Connect with us

Idukki

ഹര്‍ത്താല്‍: ലേബര്‍ ഓഫീസ് തകര്‍ത്തു; തൊടുപുഴയില്‍ സംഘര്‍ഷം

Published

|

Last Updated

തൊടുപുഴ:ഹര്‍ത്താലിന്റെ മറവില്‍ ഇടുക്കി ലേബര്‍ ഓഫീസ് അടിച്ചു തകര്‍ത്ത ആര്‍ എസ് എസ് നേതാവിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചതിനെ തുടര്‍ന്ന് തൊടുപുഴയില്‍ സംഘര്‍ഷാവസ്ഥ. ആര്‍ എസ് എസ് ജില്ലാ സേവക് പ്രമുഖ് എം കെ രാജേന്ദ്രനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പൊതുമുതല്‍ നശീകരണ നിയമപ്രകാരം കേസെടുത്തയാളെ വിട്ടുതരാനാകില്ലെന്ന് പോലീസ് കര്‍ശന നിലപാടെടുത്തതോടെ രണ്ട് വട്ടം പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പിന്‍വാങ്ങി. രാജേന്ദ്രനെ സി ജെ എം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഇന്നലെ രാവിലെ 11 ഓടെയാണ് സംഘര്‍ഷം തുടങ്ങിയത്. ജില്ലാ പ്രസിഡന്റ് ബിനു ജെ കൈമള്‍, നിയോജകമണ്ഡലം പ്രസിഡന്റ് കെ എസ് അജി തുടങ്ങിയവരുടെ നേതൃത്വത്തില്‍ ബി ജെ പി പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തിയിരുന്നു. പ്രകടനക്കാര്‍ സര്‍ക്കാര്‍ ഓഫീസുകളും മറ്റും അടപ്പിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്തു. പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കിയെങ്കിലും പ്രകടനം സമാധാനപരമായി പിരിഞ്ഞുപോയി.
അതിന് ശേഷം 11.30ഓടെ രാജേന്ദ്രന്‍, രാകേഷ്, സുധാകരന്‍ എന്നിവരുടെ നേതൃത്വത്തിലെത്തിയ 15 അംഗ സംഘം കാഞ്ഞിരമറ്റം കവലയിലെ വാരികാട്ട് ബില്‍ഡിംഗ്‌സില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ലേബര്‍ ഓഫീസിലേക്ക് ഇരച്ചുകയറുകയായിരുന്നു. അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ വി കെ നവാസും നാല് സ്ത്രീകളടക്കമുള്ള ജീവനക്കാരും ഈ സമയം ഓഫീസിലുണ്ടായിരുന്നു. ഇവരെ ഭീഷണിപ്പെടുത്തിയ സംഘം ഓഫീസിലെ കമ്പ്യൂട്ടറുകള്‍, ഫര്‍ണീച്ചര്‍ തുടങ്ങിയവ തകര്‍ത്തു. ഫയലുകള്‍ വലിച്ചെറിഞ്ഞു. പോലീസ് എത്തിയപ്പോഴേക്കും അക്രമികള്‍ സ്ഥലം വിട്ടു.
പിന്നീട് ഒരു മണിയോടെ രാജേന്ദ്രനെ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് മുന്നില്‍ നിന്ന് സി ഐ എന്‍ ജി ശ്രീമോന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. ഇതോടെയാണ് 75 ഓളം വരുന്ന സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സ്റ്റേഷന് മുന്നില്‍ തടിച്ച് കൂടിയത്.
രാജേന്ദ്രനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സി ഐക്കെതിരെ അധിക്ഷേപകരമായ മുദ്രാവാക്യം മുഴക്കി സ്റ്റേഷന്‍ ഉപരോധിച്ചു. ഡി വൈ എസ് പി എന്‍ എന്‍ പ്രസാദിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്‌റ്റേഷന് പുറത്ത് നിലയുറപ്പിച്ചു. സ്ഥിതി വഷളാകുന്നുവെന്ന് കണ്ടതോടെ കാളിയാര്‍, കാഞ്ഞാര്‍, കരിമണ്ണൂര്‍ സ്റ്റേഷനുകളില്‍ നിന്ന് കൂടുതല്‍ പോലീസിനെ വരുത്തി.
ജില്ലാ പോലീസ് മേധാവിയടക്കമുളളവരെ ഡി വൈ എസ് പി അടിക്കടി വിവരങ്ങള്‍ ധരിപ്പിച്ചുകൊണ്ടിരുന്നു. ഓഫീസില്‍ അതിക്രമിച്ചു കടന്ന് പൊതുമുതല്‍ നശിപ്പിച്ചയാളെ വിട്ടുകൊടുക്കരുതെന്നായിരുന്നു ലഭിച്ച നിര്‍ദേശം. പോലീസ് ഇക്കാര്യം ബി ജെ പി നേതാക്കളെ അറിയിച്ചു. ഇതിനിടെ ഇന്ന് ജില്ലാ ഹര്‍ത്താല്‍ പ്രഖ്യാപിക്കാനുള്ള ആലോചനയും നടന്നു.
2.45ഓടെ ഇടുക്കി എ ആര്‍ ക്യാമ്പില്‍ നിന്ന് സായുധ പോലീസ് എത്തി. അവസാന മാര്‍ഗമെന്ന നിലയില്‍ പോലീസ് ഒരു വട്ടം കൂടി ചര്‍ച്ചക്ക് തയ്യാറായി. ഉപരോധം തുടര്‍ന്നാല്‍ ബലപ്രയോഗം വേണ്ടി വരുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയതോടെ മൂന്ന് മണിയോടെ ഉപരോധം അവസാനിപ്പിച്ച് പ്രകടനമായി സമരക്കാര്‍ പിരിഞ്ഞുപോയി. വൈകിട്ട് അഞ്ചോടെ വീണ്ടും സംഘടിച്ചെത്തിയ സംഘപരിവാര്‍ സംഘം ആറ് മണി വരെ സ്‌റ്റേഷന്‍ ഉപരോധിച്ചു. വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഹര്‍ത്താലിന്റെ മറവില്‍ ലേബര്‍ ഓഫീസ് അക്രമിച്ച നടപടിയില്‍ എന്‍ ജി ഒ യൂനിയന്‍ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു