റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും ലൈംഗികാരോപണം

Posted on: October 15, 2016 9:28 am | Last updated: October 15, 2016 at 12:07 pm

donald-trump-afp_650x400_61476497855വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സ്ഥാനാര്‍ഥി സംവാദങ്ങള്‍ നടക്കുന്നതിനിടെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെതിരെ ലൈംഗികാരോപണവുമായി കൂടുതല്‍പേര്‍ രംഗത്ത്. മുന്‍ അപ്രന്റൈസ് കണ്ടസ്റ്റന്റ് സമ്മര്‍ സെര്‍വോസ്, വ്യവസായി ക്രിസ്റ്റിന്‍ ആന്‍ഡേഴ്‌സണ്‍ എന്നിവരാണ് പുതുതായി ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.

തന്നെ ഒരു ഹോട്ടലില്‍ വച്ച് ട്രംപ് കയറിപ്പിടിക്കുകയായിരുന്നുവെന്നും താന്‍ എതിര്‍ത്തിട്ടും ട്രംപ് തന്നെ കീഴ്‌പെടുത്താന്‍ ശ്രമം നടത്തിയെന്നുമാണ് സമ്മര്‍ സെര്‍വോസ് വ്യക്തമാക്കിയത്.

ജോലി സാധ്യതകളെക്കുറിച്ച് ചര്‍ച്ച ചെയ്യാനെന്ന പേരില്‍ വിളിച്ചു വരുത്തിയതിനു ശേഷമാണ് ട്രംപ് തന്നെ അപമാനിക്കാന്‍ ശ്രമിച്ചതെന്നും അവര്‍ പറഞ്ഞു. 2007ലാണ് സംഭവം. ബെവര്‍ലി ഹോട്ടലില്‍ എത്തിയ തന്നെ സ്വീകരിച്ച ശേഷം തന്റെ ചുമലില്‍ കടന്നു പിടിക്കുകയും ചുംബിക്കുകയുമായിരുന്നുവെന്നാണ് സമ്മര്‍ സെര്‍വോസ് വ്യക്തമാക്കിയത്. സംവാദങ്ങള്‍ക്കിടെ ട്രംപ് മാന്യന്‍ ചമയന്നതു കണ്ടപ്പോഴാണ്, തനിക്കുണ്ടായ ദുരനുഭവം ലോകത്തെ അറിയിക്കണമെന്ന് തോന്നിയതെന്നും അവര്‍ പറഞ്ഞു.

1990ല്‍ ട്രംപ് തന്നെ ലൈംഗികമായി അപമാനിക്കാന്‍ ശ്രമിച്ചുവെന്നാണ് വ്യവസായി ക്രിസ്റ്റിന്‍ ആന്‍ഡേഴ്‌സണ്‍ വ്യക്തമാക്കി. 46 വയസുകാരിയായ ക്രിസ്റ്റിന്‍ ആന്‍ഡേഴ്‌സണ്‍, ട്രംപ് തന്നെ മാന്‍ഹാട്ടണില്‍ ഒരു ഹോട്ടലി വച്ചാണ് അപമാനിക്കാന്‍ ശ്രമിച്ചതെന്നും, ഒരു ഹോട്ടലില്‍ ജോലി ചെയ്തിരുന്ന താന്‍ ട്രംപിനെ കണ്ടപ്പോള്‍ ശ്രദ്ധിച്ചുവെന്നും പക്ഷേ, ട്രംപ് അപ്രതീക്ഷിതമായി ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്നും ക്രിസ്റ്റിന്‍ ആന്‍ഡേഴ്‌സണ്‍ പറഞ്ഞു.

നേരത്തെ ട്രംപിനെതിരെ ഇതേ ആരോപമങ്ങളുമായി നാലു സ്ത്രീകള്‍ രംഗത്തെതിയിരുന്നു. ഇതില്‍ രണ്ടു പേരുടെ ആരോപണങ്ങള്‍ തള്ളിയ ട്രംപ് മറ്റു രണ്ടു പേരുടെ ആരോപണങ്ങളെക്കുറിച്ച് പ്രതികരിച്ചിരുന്നില്ല.