തകർപ്പൻ വിജയത്തോടെ കിവീസിനെതിരായ പരമ്പര ഇന്ത്യ തൂത്തുവാരി

Posted on: October 11, 2016 5:02 pm | Last updated: October 12, 2016 at 12:21 am

r-aswin

ഇന്‍ഡോര്‍: അശ്വിന്‍ നിറഞ്ഞാടിയപ്പോള്‍ ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ തൂത്തുവാരി. ഏഴു വിക്കറ്റ് നേടിയ അശ്വിന്റെ അവിസ്മരണീയ പ്രകടനത്തിന് മുന്നില്‍ തകര്‍ന്നടിഞ്ഞ കിവീസ് ലക്ഷ്യത്തിന് 321 റണ്‍സ് അകലെ പരാജയം സമ്മതിച്ചു. ആദ്യ ഇന്നിംഗ്‌സില്‍ നേടിയ ആറു വിക്കറ്റ് കൂടി ചേര്‍ത്താല്‍ മത്സരത്തില്‍ മൊത്തം 13 വിക്കറ്റുകളാണ് അശ്വിന്‍ വീഴ്ത്തിയത്. പരമ്പരയിലാകെ 27 വിക്കറ്റുകള്‍ അശ്വിന്‍ സ്വന്തമാക്കി. പ്ലെയര്‍ ഓഫ് ദ മാച്ച്, പ്ലെയര്‍ ഓഫ് ദ സീരീസ് പട്ടങ്ങള്‍ അശ്വിന് സ്വന്തം.
ഇന്ത്യ ഉയര്‍ത്തിയ 475 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ കിവീസ് ഒരു ദിവസം ബാക്കിനില്‍ക്കെ 153ല്‍ എല്ലാവരും പുറത്തായി. 32 റണ്‍സ് നേടിയ റോസ് ടെയ്‌ലറാണ് കിവീസ് നിരയിലെ ടോപ് സ്‌കോറര്‍. അശ്വിനു മികച്ച പിന്തുണ നല്‍കിയ രവീന്ദ്ര ജഡേജ രണ്ടു വിക്കറ്റ് നേടി.
ഇന്ത്യ 216/3 എന്ന നിലയില്‍ രണ്ടാം ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്ത ഇന്ത്യ ന്യൂസിലന്‍ഡിന് മുന്നില്‍ 475 റണ്‍സ് വിജയലക്ഷ്യമാണ് ഉയര്‍ത്തിയത്. ചേതേശ്വര്‍ പൂജാരയുടെ സെഞ്ച്വറിയാണ് രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യന്‍ ഇന്നിംഗ്‌സിന് കരുത്തുപകര്‍ന്നത്. 101 റണ്‍സോടെ പൂജാര പുറത്താകാതെ നിന്നു. ടെസ്റ്റ് ടീമിലേക്ക് രണ്ടു വര്‍ഷത്തിന് ശേഷം മടങ്ങിയെത്തിയ ഗൗതം ഗംഭീര്‍ അര്‍ധ സെഞ്ചുറി നേടി. ഗംഭീര്‍ 50 റണ്‍സ് നേടി പുറത്തായി. പൂജാര സെഞ്ചുറി നേടിയതിന് പിന്നാലെ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
വിക്കറ്റ് നഷ്ടപ്പെടാതെ 18 എന്ന നിലയിലാണ് ഇന്ത്യ നാലാം ദിനം തുടങ്ങിയത്. മുരളി വിജയ് (19) വേഗത്തില്‍ നഷ്ടപ്പെട്ട ഇന്ത്യയെ രണ്ടാം വിക്കറ്റില്‍ ഗംഭീര്‍–പൂജാര സഖ്യം വലിയ ലീഡിലേക്ക് ഉയര്‍ത്തുകയായിരുന്നു. കിവീസിന് വേണ്ടി ജീതന്‍ പട്ടേല്‍ രണ്ടു വിക്കറ്റ് നേടി

വിജയദണ്ഡ് കൈയ്യിലേന്തി വിരാട്

ഐ സി സി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യയുടെ ഒന്നാം റാങ്ക് ഔദ്യോഗികമായി. ടെസ്റ്റ് ചാമ്പ്യന്‍മാര്‍ക്കുള്ള വിജയദണ്ഡ് ഐ സി സിക്ക് വേണ്ടി മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് കൈമാറി.
മഹേന്ദ്ര സിംഗ് ധോണിക്ക് ശേഷം ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ജയിക്കുന്ന ക്യാപ്റ്റനായി വിരാട് കോഹ്‌ലി. ഇവര്‍ രണ്ട് പേര്‍ മാത്രമേ ഇന്ത്യക്കായി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് നേടിയിട്ടുള്ളൂ. ഈ വര്‍ഷം ജനുവരി-ഫെബ്രുവരി മാസത്തില്‍ ഇന്ത്യ ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തായിരുന്നു. വിരാട് കോഹ്‌ലിയുടെ നേതൃത്വത്തില്‍ ഇന്ത്യയിത് മൂന്നാം തവണയാണ് ടെസ്റ്റില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നത്.
കഴിഞ്ഞ തവണ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് നേടുമ്പോള്‍ താന്‍ ടീമിലെ ഒരു അംഗം മാത്രമായിരുന്നു. ഇത്തവണ, ക്യാപ്റ്റന്റെ റോളില്‍ ടെസ്റ്റ് ചാമ്പ്യന്‍മാര്‍ക്കുള്ള ദണ്ഡ് കൈയ്യിലേന്തുമ്പോള്‍ എന്തെന്നില്ലാത്ത അനുഭൂതി. പരമ്പര തൂത്തുവാരി, ലോക റാങ്കിംഗില്‍ മുന്‍ നിരയിലെത്തുക എന്നത് അനിര്‍വചനീയമാണ്. പ്രകടനം മെച്ചപ്പെടുത്താന്‍ ടീം പ്രതിജ്ഞാബദ്ധരാണ്. ഇതേ മികവ് ആവര്‍ത്തിക്കാന്‍ കഠിനാധ്വാനം ചെയ്യു – കോഹ്‌ലി പറഞ്ഞു. വ്യക്തിഗത പ്രകടനം ടെസ്റ്റ് വിജയങ്ങളില്‍ നിര്‍ണായകമാണ്. എന്നാല്‍, ടീം അംഗങ്ങള്‍ ഒറ്റക്കെട്ടായാണ് ടീമിനെ മുന്‍നിരയിലെത്തിക്കാന്‍ പ്രയത്‌നിച്ചത്. പരിശീലകന്‍, അസിസ്റ്റന്റ് പരിശീലകര്‍, മറ്റ് സപ്പോര്‍ട്ടിംഗ് സ്റ്റാഫുകള്‍ എന്നിവര്‍ക്കെല്ലാം തന്നെ ഈ നേട്ടത്തില്‍ നിര്‍ണായക പങ്കുണ്ട് – കോഹ്‌ലി പറഞ്ഞു.
ഒന്നാം റാങ്കില്‍ ഇന്ത്യ കുറേക്കാലം മുന്നോട്ട് പോയത് മഹേന്ദ്ര സിംഗ് ധോണിക്ക് കീഴിലാണ്. 2009 നവംബര്‍ മുതല്‍ 2011 ആഗസ്റ്റ് വരെ. അതുപോലൊരു കുതിപ്പാണ് വിരാട് കോഹ്‌ലി ലക്ഷ്യമിടുന്നത്. ഈ ടീമിന് ഒന്നാം സ്ഥാനത്ത് ഏറെക്കാലം നില്‍ക്കാന്‍ സാധിക്കും. ഇന്ത്യന്‍ മണ്ണില്‍ മാത്രമല്ല വിദേശത്തും മികച്ച വിജയങ്ങള്‍ നേടാനുള്ള കെല്‍പ്പ് ഈ ടീമിനുണ്ടെന്നും കോഹ്‌ലി പറഞ്ഞു.
പുരസ്‌കാര ചടങ്ങില്‍ പങ്കെടുക്കവേ സുനില്‍ ഗവാസ്‌കര്‍ ടീം ഇന്ത്യയെ വാനോളം പ്രശംസിച്ചു. ക്രിക്കറ്റില്‍ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഫോര്‍മാറ്റാണ് ടെസ്റ്റ്. ആ മേഖലയില്‍ മികച്ച ടീമായി മാറുക എന്നത് അഭിമാനിക്കാവുന്ന നേട്ടമാണ് – ഗവാസ്‌കര്‍ പറഞ്ഞു.
ഐ സി സി ചീഫ് എക്‌സിക്യൂട്ടീവ് ഡേവ് റിചാര്‍ഡ്‌സനും ടെസ്റ്റ് ചാമ്പ്യന്‍മാരായ കോഹ്‌ലിയെയും സംഘത്തെയും അഭിനന്ദിച്ചു. ഒന്നാം സ്ഥാനത്ത് തുടരുവാന്‍ ഇന്ത്യക്ക് സാധിക്കുമെന്നും ടെസ്റ്റ് ക്രിക്കറ്റിന് നല്‍കുന്ന പ്രാധാന്യമാണ് ഇന്ത്യയെ മുകള്‍ത്തട്ടിലെത്തിച്ചതെന്നും റിചാര്‍ഡ്‌സന്‍ പറഞ്ഞു.
നിലവില്‍ 115 പോയിന്റുകളാണ് ഇന്ത്യക്കുള്ളത്. രണ്ടാം സ്ഥാനത്തുള്ള പാക്കിസ്ഥാനെക്കാള്‍ നാല് പോയിന്റിന്റെ വ്യക്തമായ ലീഡുണ്ട് ഇന്ത്യക്ക്. ആസ്‌ത്രേലിയ, ഇംഗ്ലണ്ട് ടീമുകള്‍ 108 പോയിന്റ് വീതം നേടി മൂന്നും നാലും സ്ഥാനത്തുണ്ട്.
ഈ മാസം പാക്കിസ്ഥാന്‍ വെസ്റ്റിന്‍ഡീസിനെതിരെ മൂന്ന് ടെസ്റ്റ് പരമ്പര കളിക്കാനിറങ്ങും. അടുത്ത മാസങ്ങളില്‍ ന്യൂസിലാന്‍ഡ്, ആസ്‌ത്രേലിയ ടീമുകളുമായും പാക്കിസ്ഥാന് പരമ്പരയുണ്ട്. ഒക്‌ടോബര്‍ ഇരുപത് മുതല്‍ ഇംഗ്ലണ്ട്-ബംഗ്ലാദേശ് പരമ്പര ആരംഭിക്കും. നവംബറില്‍ ഇംഗ്ലണ്ട് ടീം ഇന്ത്യന്‍ പര്യടനത്തിനെത്തും. നവംബര്‍ മൂന്നിന് ആസ്‌ത്രേലിയ-ദക്ഷിണാഫ്രിക്ക പരമ്പര ആരംഭിക്കും. ആസ്‌ത്രേലിയക്ക് പാക്കിസ്ഥാനുമായും ഇന്ത്യയുമായും പരമ്പരയുണ്ട്. ഡിസംബര്‍-ജനുവരിയിലാണ് ആസ്‌ത്രേലിയ-പാക് ടെസ്റ്റ്പരമ്പര. അതിന് ശേഷം ഓസീസ് ഇന്ത്യയിലെത്തും.