Connect with us

Articles

ബന്ധുബലവും ഇടര്‍ച്ചകളും

Published

|

Last Updated

എംകെ ദാമോദരന്‍

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ, 1964ന് ശേഷം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റിന്റെ നേതൃത്വത്തിലുള്ള ഭരണം കേരളത്തിലുണ്ടായപ്പോഴൊക്കെ സ്വജനപക്ഷപാതമെന്ന ആരോപണം ഉയര്‍ന്നിരുന്നു. 1956ല്‍ ഇ എം എസ്സിന്റെ നേതൃത്വത്തിലുള്ള ഭരണം തുടങ്ങി ആഴ്ചകള്‍ പിന്നിട്ടപ്പോഴേക്കും സെല്‍ ഭരണമെന്ന ആക്ഷേപമുണ്ടായി. പോലീസിനെയുള്‍പ്പെടെ ഭരണത്തിന്റെ ഏതാണ്ടെല്ലാ വിഭാഗങ്ങളെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഘടകങ്ങള്‍ നിയന്ത്രിക്കുകയാണെന്നായിരുന്നു ആക്ഷേപം. ഇ എം എസ് സര്‍ക്കാറിനെ കേന്ദ്രം പിരിച്ചിവിടുന്നതിലേക്ക് നയിച്ച വിമോചനസമരത്തില്‍ സെല്‍ ഭരണം മുദ്രാവാക്യമായി ഉയരുകയും ചെയ്തിരുന്നു.
1967ല്‍ സി പി എമ്മിന്റെ നേതൃത്വത്തില്‍ ഇ എം എസ് സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയപ്പോള്‍ ഗതാഗത വകുപ്പ് കൈകാര്യം ചെയ്ത ഇ കെ ഇമ്പിച്ചിബാവക്കെതിരെ ആരോപണങ്ങളുണ്ടായി. സിഗരറ്റ് കൂടിന് പുറത്തുപോലും നിയമന ശിപാര്‍ശ നല്‍കിയിരുന്നുവെന്നായിരുന്നു ഒട്ടൊരു അതിശയോക്തിയോടെ പ്രചരിപ്പിക്കപ്പെട്ടത്. സി പി എം നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുന്നതില്‍ തെറ്റെന്താണെന്നായിരുന്നു ഇമ്പിച്ചിബാവയുടെ മറുചോദ്യം. 1996 – 2001 കാലത്ത് ഇ കെ നായനാരുടെ നേതൃത്വത്തില്‍ അധികാരത്തിലിരുന്ന സര്‍ക്കാറിന്റെ കാലത്താണ് അധികാരം താഴേത്തട്ടിലേക്ക് എന്ന മുദ്രാവാക്യത്തെ അര്‍ഥവത്താക്കുന്നതിനായി ജനകീയാസൂത്രണ പദ്ധതി നടപ്പാക്കിയത്. ഇതേക്കുറിച്ചും ആരോപണങ്ങളുണ്ടായി. പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ വിവിധ പദ്ധതികളില്‍ (ആട്, കോഴി വിതരണമുള്‍പ്പെടെ) ഗുണഭോക്താക്കളെ നിശ്ചയിച്ചത് സി പി എമ്മുമായുള്ള ബന്ധം ഏത് വിധത്തിലാണ് എന്നതിനെ മാനദണ്ഡമാക്കിക്കൂടിയാണ് എന്ന് ആരോപണമുണ്ടായി. ഈ പദ്ധതി വേണ്ടത്ര വിജയം കാണാതിരുന്നതില്‍, അതിനൊരു തുടര്‍ച്ചയുണ്ടാകാതിരുന്നതില്‍ ഒക്കെ ഈ പക്ഷപാതിത്വം ഒരു കാരണമായി ചൂണ്ടിക്കാട്ടപ്പെട്ടിട്ടുണ്ട്.
ഭരണത്തിന്റെ ആനുകൂല്യത്തിന് പാര്‍ട്ടിയുമായുള്ള ബന്ധം രഹസ്യ മാനദണ്ഡമായായാല്‍, കൂടുതല്‍ ആളുകള്‍ പാര്‍ട്ടിയുമായി അടുക്കുമെന്നും അതുവഴി സ്വാധീനം വര്‍ധിക്കുമെന്നുമൊക്കെയാണ് സി പി എം നേതൃത്വം കണക്ക് കൂട്ടിയിരുന്നത് എന്ന് തോന്നും. എന്നാല്‍ പ്രായോഗിക രാഷ്ട്രീയത്തില്‍ ഇത് തിരിച്ചടിക്കുകയാണ് ചെയ്തത് എന്ന് ഓരോ തെരഞ്ഞെടുപ്പ് ഫലങ്ങളും ബോധ്യപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും ചരിക്കുന്ന പാതയില്‍ നിന്നൊരു വ്യതിചലനം അവര്‍ക്ക് സാധ്യമായിരുന്നില്ല. ഇക്കുറി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ഇതിലൊരു മാറ്റമുണ്ടാകുമെന്ന പ്രതീക്ഷ ജനിപ്പിച്ചിരുന്നു. ഭരണത്തെ നിയന്ത്രിക്കുന്ന രാഷ്ട്രീയ സംവിധാനം മാറും, പക്ഷേ, ഉദ്യോഗസ്ഥ സംവിധാനം തുടരുന്നതാണ്. അതിലുള്ളവരെ രാഷ്ട്രീയത്തിന്റെ കണ്ണിലൂടെ കാണാന്‍ ഭരണകൂടം തയ്യാറാകില്ലെന്നും രാഷ്ട്രീയചായ്‌വ് നോക്കാതെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ ഉദ്യോഗസ്ഥര്‍, പ്രത്യേകിച്ച് പോലീസ് ഉദ്യോഗസ്ഥര്‍, തയ്യാറാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പലകുറി പറഞ്ഞിരുന്നു. യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് നിയമിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ നിര്‍ണായക സ്ഥാനങ്ങളില്‍ തുടരുന്നതിലുള്ള പരാതി അറിയിക്കാനെത്തിയ ഇടത് സര്‍വീസ് സംഘടനാ നേതാക്കളോടും ഇതേ നിലപാട് മുഖ്യമന്ത്രി പങ്കുവെച്ചിരുന്നുവെന്നാണ് വിവരം.
ഈ സാഹചര്യത്തിലാണ് യോഗ്യതാ മാനദണ്ഡങ്ങളൊക്കെ അപ്രസക്തമാക്കിക്കൊണ്ട് മന്ത്രിയുടെ ബന്ധുക്കളെ വ്യവസായ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലെ ഉയര്‍ന്ന സ്ഥാനങ്ങളില്‍ നിയമിച്ചുവെന്ന ആരോപണം ഉയരുന്നത്. ഇതിന് സര്‍ക്കാര്‍ അഭിഭാഷകരുടെ നിയമനമുള്‍പ്പെടെ കാര്യങ്ങളിലും സമാനമായ ആരോപണം ഉയര്‍ന്നിരിക്കുന്നു. മുന്‍കാലത്ത് പാര്‍ട്ടി പ്രവര്‍ത്തകരെയും അനുഭാവികളെയുമൊക്കെയാണ് പരിഗണിച്ചിരുന്നത് എങ്കില്‍ ഇക്കുറി മന്ത്രിമാരുടെ നേതാക്കളുടെ ബന്ധുക്കളെയൊക്കെയാണ് പരിഗണിക്കുന്നത് എന്ന മാറ്റമുണ്ട്. 2006 മുതല്‍ 2011 വരെ അധികാരത്തിലിരുന്ന വി എസ് അച്യുതാനന്ദന്‍ സര്‍ക്കാറിന്റെ കാലത്ത് ആരോഗ്യ മന്ത്രിയായിരുന്ന പി കെ ശ്രീമതിയുടെ സ്റ്റാഫില്‍ മരുമകളെ നിയോഗിച്ചത് തര്‍ക്കങ്ങള്‍ക്ക് വഴിവെച്ചിരുന്നു. മുന്‍ അനുഭവങ്ങള്‍ ഉണ്ടായിരിക്കെ, പുതിയ ഇടത് മുന്നണി സര്‍ക്കാറില്‍ ഭരണ നേതൃത്വം ഏറ്റെടുത്തവര്‍ കുറേക്കൂടി ജാഗ്രത ഇക്കാര്യങ്ങളില്‍ പ്രകടിപ്പിക്കുമെന്നും അനാവശ്യ തര്‍ക്കങ്ങള്‍ക്ക് വഴിയൊരുക്കില്ലെന്നുമായിരുന്നു പ്രതീക്ഷ. അതുണ്ടായില്ലെന്ന് മാത്രമല്ല, സംഗതികള്‍ വഷളാകുന്ന കാഴ്ചയാണ് കാണുന്നത്.
മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായി മുന്‍ അഡ്വക്കറ്റ് ജനറല്‍ എം കെ ദാമോദരനെ നിയോഗിക്കാനുള്ള തീരുമാനമാണ് ആദ്യം തര്‍ക്കങ്ങള്‍ക്ക് വിധേയമായത്. എത്രമാത്രം സൂക്ഷ്മമായാണ് സര്‍ക്കാറിന്റെ തീരുമാനങ്ങളെ ജനം വീക്ഷിക്കുന്നത് എന്നതിന് തെളിവായി ഇതിനെ സര്‍ക്കാര്‍ കാണേണ്ടതായിരുന്നു. അധികാരത്തില്‍ നിന്നിറങ്ങിയ ഉമ്മന്‍ ചാണ്ടി സര്‍ക്കാറിനെതിരെ ഉയര്‍ന്ന പലവിധ ആരോപണങ്ങള്‍, അതില്‍ മന്ത്രിമാര്‍, എം എല്‍ എമാര്‍, അവരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ എന്നിവരുടെ പങ്കിനെച്ചൊല്ലിയുണ്ടായ സംശയങ്ങള്‍ ഇതൊക്കെ ഓര്‍മയിലുള്ള സാഹചര്യത്തില്‍ കൂടിയാകണം ജനം പുതിയ സര്‍ക്കാറിന്റെ തീരുമാനങ്ങളെ കൂടുതല്‍ വിമര്‍ശബുദ്ധിയോടെ സമീപിച്ചത്. അതിന്റെ പ്രതിഫലനം മാധ്യമങ്ങളിലുണ്ടായതും.
ഇതിനകം ഉയര്‍ന്ന ആരോപണങ്ങളില്‍ കേന്ദ്രസ്ഥാനത്തുള്ള വ്യവസായ മന്ത്രി ഇ പി ജയരാന്റെ കാര്യം പ്രത്യേകമായി തന്നെ എടുക്കേണ്ടതുണ്ട്. സി പി എം മുഖപത്രമായ ദേശാഭിമാനിയുടെ ജനറല്‍ മാനേജര്‍ സ്ഥാനം ജയരാജന്‍ കൈകാര്യം ചെയ്തിരുന്ന കാലത്താണ് അനധികൃത ലോട്ടറി നടത്തിപ്പിലൂടെ കോടികള്‍ തട്ടിയെടുത്തുവെന്ന ആരോപണം നേരിട്ട സാന്‍ഡിയാഗോ മാര്‍ട്ടിന്റെ പക്കല്‍ നിന്ന് രണ്ട് കോടി രൂപ ദേശാഭിമാനി വാങ്ങിയെന്ന ആരോപണം ഉയര്‍ന്നത്. ഇത് തിരികെക്കൊടുത്ത് പ്രശ്‌നം പരിഹരിച്ചു, പാര്‍ട്ടി നടപടിയെന്ന നിലയില്‍ ജയരാജനെ ജനറല്‍ മാനേജര്‍ സ്ഥാനത്തു നിന്ന് മാറ്റി നിര്‍ത്തുകയും ചെയ്തു. എറണാകുളം ജില്ലയിലെ വളന്തക്കാട് ദ്വീപില്‍ പരിസ്ഥിതി നിയമങ്ങളൊക്കെ മറികടന്ന് റിയല്‍ എസ്റ്റേറ്റ് വ്യവസായം തുടങ്ങാന്‍ ശോഭ ഡെവലപ്പേഴ്‌സിന് അവസരമൊരുക്കാന്‍ ശ്രമിച്ചതില്‍ ഇതേ നേതാവിന് പങ്കുണ്ടെന്ന ആരോപണം വി എസ് സര്‍ക്കാറിന്റെ കാലത്ത് ഉയര്‍ന്നിരുന്നു. പരിസ്ഥിതി സംരക്ഷണം പോലുള്ള കാര്യങ്ങളില്‍ പാര്‍ട്ടിയുടെ നയമെന്താണെന്ന് മനസ്സിലാക്കി പ്രതികരിക്കുന്നതില്‍ മന്ത്രിയായ ശേഷവും അദ്ദേഹം ശ്രദ്ധിക്കുന്നില്ലെന്നാണ് സമീപകാലത്തെ പ്രസ്താവനകളില്‍ നിന്ന് മനസ്സിലാകുന്നത്. തെറ്റുതിരുത്തല്‍ നടപടികളുടെ ഭാഗമായി സംഘടിപ്പിച്ച സി പി എം സംസ്ഥാന പ്ലീനത്തിന് അഭിവാദ്യമര്‍പ്പിച്ച് വിവിധ ആരോപണങ്ങള്‍ നേരിടുന്ന വ്യവസായി വി എം രാധാകൃഷ്ണന്റെ സ്ഥാപനത്തിന്റെ പരസ്യം ദേശാഭിമാനിയില്‍ പ്രത്യക്ഷപ്പെട്ടപ്പോഴും ജനറല്‍ മാനേജര്‍ സ്ഥാനത്ത് ജയരാജനുണ്ടായിരുന്നു. പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തം നിറവേറ്റുമ്പോള്‍ ജാഗ്രത പാലിക്കാന്‍ ഈ നേതാവിന് സാധിച്ചിട്ടില്ല എന്നതിന് ഉദാഹരണങ്ങളാണ് ഇതൊക്കെ. മാനദണ്ഡങ്ങള്‍ ലംഘിച്ചോ, കൂടുതല്‍ യോഗ്യരായ മറ്റുള്ളവരുണ്ടായിരിക്കെ നേതാക്കളുടെ ബന്ധുത്വം മാനദണ്ഡമാക്കിയോ നിയമനം നടത്താന്‍ അനുവാദം നല്‍കിയിട്ടുണ്ടെങ്കില്‍ ആ നേതാക്കളും ഉത്തരവാദിത്ത നിര്‍വഹണത്തിന് പ്രാപ്തരല്ലെന്നാണ് അര്‍ഥം. ഇവ്വിധമുള്ള നിയമനങ്ങള്‍ സ്വജനപക്ഷപാതിത്വമാണ്, ആ നിലക്ക് അഴിമതിയുമാണ്.
പ്രാഥമികമായി ഇത് വ്യക്തികളുടെ വീഴ്ചയാണ്. രണ്ടാമതായി ഭരണ നേതൃത്വത്തിന്റെ വീഴ്ചയും. മൂന്നാമതായി ഭരണത്തിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെ തലപ്പത്തിരിക്കുന്നവരുടെ വീഴ്ചയും. പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്തേക്ക് യോഗ്യതയും പരിചയ സമ്പത്തുമുള്ളവരെയാണ് നിയമിക്കേണ്ടത് എന്നാണ് വ്യവസായ വകുപ്പിലെ നിയമനങ്ങളെ സംബന്ധിച്ച ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ മറുപടി. അത്തരത്തിലുള്ളയാളുകളെ നിയമിക്കാന്‍ വ്യവസായ വകുപ്പിനും അതിന് നേതൃത്വം നല്‍കുന്ന മന്ത്രിക്കും സാധിച്ചില്ലെങ്കില്‍ അതില്‍ മുഖ്യമന്ത്രിക്ക് കൂടി ഉത്തരവാദിത്തമുണ്ട്. മുഖ്യമന്ത്രിയുള്‍പ്പെടുന്ന ഭരണനേതൃത്വത്തെ പാര്‍ട്ടി നിയന്ത്രിക്കുന്നതാണ് സി പി എമ്മിന്റെ രീതി. ഭരണനേതൃത്വത്തിലേക്ക് നിയോഗിക്കപ്പെട്ടവര്‍ക്ക് വീഴ്ചയുണ്ടാകുമ്പോള്‍ അത് പാര്‍ട്ടി നേതൃത്വത്തിലുള്ളവരുടെ കൂടി ജാഗ്രതക്കുറവായി കാണേണ്ടിവരും. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു ഡി എഫാണ് അധികാരത്തിലിരിക്കുന്നത് എങ്കില്‍ ഇത്തരത്തില്‍ ഉത്തരവാദിത്തം നിര്‍വചിക്കപ്പെടേണ്ടി വരില്ലായിരുന്നു. സ്വന്തം ഇഷ്ടത്തിന് അനുസരിച്ച് തീരുമാനങ്ങളെടുക്കുകയും ആരോപണങ്ങളുണ്ടാകുമ്പോള്‍ സംരക്ഷിക്കാനുള്ള ശ്രമത്തില്‍ കൂട്ടുത്തരവാദിത്തം പ്രകടിപ്പിക്കുകയും ചെയ്യുകയാണ് അവരുടെ പതിവ്.
സ്വയം വിമര്‍ശനവും തെറ്റുതിരുത്തലും പരിപാടിയായി തന്നെ എടുത്തിട്ടുള്ള പാര്‍ട്ടിയാണ് സി പി എം. അവക്കായി, പാര്‍ട്ടി ചെലവിടുന്ന സമയവും പണവും ഏറെയാണ് താനും. തെറ്റുതിരുത്തലുകള്‍ക്ക് സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന പാര്‍ട്ടിക്കമ്മിറ്റികള്‍ തന്നെ എത്രയായിരിക്കും. ഇത്രയൊക്കെയായിട്ടും പാര്‍ട്ടിയുടെ പരമോന്നത കമ്മിറ്റിയിലെ അംഗങ്ങള്‍ക്ക് തന്നെ പിഴവുകളോ തെറ്റുകളോ സംഭവിക്കുന്നത് ആവര്‍ത്തിക്കുകയും ചെയ്യുന്നു. പരമോന്നത സമിതിയിലെ അംഗങ്ങളെ തിരുത്താന്‍ സാധിക്കുന്നില്ലെങ്കില്‍ പിന്നെ താഴേത്തലത്തിലെ പ്രവര്‍ത്തകരെ ഏത് വിധത്തില്‍ തിരുത്തും? വഴി കാട്ടേണ്ടവര്‍ പിഴവുകള്‍ ആവര്‍ത്തിച്ചാല്‍ പ്രവര്‍ത്തകര്‍ക്ക് നേതൃത്വം പറയുന്നതില്‍ എങ്ങനെ വിശ്വാസമുണ്ടാകും? ഇവ്വിധത്തിലുള്ള പിഴവുകള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ പാര്‍ട്ടിയെ വളഞ്ഞിട്ടാക്രമിക്കുന്നുവെന്ന് വ്യാഖ്യാനിച്ച് പ്രതിരോധിക്കുകയാണ് നേതൃത്വം മുന്‍കാലങ്ങളില്‍ ചെയ്തിരുന്നത്. അത് ആവര്‍ത്തിക്കുകയാണെങ്കില്‍ ഉമ്മന്‍ ചാണ്ടിയും പിണറായി വിജയനും തമ്മിലും വി എം സുധീരനും കോടിയേരി ബാലകൃഷ്ണനും തമ്മില്‍ ഭേദമൊന്നുമുണ്ടാകില്ല.
സ്വജനപക്ഷപാതത്തിന് ആധാരം സ്വാര്‍ഥതയാണ്. എനിക്കും എന്റെ കുടുംബാംഗങ്ങള്‍ക്കുമൊക്കെ സമ്പത്തും ഐശ്വര്യവുമുണ്ടാകണമെന്ന സ്വാര്‍ഥതയുള്ളവര്‍ അധികാരസ്ഥാനത്തുണ്ടാകുകയും ക്ഷീരമുള്ളിടത്ത് ചോരക്ക് കൗതുകമുള്ള വ്യവസായം പോലുള്ള വകുപ്പുകള്‍ കൈകാര്യം ചെയ്യുകയും ചെയ്താല്‍ അഴിമതിക്ക് കളമൊരുങ്ങാനുള്ള സാധ്യത ഏറെയാണ്. അതുകൊണ്ട് തന്നെ ക്രമവിരുദ്ധമായ നിയമനങ്ങള്‍ റദ്ദാക്കിക്കൊണ്ടുള്ള തെറ്റുതിരുത്തല്‍ ഇവിടെ മതിയാകില്ല. അതിനപ്പുറത്തേക്ക് പോയാലേ വിശ്വാസ്യത വീണ്ടെടുക്കാനാകൂ. ഉദ്യോഗസ്ഥ സംവിധാനത്തെ പാര്‍ട്ടി നിയന്ത്രിച്ച, പ്രവര്‍ത്തകരെയും അനുഭാവികളെയും യഥേഷ്ടം നിയമിച്ച, ആനുകൂല്യവിതരണം പാര്‍ട്ടി അടിസ്ഥാനത്തില്‍ നടത്തിയ കാലമല്ല ഇത്. വിവരങ്ങള്‍ വേഗം പുറത്തുവരുന്ന, സാധാരണക്കാരായ ജനങ്ങള്‍ക്ക് പ്രതികരിക്കാന്‍ ധാരാളം ഇടം കിട്ടുന്ന കാലമാണ്. അതിനോടേല്‍ക്കാന്‍ ബന്ധുബലവും പാര്‍ട്ടി ബലവും മതിയാകില്ല.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

---- facebook comment plugin here -----

Latest