Connect with us

National

ഹാജി അലി ദര്‍ഗയിലെ സ്ത്രീ പ്രവേശനത്തിന് സ്റ്റേ

Published

|

Last Updated

ന്യൂഡല്‍ഹി: മുംബൈയിലെ ഹാജി അലി ദര്‍ഗയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച ഹൈക്കോടതി ഉത്തരവിന് ഈ മാസം 17വരെ സുപ്രീം കോടതി സ്റ്റേ അനുവദിച്ചു. ദര്‍ഗക്കുള്ളില്‍ സ്ത്രീകളുടെ പ്രവേശനം തടയുന്നതിന് പകരം പുരോഗമനപരമായ പരിഹാരങ്ങള്‍ സമര്‍പ്പിക്കാന്‍ ഹാജി അലി ദര്‍ഗ ട്രസ്റ്റിന് കോടതി നിര്‍ദേശം നല്‍കി. ചീഫ് ജസ്റ്റിസ് ടി എസ് താക്കൂര്‍ എം കെ ഖാന്‍വാല്‍ക്കര്‍ എന്നിവരടങ്ങിയ ബഞ്ചാണ് ഹരജി പരിശോധിച്ചത്. ഈ മാസം 17ന് കേസ് വീണ്ടും പരിഗണിക്കും.
ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യുമ്പോഴും ദര്‍ഗയില്‍ സ്ത്രീ പ്രവേശനം നിഷേധിക്കുന്നതിനെ കോടതി ചോദ്യം ചെയ്തു. പുരുഷന്മാര്‍ക്ക് പ്രവേശനം അനുവദിക്കുന്നിടത്ത് സ്ത്രീകളെ തടയുന്നത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. സ്ത്രീകള്‍ക്കെതിരെ വിവേചനം കാണിക്കരുതെന്ന് ദര്‍ഗാ അധികൃതരെ കോടതി ഓര്‍മപ്പെടുത്തി. ദര്‍ഗ ട്രസ്റ്റിന് വേണ്ടി ഗോപാല്‍ സുബ്രഹ്മണ്യം ഹാജരായി.
കഴിഞ്ഞ ആഗസ്റ്റ് 26നാണ് ഹാജി അലി ദര്‍ഗയില്‍ വനിതകളെ പ്രവേശിപ്പിക്കണമെന്ന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടത്. ആരാധനാലയങ്ങളില്‍ സ്ത്രീകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തരുതെന്ന് ചുണ്ടിക്കാട്ടി മുസ്‌ലിം വനിതാ സംഘടനയായ ഭാരതീയ മുസ്‌ലിം മഹിളാ ആന്തോളന്‍ (ബി എം എം എ) നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. തുടര്‍ന്ന് ദര്‍ഗ അധികാരികള്‍ വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
15ാം നൂറ്റാണ്ടില്‍ നിര്‍മിതമായ ഹാജി അലി പള്ളിയുടെ അകത്തുള്ള സൂഫി വര്യന്റെ ദര്‍ഗക്കുള്ളില്‍ മാത്രമാണ് സ്ത്രീകള്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയത്.