മുഹര്‍റം ആത്മീയ സമ്മേളനം ചൊവ്വാഴ്ച

Posted on: October 9, 2016 2:54 am | Last updated: October 8, 2016 at 11:55 pm

മലപ്പുറം: മഅ്ദിന്‍ അക്കാദമി സംഘടിപ്പിക്കുന്ന മുഹര്‍റം ആത്മീയ സമ്മേളനം ഈമാസം 11ന് സ്വലാത്ത് നഗറില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഹിജ്‌റ വര്‍ഷാരംഭം കൂടിയായ മുഹര്‍റം ഒന്നു മുതല്‍ മഅ്ദിന്‍ ക്യാമ്പസില്‍ നടന്നു വരുന്ന വിവിധ പരിപാടികളുടെ സമാപനം കൂടിയാണ് ഈ സംഗമം.
നാളെ രാവിലെ ഏഴിന് ‘മുഹര്‍റം ചരിത്ര വിശേഷം’ എന്ന വിഷയം പ്രമുഖ ഖുര്‍ആന്‍ പണ്ഡിതന്‍ അബൂബക്കര്‍ സഖാഫി അരീക്കോട് അവതരിപ്പിക്കും. തിങ്കളാഴ്ച രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ഒന്ന് വരെ വരെ വനിതകള്‍ക്കായി പഠന ക്ലാസും പ്രാര്‍ത്ഥനാ മജ്‌ലിസും നടക്കും. മുഹര്‍റം പത്തായ ചൊവ്വാഴ്ച പുലര്‍ച്ചെ 5.30 ന് ഹദീസ് പഠനത്തോടെ മുഹര്‍റം സമാപന സമ്മേളനത്തിന് തുടക്കമാകും. ഖുര്‍ആന്‍ പാരായണം, സ്വലാത്ത്, ഇഖ്‌ലാസ് പാരായണം, മുഹര്‍റം പത്തിലെ പ്രത്യേകമായ ദിക്‌റുകള്‍, പ്രാര്‍ത്ഥനകള്‍, മുഹര്‍റം മാസത്തിന്റെ ചരിത്ര സന്ദേശ പ്രഭാഷണം, സമൂഹ നോമ്പുതുറ എന്നീ ചടങ്ങുകളാണ് നടക്കുക. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരിയുടെ സാന്നിധ്യത്തില്‍ പ്രമുഖ സാദാത്തുക്കളും പണ്ഡിതരും നേതൃത്വം നല്‍കും. ഹിജ്‌റ കലണ്ടര്‍ പ്രകാശന കര്‍മ്മവും പരിപാടിയില്‍ നടക്കും.
വാര്‍ത്താ സമ്മേളനത്തില്‍ സ്വാഗത സംഘം ചെയര്‍മാന്‍ അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, കണ്‍വീനര്‍മാരായ സൈനുദ്ധീന്‍ നിസാമി കുന്ദമംഗലം, അബ്ദുല്ലത്തീഫ് പൂവത്തിക്കല്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഖാലിദ് സഖാഫി പങ്കെടുത്തു.