വടക്ക്-കിഴക്കന്‍ മണ്‍സൂണും പിന്‍വാങ്ങുന്നു: മഴ നന്നേ കുറഞ്ഞു; കേരളം ചുട്ടുപൊള്ളും

Posted on: October 9, 2016 6:00 am | Last updated: October 9, 2016 at 12:01 am
SHARE

sunnyകോഴിക്കോട് :സംസ്ഥാനത്ത് പതിവിലും വിപരീതമായി കാലവര്‍ഷം ഗണ്യമായി കുറഞ്ഞതോടെ ഇത്തവണ വരാനിരിക്കുന്ന വേനലിലും കേരളം അഭിമുഖീകരിക്കേണ്ടിവരിക കൊടും വരള്‍ച്ച. തെക്ക്-കിഴക്കന്‍ മണ്‍സൂണ്‍ സെപ്തംബറോടെ അവസാനിച്ചപ്പോള്‍ വളരെ ഭീദിതമായ രീതിയിലാണ് മഴയുടെ അളവില്‍ കുറവ് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന ജൂണ്‍ ഒന്ന് മുതല്‍ സെപ്തംബര്‍ 30 വരെയുള്ള തെക്ക് -കിഴക്കന്‍ മണ്‍സൂണ്‍ കാലയളവില്‍ വെറും 1352.3 മില്ലി മീറ്റര്‍ മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്. സാധാരണ 2039.7 മില്ലീമീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് 34 ശതമാനം മഴ കുറവ് രേഖപ്പെടുത്തിയത് കാലാവസ്ഥാ ഗവേഷകരുടെ നിഗമനങ്ങളെ പോലും തകിടം മറിച്ചു. ലക്ഷദ്വീപില്‍ 25 ശതമാനം മഴ കുറഞ്ഞു. ഒക്ടോബര്‍ ഒന്നു മുതല്‍ ആരംഭിച്ച വടക്ക്-കിഴക്കന്‍ മണ്‍സൂണ്‍ സീസണ്‍ തുടങ്ങി ഒരാഴ്ച്ച പിന്നിടുമ്പോഴും പ്രതീക്ഷക്ക് ഒട്ടും വകയില്ലാത്ത രീതിയിലാണ് മഴ മാറിനില്‍ക്കുന്നത്.
തെക്ക് -കിഴക്കന്‍ മണ്‍സൂണില്‍ വയനാട്,തൃശൂര്‍ ജില്ലകളില്‍ ലഭിച്ചത് സമീപകാല ചരിത്രത്തിലെ ഏറ്റവും കുറവ് മഴയാണ്. സാധാരണ ഗതിയില്‍ 2632.1 മില്ലീമീറ്റര്‍ മഴ ലഭിക്കേണ്ട വയനാട് ജില്ലയില്‍ പകുതിയിലും താഴ്ന്ന് 1073.8 മില്ലീമീറ്റര്‍ മഴയാണ് ഇത്തവണ ലഭിച്ചത്. തൃശൂരില്‍ 2197.5 മില്ലീ മീറ്റര്‍ ലഭിക്കേണ്ടിടത്ത് 44 ശതമാനം കുറഞ്ഞ് 1219.6 മില്ലീമീറ്ററും. കണ്ണൂര്‍-25%, എറണാകുളം -24, ഇടുക്കി-31%, കാസര്‍കോഡ്-25%, കൊല്ലം-29%, കോട്ടയം- 30%, കോഴിക്കോട്-27%,മലപ്പുറം- 39%, പാലക്കാട്- 34%, പത്തനംതിട്ട- 36%, തിരുവനന്തപുരം- 34% എന്നിങ്ങനെയാണ് മറ്റുജില്ലകളില്‍ മഴ കുറഞ്ഞത്.
കഴിഞ്ഞ വര്‍ഷം 30 ശതമാനം അധിക മഴ ലഭിച്ച വടക്ക്-കിഴക്കന്‍ മണ്‍സൂണില്‍ 98 ശതമാനം മുതല്‍ 100 ശതമാനം വരെ മഴ കുറവുമായാണ് ഭൂരിഭാഗം ജില്ലകളിലും അനുഭവപ്പെട്ടത്. ഈ മാസം ഒന്ന് മുതല്‍ അഞ്ച് വരെയുള്ള കണക്കനുസരിച്ച് സാധാരണ ലഭിക്കേണ്ട മഴയില്‍ വെറും രണ്ട് ശതമാനം മാത്രമാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്.
52.6 മില്ലീ മീറ്ററെങ്കിലും മഴലഭിക്കേണ്ട ആലപ്പുഴ ജില്ലയില്‍ വെറും 2.3 മില്ലീ മീറ്ററും, 54.1 ലഭിക്കേണ്ട തൃശൂരില്‍ 1.2 മാണ് ലഭിച്ചത്. കൊല്ലം, എറണാകുളം, കാസര്‍കോട്, കോഴിക്കോട്, തിരുവനന്തപുരം, വയനാട് എന്നിവിടങ്ങളില്‍ ഈ കാലയളവില്‍ മഴ ലഭിച്ചിട്ടില്ല. ഇതിനിടെ കണ്ണൂരില്‍ ഇന്നലെ രണ്ട് മില്ലീമീറ്റര്‍ മഴ ലഭിച്ചതായും കാലാവസ്ഥാ ഗവേഷകര്‍ പറഞ്ഞു.കഴിഞ്ഞ മാര്‍ച്ചില്‍ ലഭിക്കേണ്ട വേനല്‍ മഴയിലും(പ്രീ -മണ്‍സൂണ്‍) 62 ശതമാനം മഴക്കുറവാണുണ്ടായത്. ജനുവരി ഒന്ന് മുതല്‍ ഫെബ്രുവരി 29 വരെയുള്ള കാലയളവില്‍ (വിന്റര്‍ റയിന്‍ ഫാള്‍) തൃശൂര്‍, ആലപ്പുഴ, എറണാകുളം, കാസര്‍കോട്, കോട്ടയം, കൊല്ലം ജില്ലകളില്‍ ആശ്വാസമഴ ലഭിച്ചെങ്കിലും മറ്റു ജില്ലകളില്‍ സാധാരണ നിലയില്‍ ലഭിക്കേണ്ടതിനേക്കാള്‍ കുറഞ്ഞ മഴയാണ് ലഭിച്ചിരുന്നത്.
കാലവര്‍ഷത്തില്‍ സാധാരണ മഴ ലഭിച്ചാല്‍ തന്നെ വേനലെത്തുമ്പോഴേക്കും വരള്‍ച്ചാക്കെടുതികള്‍ നേരിടാറുണ്ട്. ഇതിന് പുറമെയാണ് വേനലാദ്യത്തില്‍ രേഖപ്പെടുത്താറുള്ള 35 ഡിഗ്രി സെല്‍ഷ്യസ് വരെ സൂര്യതപവും ഇതിനകം ഉയര്‍ന്നിരിക്കുന്നത്. 2013 ല്‍ 31 ഡിഗ്രിസെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തിയിരുന്നിടത്ത് ഇപ്പോള്‍ 35 ഡിഗ്രിസെല്‍ഷ്യസ് വരെ താപനില ഉയര്‍ന്ന് തുടങ്ങിയത് വലിയ പ്രതിസന്ധികളിലേക്കാണ് വഴിവെച്ചിരിക്കുന്നത്. കിണറുകളും ഡാമുകളുമുള്‍പ്പെടെയുള്ള ജലസംഭരണികളിലും ജലനിരപ്പ് കുത്തനെ കുറഞ്ഞു വരുന്നത് കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നതിനും വൈദ്യുതി ക്ഷാമത്തിനുമിടയാക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. വിവിധ ജില്ലകളിലായി വലിയ തോതില്‍ നെല്‍ കൃഷിയും പച്ചക്കറി കൃഷിയുമെല്ലാം ഇതിനകം ഉണങ്ങി തുടങ്ങി. വടക്ക് -കിഴക്കന്‍ മണ്‍സൂണ്‍ മഴ പ്രതീക്ഷിച്ച് പാലക്കാട്, തൃശൂര്‍, എറണാകുളം,മലപ്പുറം,കോഴിക്കോട് ജില്ലകളില്‍ വയലുകളില്‍ വിത്തിറക്കിയ നെല്‍ കര്‍ഷകര്‍ ഞാറുപറിച്ച് നടേണ്ട കാലമായപ്പോഴേക്കും വരള്‍ച്ചാ ഭീഷണി രൂക്ഷമായിരിക്കുകയാണ്. പലയിടത്തും നെല്‍പ്പാടങ്ങള്‍ ഉണങ്ങി വിണ്ടുകീറിക്കഴിഞ്ഞു.
നിലവില്‍ കിണറുകളെയും കുളങ്ങളെയും ചെറുകിട ജലസേചന പദ്ധതികളെയും ആശ്രയിച്ചാണ് പലരും കൃഷി മുന്നോട്ട് കൊണ്ട് പോയിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ മഴ കുറഞ്ഞിരുന്നെങ്കിലും അവസാനം ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 30 ശതമാനം അധിക മഴ ലഭിച്ചിരുന്നതാണ് അല്‍പ്പം ആശ്വാസം പകര്‍ന്നിരുന്നത്. വരും ദിവസങ്ങളില്‍ ഇത്തരത്തില്‍ വടക്ക് -കിഴക്കന്‍ മണ്‍സൂണ്‍ മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഇത് ലഭിച്ചില്ലെങ്കില്‍ വരാനിരിക്കുന്നത് രൂക്ഷമായ വരള്‍ച്ചയായിരിക്കുമെന്നും കാലാവസ്ഥാഗവേഷണ കേന്ദ്രം ഡയറക്ടര്‍ എസ് സുദേവന്‍ സിറാജിനോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here