക്ടോബര്‍ 26ന് (1389 ശഹബാന്‍ 14) സയ്യിദ് അബ്ദുറഹിമാന്‍ ബാഖഫി തങ്ങളുടെ നേതൃത്വത്തിലാണ് ബേപ്പൂര്‍ ഖാസിയായി ഔദ്യോഗിക പ്രഖ്യാപനം. സ്വദേശത്ത് നിന്ന് പ്രാഥമിക വിദ്യാഭ്യസം നേടിയ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ കോഴിക്കോട് മൂദാക്കര, ചാലിയം, കായംകുളം ഹസനിയാ അറബിക് കോളജ്, വളപട്ടണം ജുമുഅത്ത് പള്ളി, പയ്യോളി, പടന്ന ബി എസ് എ, അഴീക്കോട് എന്നിവിടങ്ങളില്‍ നിന്നാണ് ഉപരിപഠനം പൂര്‍ത്തിയാക്കിയത്. പിതാവ് മുഹമ്മദ് കോയ മുസ്‌ലിയാര്‍, ബിച്ചിക്കോയ ഹാജി, ചാലിയം അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, കെ കെ അബുബക്കര്‍ ഹസ്‌റത്ത് എന്നിവരാണ് പ്രധാന ഗുരുനാഥന്‍മാര്‍. നിലവില്‍ ബേപ്പൂരിലേയും തെട്ടടുത്തായുള്ള പതിനെട്ടോളം മഹല്ലുകളിലെയും ഖാസിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.
കുവൈത്ത്, ഇറാഖ്, സിറിയ, ലബനാന്‍, ജോര്‍ദ്ദാന്‍, സഊദീ അറേബ്യ, ഒമാന്‍, യു എ ഇ തുടങ്ങിയ രാജ്യങ്ങള്‍ പഠന ഗവേഷണങ്ങളുടെ ഭാഗമായി സന്ദര്‍ശിച്ചിട്ടുണ്ട്.
പിതാവായ മുന്‍ ഖാസി മുഹമ്മദ് മുസ്‌ലിയാരുടെ നിര്യാണത്തിനു ശേഷം പകരക്കാരനെ ബേപ്പൂരില്‍ തിരഞ്ഞെടുക്കുന്നതിന് പ്രശ്‌നങ്ങളൊന്നും നേരിടാതെയാണ് മകന്‍ ഖാസി സ്ഥാനത്തേക്ക് എത്തുന്നത്. 200 വര്‍ഷത്തിലധികം പഴക്കമുള്ള പ്രമുഖ പള്ളിയായ ബേപ്പൂരിലെ വലിയ ജുമുഅത്ത് പള്ളിയായിരുന്നു ഖാസിയായതിന് ശേഷമുള്ള പ്രധാന പ്രവര്‍ത്തന മേഖല. അന്ന് മലബാറിലെ ഏറ്റവും പ്രായം കുറഞ്ഞ ഖാസിയായിരുന്നു.
മാസപ്പിറവിയുമായി ബന്ധപ്പെട്ട് 1997ല്‍ എതിരാളികളുടെ കരുനീക്കങ്ങളില്‍ പതറാതെ ശക്തമായ നിലപാടുകളില്‍ ഉറച്ച് നിന്ന് പ്രസ്ഥാനത്തെ നയിച്ച നേതാക്കളിലൊരാളുകൂടിയായിരുന്നു പി ടി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍.