നാടിനെ വിറപ്പിച്ച് കാട്ടാനകള്‍; നടപടിയെടുക്കാന്‍ കഴിയാതെ അധികാരികള്‍

Posted on: October 9, 2016 11:48 am | Last updated: October 9, 2016 at 11:48 am

പാലക്കാട്: കാടിറിങ്ങിവരുന്ന ആനകള്‍ മനുഷ്യനെ കൊല്ലാന്‍ തുടങ്ങിയതോടെ അതിനെതിരെ ക്രിയാത്മകമായ നടപടിയെടുക്കാന്‍ കഴിയാതെ അധികാരികള്‍.
ഇന്നലെ കാട്ടാനയുടെ കുത്തേറ്റ് കഞ്ചിക്കോട് കൊയ്യമരക്കാട് സ്വദേശി രാജപ്പന്‍ മരിക്കാനിടയായത് ബന്ധപ്പെട്ട അധികാരികളുടെ ഉദാസീനതകൊണ്ടാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. രാജപ്പനെ കൊന്ന ആന, കഴിഞ്ഞ രണ്ടാഴ്ചയായി കൊയ്യമരക്കാട്ടിലും പരിസരങ്ങളിലും താവളമടിച്ചിരുന്നതായി നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. ആന കറങ്ങുന്ന കാര്യം നാട്ടുകാര്‍ വനംവകുപ്പിനെയും മറ്റും വിവരം അറിയിച്ചിരുന്നതാണ്. എന്നാല്‍ ക്രിയാത്മകമായ നടപടികള്‍ അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടായില്ലെന്ന് പറയപ്പെടുന്നു. ഇത്തരത്തില്‍ അധികാരികള്‍ വരുത്തിയ വീഴ്ചയാണ് രാജപ്പന്റെ മരണത്തിന് കാരണമായതെന്ന് പരക്കെ ആക്ഷേപമുണ്ട്.
പയറ്റുകാട് ചള്ളയില്‍ വനാതിര്‍ത്തിയോട് ചേര്‍ന്ന ഭാഗത്ത് ഇന്നലെ രാവിലെ ആറരയോടെ പൈപ്പില്‍നിന്ന് വെളളം പിടിക്കുതിനിടെയാണ് രാജപ്പനെ കാട്ടാന ആക്രമിച്ചത്. കാടിനോടുചേര്‍ന്ന പ്രദേശത്താണ് ഇവര്‍ താമസിക്കുന്നത്. കാടിറങ്ങി വരുന്ന ആനകളെ തുരത്താനും അവയുടെ വരവിനെ ഇല്ലാതാക്കാനും ശക്തമായ നടപടികള്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമായിരിക്കുകയാണ്. പാലക്കാട്ട് ഇപ്പോള്‍ കാട്ടാനകളുടെ ശല്യം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.
കഞ്ചിക്കോടിനു പുറമെ മലമ്പുഴ, വാരണി, കൊട്ടേക്കാട്, പുതുശേരി എന്നീ സ്ഥലങ്ങളിലെല്ലാം കാട്ടാനകള്‍ ദിനംപ്രതി വിലസുകയാണ്. നാടിനെ മുഴുവന്‍ വിറപ്പിച്ചു നീങ്ങുന്ന ആനകള്‍ ജനത്തിന്റെ ഉറക്കവും നഷ്ടപ്പെടുത്തിയിരിക്കുന്നു. രാത്രികാലങ്ങളില്‍ കാടിറങ്ങി വരുന്ന ആനകള്‍ക്കുമുന്നില്‍ അകപ്പെട്ട് ജനം ജീവനുംകൊണ്ട് ഓടുന്നത് നിത്യസംഭവമായിതീര്‍ന്നിരിക്കുന്നു. കഴിഞ്ഞദിവസം വാരണിയില്‍ രണ്ടുപേരെ ആന തൂക്കിയെറിഞ്ഞത് ജനം ‘ീതിയോടെയാണ് ഓര്‍ക്കുന്നത്. വാരണിയില്‍ ഇറങ്ങിയ രണ്ട് ആനകളെ കാണാന്‍ എത്തിയതായിരുന്നു ഇവിടുത്തുകാരായ രഞ്ജിത്, രമേഷ് എന്നിവര്‍.
വൈകുന്നേരം നാലുമണിയോടെ ആനകള്‍ ജനത്തിനെതിരെ തിരിയാന്‍ തുടങ്ങി. ഈ സമയം അഞ്ചംഗസംഘത്തോടപ്പം വന്ന രഞ്ജിതിനെയും രമേഷിനെയും ആനകള്‍ ഓടിച്ചു. സംഘത്തിലെ മൂന്നുപേര്‍ ഓടിരക്ഷപ്പെട്ടപ്പോള്‍ രഞ്ജിത്തും രമേഷും വെളളചാലിലകപ്പെട്ടു. തുമ്പിക്കൈകൊണ്ടു ആഞ്ഞുകുത്തിയെങ്കിലും ചാലായതിനാല്‍ ഇവര്‍ രണ്ടുപേരും രക്ഷപ്പെട്ടു. കലിതീരാതെ ആന പിന്നീട് ഇരുവരെയും തുമ്പിക്കൈായാല്‍ തൂക്കിയെടുത്ത് എറിഞ്ഞു. ഭാഗ്യംകൊണ്ടു ജീവന്‍ തിരിച്ചുകിട്ടിയ ഇവര്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.
തീറ്റതേടിയാണ് ആനകള്‍ കൂട്ടത്തോടെ നാട്ടിലേക്കിറങ്ങുന്നതെന്നാണ് വനംവകുപ്പ് വിശദീകരിക്കുന്നത്. തീറ്റതേടി എത്തുന്ന ആനകള്‍ കൃഷി നശിപ്പിക്കുന്നതും വ്യാപകമായിട്ടുണ്ട്. നെല്ലും വാഴയും തെങ്ങും കുത്തിമറിച്ചിടുന്ന ആനകള്‍ കര്‍ഷകരെ നഷ്ടത്തിന്റെ കണ്ണീര് കുടിപ്പിക്കുകയാണ്.