ഗദ്യത്തില്‍ കവിത എഴുതാനാണ് പ്രയാസം: ദേശമംഗലം രാമകൃഷ്ണന്‍

Posted on: October 8, 2016 1:41 pm | Last updated: October 8, 2016 at 1:41 pm

dr-desamangalam-ramakrishnanപട്ടാമ്പി: കവിത പദ്യത്തില്‍ എഴുതാന്‍ പ്രയാസമില്ലെന്നും, എന്നാല്‍, ഗദ്യത്തില്‍ എഴുതാനാണ് പ്രയാസമെന്നും പ്രശസ്ത കവി ഡോ. ദേശമംഗലം രാമകൃഷ്ണന്‍ പറഞ്ഞു. കവിയുമായുള്ള കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.
ഗദ്യത്തില്‍ എഴുതുമ്പോള്‍ വാക്കുകള്‍ തിരഞ്ഞെടുക്കാനും, ബിംബങ്ങള്‍ ഉള്‍ക്കൊള്ളിക്കാനും ബുദ്ധിമുട്ടാണ്. ഗദ്യത്തില്‍ കവിത എഴുതാം, പക്ഷെ, അത് പ്രബന്ധ മാകരുത്. എന്തേങ്കിലും എനര്‍ജി കിട്ടുന്നതാവണം കവിത. അത്യാവശ്യ സമയത്തു മാത്രം ഗദ്യത്തില്‍ എഴുതുക.
അല്ലാത്തപ്പോള്‍ പാരമ്പര്യ രീതിയില്‍ എഴുതുക.ബാലപംക്തിയില്‍ എഴുതി കൊണ്ടാണ് താന്‍ കവിതാരംഗത്തേക്ക് കടന്ന് വന്നത്. കൂടെ പഠിച്ചിരുന്ന പലരും എഴുതിയിരുന്നു. കവി ഡി വിനയചന്ദ്രന്‍ തന്റെ സീനിയറായിരുന്നു.
തന്റെ ആദ്യ കവിതാ സമാഹാരമായ കൃഷ്ണപക്ഷത്തിന് അവതാരിക എഴുതിയത് പ്രശസ്ത സിനിമാ നടനും എഴുത്തുകാരനും, വാഗ്മിയുമായിരുന്ന നരേന്ദ്രപ്രസാദ് ആയിരുന്നു. എഴുത്തിലും വാഗ്മിത്വത്തിലും പ്രശസ്തിയില്‍ നില്‍ക്കുമ്പോഴായിരുന്നു നരേന്ദ്ര പ്രസാദ് സിനിമയിലേക്ക് മാറിയത്. അന്ന് നരേന്ദ്ര പ്രസാദ് തമാശയായി പറഞ്ഞിരുന്നു. അഭ്രപാളിയില്‍ ഞാന്‍ എന്നും ഉണ്ടാവും. നിരൂപണത്തില്‍ എന്ത് ഉണ്ടാവാനാണ് എന്ന്. നരേന്ദ്ര പ്രസാദിന്റെ അന്നത്തെ വാക്കുകള്‍ ശരിയായിരുന്നെന്ന് പിന്നീട് ബോധ്യപ്പെട്ടു. നരേന്ദ്ര പ്രസാദ് സര്‍വീസില്‍ തന്റെ സീനിയറായിരുന്നു എന്നും ഡോ. ദേശമംഗലം രാമകൃഷ്ണന്‍ പറഞ്ഞു.
ദേശമംഗലത്തുള്ള കവിയുടെ സ്വന്തം വീട്ടില്‍ വെച്ച് സിറാജ് ലേഖകന്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് കവി ഇങ്ങനെ അഭിപ്രായപ്പെട്ടത്.