തിരുവനന്തപുരം: പാര്‍ട്ടിയിലും സര്‍ക്കാറിലും മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനായിരുന്നു ഇപി ജയരാജന്‍. ആരേയും കൂസാത്ത പ്രകൃതം, കാര്‍ക്കശ്യമുള്ള നിലപാടുകള്‍, ആരോടും വെട്ടിത്തുറന്ന് കാര്യങ്ങള്‍ പറയുന്ന ആള്‍ തുടങ്ങിയവയാണ് ഇപി ജയരാജന്റെ സവിശേഷതകള്‍. അതുകൊണ്ട് തന്നെ എന്നും വിവാദങ്ങളുടെ തോഴനായിരുന്നു ജയരാജന്‍.
ഡിവൈഎഫ്‌ഐയുടെ പ്രഥമ അഖിലേന്ത്യാ പ്രസിഡന്റായിരുന്നു ഇപി ജയരാജന്‍. അവിടെ നിന്ന് നേരിട്ട് വന്നത് സംസ്ഥാന രാഷ്ട്രീയത്തിലേക്ക്. കര്‍ഷക സംഘം സംസ്ഥാന പ്രസിഡന്റ്, ദേശാഭിമാനി ജനറല്‍ മാനേജര്‍, കണ്ണൂര്‍ ജില്ലാ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു. 1987ല്‍ അഴീക്കോട് മണ്ഡലത്തില്‍ എംവി രാഘവനോട് മത്സരിച്ച് തോറ്റ ജയരാജന്‍ 1991ല്‍ അഴീക്കോട് നിന്ന് തന്നെ ജയിച്ച് നിയമസഭയിലെത്തി.
മികച്ച നിയമസഭാ സാമാജികനെന്ന നിലയില്‍ പേരെടുത്ത വ്യക്തിയാണ് ഇപി ജയരാജന്‍. 1987ല്‍ എംവി രാഘവനോട് തോറ്റ ശേഷം ഇപി ജയരാജന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. കണ്ണൂര്‍ ജില്ലയിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തോടെയാണ് ഇത്തവണ ഇപി മട്ടന്നൂരില്‍ ജയിച്ചത്. സംസ്ഥാനത്ത് രണ്ടാമത്തെ ഉയര്‍ന്ന ഭൂരിപക്ഷവുമാണിത്.
പാര്‍ട്ടിയുടെ അടിത്തട്ടില്‍ നിന്ന് ഉയര്‍ന്നു വന്ന നേതാവായ ഇപി ജയരാജന്‍ ജയില്‍വാസവും അനുഭവിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് കുടിയാന്‍മല രക്തസാക്ഷി അനുസ്മരണത്തില്‍ പ്രസംഗിച്ചതിന്റെ പേരില്‍ ആറുമാസം തടവിന് ശിക്ഷിക്കപ്പെട്ടു. 1971ല്‍ നടന്ന ട്രാന്‍സ്‌പോര്‍ട്ട് തൊഴിലാളി സമരത്തിന് നേതൃത്വം നല്‍കിയതിന്റെ പേരിലും ജയരാജന്‍ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. 1995ല്‍ പതിനഞ്ചാം പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ മടങ്ങവേ ആന്ധ്രയില്‍ വെച്ച് വാടക കൊലയാളികളുടെ വെടിയേറ്റ ജയരാജന്റെ കഴുത്തില്‍ ഇപ്പോഴും വെടിയുണ്ടയുണ്ട്.
പരേതനായ ബിഎം കൃഷ്ണന്‍ നമ്പ്യാരുടേയും ഇപി പാര്‍വതിയമ്മയുടേയും അഞ്ച് ആണ്‍മക്കളില്‍ ഇളയവനാണ് ഇപി ജയരാജന്‍. മൂന്ന് സഹോദരിമാരുമുണ്ട്. ജില്ലാ സഹകരണബാങ്ക് മരങ്ങാട്ടുപറമ്പ് ശാഖയില്‍ സീനിയര്‍ മാനേജറായ പികെ ഇന്ദിരയാണ് ഭാര്യ. ജെയ്‌സണ്‍, ജിജിന്‍ രാജ് എന്നിവര്‍ മക്കളാണ്.