വിജിലന്‍സിനെ ഉടച്ചു വാര്‍ക്കണം

Posted on: October 16, 2016 6:00 am | Last updated: October 15, 2016 at 11:29 pm

വിജിലന്‍സ് സംവിധാനം കാര്യക്ഷമമാക്കണമെന്ന് വി എസ് അച്യുതാന്ദന്റെ നേതൃത്വത്തിലുള്ള ഭരണ പരിഷ്‌കാര കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നു. ശക്തമായ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ വിജിലന്‍സിനെ സ്വതന്ത്ര അന്വേഷണ ഏജന്‍സിയാക്കുന്നതിനെക്കുറിച്ചു ആലോചിക്കണമെന്നും വെള്ളിയാഴ്ച ചേര്‍ന്ന കമ്മീഷന്റെ പ്രഥമ യോഗം നിര്‍ദേശിക്കുകയുണ്ടായി. പൊതുപണം കൈകാര്യം ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളിലും ആഭ്യന്തര വിജിലന്‍സ് സംവിധാനം, വിജിലന്‍സിലേക്ക് ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നതിന് നിയമപരമായ സ്‌ക്രീനിംഗ് കമ്മിറ്റി, പരിശീലനവും ബോധവത്കരണവും നടത്താവുന്ന വിധത്തില്‍ രൂപകല്‍പ്പന ചെയ്യപ്പെടുന്ന വിജിലന്‍സ് അക്കാദമി തുടങ്ങിയവയാണ് വിജിലന്‍സിനെ കാര്യക്ഷമമാക്കുന്നതിന് കമ്മീഷന്‍ മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍.
സംസ്ഥാന വിജിലന്‍സിനെ ഉടച്ചു വാര്‍ക്കേണ്ടതിന്റെ അനിവാര്യത കഴിഞ്ഞ ജൂണില്‍ ഹൈക്കോടതിയും ഊന്നിപ്പറഞ്ഞതാണ്. വിജിലന്‍സ് പരിഷ്‌കരണത്തിന് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കോടതി അന്ന് മുതിര്‍ന്ന അഭിഭാഷകരായ പി ബി കൃഷ്ണ, കെ ജയകുമാര്‍ എന്നിവരടങ്ങുന്ന രണ്ടംഗ അമിക്കസ് ക്യൂറിയെ നിയോഗിക്കുകയും ചെയ്തിരുന്നു. വിജിലന്‍സിന് ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയാത്തതിനാല്‍ സാധാരണക്കാര്‍ക്ക് നീതി ലഭിക്കുന്നില്ലെന്നും പല അന്വേഷണങ്ങളും ശരിയായ രീതിയിലല്ല നടക്കുന്നതെന്നും വിലയിരുത്തിയ കോടതി വിജിലന്‍സിനെ സി ബി ഐ മാതൃകയില്‍ സ്വതന്ത്രമാക്കണമെന്നും നിര്‍ദേശിക്കുകയുണ്ടായി. വിജിലന്‍സ് വകുപ്പില്‍ ഇപ്പോള്‍ പിന്തുടരുന്ന നടപടിക്രമങ്ങള്‍ക്ക് നിയമത്തിന്റെ പിന്‍ബലമില്ല. അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം തടയുന്ന തരത്തിലുള്ള നടപടിക്രമത്തില്‍ മാറ്റം വരുത്തേണ്ടത് അനിവാര്യമാണെന്നും 2011 ജനുവരി 25ന് വികലാംഗ ക്ഷേമ കോര്‍പറേഷന്‍ മുന്‍ എം ഡി ആന്റണി കോര്‍ഡോസയുമായി ബന്ധപ്പെട്ട കേസിലും ഹൈക്കോടതി ചൂണ്ടിക്കാണിച്ചിരുന്നു.
നിലവിലുളള വിജിലന്‍സ് സംവിധാനം അടിമുടി മാറ്റണമെന്ന നിലപാടിലാണ് നിലവിലെ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസും. ഇക്കാര്യമാവശ്യപ്പെട്ട് അദ്ദേഹം കഴിഞ്ഞ ദിവസം ആഭ്യന്തരസെക്രട്ടറി നളിനി നെറ്റോക്ക് കത്ത് നല്‍കിയിരുന്നു. വിജിലന്‍സ് ഓഫീസുകളോട് ചേര്‍ന്ന് ലോക്കപ്പുകള്‍, പ്രതികളെ അറസ്റ്റ് ചെയ്യാനും ചോദ്യം ചെയ്യാനും വിജിലന്‍സിന് പ്രത്യേക സംവിധാനം തുടങ്ങിയ നിര്‍ദേശങ്ങളും അദ്ദേഹം മുന്നോട്ട് വെച്ചിട്ടുണ്ട്. നിലവിലുള്ള സംവിധാനത്തില്‍ അഴിമതിക്കെതിരെ ഫലപ്രദമായ നടപടി സ്വീകരിക്കാനാകില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
സംസ്ഥാന നിയമസഭയുടെ അംഗീകാരം നേടാതെ വെറുമൊരു ഉത്തരവിലൂടെയാണ് 1967ല്‍ സംസ്ഥാന സര്‍ക്കാര്‍ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോക്ക് രൂപം നല്‍കിയത്. സംസ്ഥാനങ്ങള്‍ക്ക് ക്രിമിനല്‍ വിചാരണ നിയമങ്ങള്‍ പാസ്സാക്കി എടുക്കാനുള്ള ഭരണഘടനാപരമായ അധികാരമുണ്ട്. എന്നാല്‍, നിയമം നിയമസഭയില്‍ അവതരിപ്പിക്കുകയും പാസ്സാക്കി എടുക്കുകയും വേണം. ഇതൊന്നും വിജിലന്‍സിന്റെ രൂപവത്കരണത്തിലുണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ ഈ അന്വേഷണ ഏജന്‍സിയുടെ നിയമ സാധുത പലപ്പോഴും കോടതികളില്‍ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല വിജിലന്‍സ് സംസ്ഥാന സര്‍ക്കാറിന് പൂര്‍ണമായും നിയന്ത്രിക്കാന്‍ കഴിയുന്ന ഒരു സ്ഥാപനമാണ്. ഇതിന്റെ ദൂഷ്യഫലം ബാര്‍ കോഴക്കേസിലും മറ്റും അനുഭവപ്പെടുകയുമുണ്ടായി. അന്വേഷണ ഏജന്‍സികളെയും കോടതികളെയും സര്‍ക്കാര്‍ ഇടപെടലുകള്‍ക്ക് സാധ്യമാകാത്ത വിധം സ്വതന്ത്രമാക്കിയെങ്കില്‍ മാത്രമേ അന്വേഷണങ്ങളും കോടതി നടപടികളും കാര്യക്ഷമമാവുകയുള്ളു.
കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ രാജ്യത്ത് ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. മാത്രമല്ല, കുറ്റകൃത്യങ്ങള്‍ തടയാന്‍ ബാധ്യതപ്പെട്ട പോലീസില്‍ തന്നെ നല്ലൊരു ശതമാനം പേര്‍ ക്രിമിനലുകളാണെന്ന് ഇതിനിടെ വെളിവാക്കപ്പെടുകയുണ്ടായി. കുറ്റമറ്റ വിജിലന്‍സ് സംവിധാനമാണ് ഇതിന് പരിഹാരം. ഭരണ തലപ്പത്തുള്ളവര്‍ക്ക് വേണ്ടപ്പെട്ടവരെയോ അവര്‍ക്ക് വിധേയത്വം കാണിക്കുന്നവരെയോ ആണ് പലപ്പോഴും വിജിലന്‍സ് പോലെയുള്ള ഏജന്‍സികളുടെ തലപ്പത്ത് പ്രതിഷ്ഠിക്കപ്പെടുന്നത്. അഴിമതി നടത്തുന്ന മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും സംരക്ഷിക്കുന്ന ചുമതലയാണ് ഇതുമൂലം വിജിലന്‍സില്‍ അര്‍പ്പിതമാകുന്നത്. ബാര്‍ കോഴക്കേസില്‍ ഒരു ഉന്നതനെ രക്ഷിക്കാന്‍ അന്വേഷണോദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ മറച്ചു വെച്ച സംഭവമുണ്ടായി. കോടതി ഇടപെട്ടാണ് ആ റിപ്പോര്‍ട്ട് പുറത്തു കൊണ്ടുവന്നത്. അന്വേഷണ നടപടികളിലും റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിലുമെല്ലാം വിജിലന്‍സ് നടത്തുന്ന ഇത്തരം ഇടപെടലുകള്‍ പൊതുജനങ്ങളില്‍ വിജിലന്‍സിന്റെ വിശ്വാസ്യത നഷ്ടമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഭരണ പരിഷ്‌കാര സമിതി ശിപാര്‍ശ ചെയ്തത് പോലെ സംസ്ഥാന വിജിലന്‍സിനെ ഉടച്ചു വാര്‍ക്കുകയും സ്വതന്ത്രാധികാരമുള്ള അന്വേഷണ ഏജന്‍സിയാക്കുകയും ചെയ്യുന്ന കാര്യം സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കേണ്ടതുണ്ട്.

ALSO READ  ക്രൂരത അരുത്, കാട്ടുമൃഗങ്ങളോടും