Connect with us

Malappuram

എസ് എസ് എഫ് മാനവ സംഗമം ഒമ്പതിന് തലപ്പാറയില്‍

Published

|

Last Updated

മലപ്പുറം: മമ്പുറം തങ്ങളും കോന്തു നായരും നാടുണര്‍ത്തിയ സൗഹൃദം എന്ന തലക്കെട്ടില്‍ എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മാനവ സംഗമം ഈ മാസം ഒന്‍പതിന് തലപ്പാറയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 8.30ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പ്രൊഫ. എ പി അബ്ദുല്‍ വഹാബ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി അയ്യപ്പന്‍, കാലിക്കറ്റ് സര്‍വകലാശാല ചരിത്രവിഭാഗത്തിലെ ഡോ. കെ എസ് മാധവന്‍ തുടങ്ങിയവര്‍ സംസാരിക്കും. തുടര്‍ന്ന് നടക്കുന്ന അക്കാദമിക് കോണ്‍ഫറന്‍സില്‍ മമ്പുറം തങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട നാല് പഠനങ്ങള്‍ നടക്കും.
കാലിക്കറ്റ് സര്‍വകലാശാല മുന്‍ വി സി ഡോ. കെ കെ എന്‍ കുറുപ്പ്, മാളിയേക്കല്‍ സുലൈമാന്‍ സഖാഫി, പ്രൊഫ. യു സി അബ്ദുല്‍ മജീദ് എന്നിവര്‍ പങ്കെടുക്കും. കേരളത്തിലെത്തിയ സയ്യിദുമാര്‍, മമ്പുറം തങ്ങള്‍; ജീവിതം ദര്‍ശനം, സാമൂഹിക ഇടപെടല്‍, പോരാട്ട നിലപാടുകള്‍ എന്നീ വിഷയങ്ങളില്‍ ഡോ. ഹുസൈന്‍ രണ്ടത്താണി, എന്‍ എം സ്വാദിഖ് സഖാഫി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, കെ അബ്ദുല്‍കലാം, ഡോ. കെ കെ മുഹമ്മജ് അബ്ദുല്‍സത്താര്‍, എം മുഹമ്മദ് സ്വാദിഖ്, ബഷീര്‍ ഫൈസി വെണ്ണക്കോട്, എം അബ്ദുല്‍ മജീദ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. തുടര്‍ന്ന് കലാവിരുന്ന് അരങ്ങേറും.
11500 പ്രതിനിധികളാണ് പങ്കെടുക്കുക. ഉച്ചക്ക് 12.30ന് രണ്ടായിരം സൗഹൃദങ്ങളുടെ ഒത്തു ചേരലുണ്ടാവും.രണ്ടുമണിക്ക് നടക്കുന്ന സൗഹാര്‍ദ്ദ സമ്മേളനം അഖിലേന്ത്യാ സുന്നി ജം ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ ടി ജലീല്‍, എം എല്‍ എമാരായ വി ടി ബല്‍റാം, മുഹമ്മദ് മുഹ്‌സിന്‍ എന്നിവര്‍ അതിഥികളാവും. ബേബി ജോണ്‍, ആലങ്കോട് ലീലാകൃഷ്ണന്‍, കെ പി രാമനുണ്ണി, ബാലകൃഷ്ണന്‍ വള്ളിക്കുന്ന്, സ്വാമി അവ്യയാനന്ദ, ആര്‍ അച്യുത മേനോന്‍, എന്നിവര്‍ സൗഹൃദ പ്രഭാഷണം നടത്തും. വൈകീട്ട് ആറിന് നടക്കുന്ന സമാപന സമ്മേളനം കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീല്‍ ബുഖാരി തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പൊന്മുള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ അധ്യക്ഷനാവും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ അതിഥിയായിരിക്കും. സയ്യിദ് പി കെ എസ് തങ്ങള്‍ തലപ്പാറ, എന്‍ വി അബ്ദുര്‍റസാഖ് സഖാഫി, ഡോ. പി എ മുഹമ്മദ് ഫാറൂഖ് നഈമി, ദേവര്‍ശ്ശോല അബ്ദുസ്സലാം മുസ്‌ലിയാര്‍, എം എന്‍ കുഞ്ഞിമുഹമ്മദ് ഹാജി, ഡോ. നൂറുദ്ദീന്‍ റാസി പ്രസംഗിക്കും. തുടര്‍ന്ന് സംസ്ഥാന സാഹിത്യോത്സവ പ്രതിഭകള്‍ അവതരിപ്പിക്കുന്ന ഖവാലി, മാലപ്പാട്ട് എന്നിവയുണ്ടാവും.