സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കണം; ഉമ്മന്‍ ചാണ്ടി

Posted on: October 9, 2016 11:47 am | Last updated: October 9, 2016 at 11:47 am

പാലക്കാട്: സംസ്ഥാനത്തെ 123 വില്ലേജുകള്‍ പരിസ്ഥിതി പ്രദേശങ്ങളാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാറിനുവേണ്ടി ചീഫ് സെക്രട്ടറി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
ചീഫ് സെക്രട്ടറിയുടെ സത്യവാങ്മൂലം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നതാണെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ബില്‍ഡിംഗ് ആന്റ് റോഡ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ജില്ലാ വാര്‍ഷിക സമ്മേളനവും ജനറല്‍ കൗണ്‍സില്‍ യോഗവും ഉദ്ഘാടനം ചെയ്യാനെത്തിയ ഉമ്മന്‍ചാണ്ടി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ഇക്കാര്യം പറഞ്ഞത്.
ഇടത് മുന്നണി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളും മുന്‍ സര്‍ക്കാരും എടുത്ത തീരുമാനത്തിന് കടകവിരുദ്ധമാണ് ഇത്. സംസ്ഥാനത്ത് ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന് ശേഷം സര്‍വ കക്ഷിയോഗവും വിളിച്ചുചേര്‍ത്ത് കേന്ദ്രത്തില്‍ സമര്‍ദ്ദം ചെലുത്തിയാണ് കേരളം പുതിയ നിലപാട് അംഗീകരിച്ചത്. ഇതിന്മേല്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്ന 3314 ചതുരശ്ര കിലോമീറ്റര്‍ ഒഴിവാക്കി കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. സംസ്ഥാനത്തെ 121 പഞ്ചായത്തുകളാണ് പരിസ്ഥിതി ലോല പ്രദേശങ്ങളിലുള്ളത്. പഞ്ചായത്ത് പ്രസിഡന്റ് കണ്‍വീനറായും വില്ലേജ് ഓഫീസര്‍, അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റികള്‍ രൂപവത്ക്കരിച്ച് ജനാഭിപ്രായം കണക്കിലെടുത്താണ് സര്‍ക്കാര്‍ കേന്ദ്രത്തിന് ശുപാര്‍ശ സമര്‍പ്പിച്ചത്. വിജ്ഞാപനത്തെ അട്ടിമറിക്കുന്ന സത്യവാങ്മൂലം ഹൈക്കോടതിയില്‍ എങ്ങിനെ സമര്‍പ്പിക്കപ്പെട്ടു എന്നതിനെ കുറിച്ച് സര്‍ക്കാര്‍ അന്വേഷിക്കണം. എങ്ങിനെ തെറ്റ് പറ്റിയെന്ന് മുഖ്യമന്ത്രി തന്നെ പരിശോധിക്കണം.
സത്യവാങ്മൂലം പിന്‍വലിക്കണമെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരെന്ന് കണ്ടുപിടിക്കണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. അല്ലെങ്കില്‍ ഇതിനെതിരെ പ്രക്ഷോഭം ആരംഭിക്കും ജില്ലാ ജനറല്‍ കൗണ്‍സില്‍ യോഗവും വാര്‍ഷികവും ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് എ രാമസ്വാമി അധ്യക്ഷതവഹിച്ചു. ഡി സി സി പ്രസിഡന്റ് സി വി ബാലചന്ദ്രന്‍, ഷാഫി പറമ്പില്‍ എം എല്‍ എ, മുന്‍ എം എല്‍ എ കെ എ ചന്ദ്രന്‍, മുന്‍ മന്ത്രി വി സി കബീര്‍, കെ പി സി സി സെക്രട്ടറിമാരായ പി ജെ പൗലോസ്, വി കെ ശ്രീകണ്ഠന്‍ സംസാരിച്ചു.