ഗ്യാലറിയിലെ ‘മഞ്ഞപ്പട’ സ്റ്റീവ് കോപ്പലിനെ അതിശയിപ്പിച്ചു

Posted on: October 6, 2016 11:57 pm | Last updated: October 6, 2016 at 11:57 pm

gallery-image-35630314കൊച്ചി: ക്ലബ്ബ് അനുകൂലികള്‍ നിരാശപ്പെടേണ്ടതില്ലെന്നും അടുത്ത മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് മികച്ച രീതിയില്‍ തന്നെ തിരിച്ചുവരവ് നടത്തുമെന്നും കോച്ച് സ്റ്റീവ് കോപ്പല്‍. 54900 ആളുകള്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മാച്ചിനെത്തിയത് ആശ്ചര്യത്തോടെയാണ് കോപ്പല്‍ ഉള്‍ക്കൊള്ളുന്നത്.
ഫുട്‌ബോളിന് അനുയോജ്യമായ ഇത്തരമൊരു അന്തരീക്ഷം വേറെ എവിടെയും കണ്ടിട്ടില്ലെന്ന് കോപ്പല്‍. ടീമിനെ പിന്തുണയ്ക്കാനെത്തുന്ന കാണിക്കൂട്ടത്തെ നിരാശപ്പെടുത്തരുതെന്ന ബോധ്യം ടീമിനുണ്ടെന്നും സ്റ്റീവ് കോപ്പല്‍ പറഞ്ഞു.
മാര്‍ക്വു താരം ആരോണ്‍ ഹ്യൂസ് വടക്കന്‍ അയര്‍ലന്‍ഡിനായി രാജ്യാന്തര മത്സരം കളിക്കാന്‍ പോയത് തിരിച്ചടിയാണെന്ന് കോച്ച്‌സമ്മതിക്കുന്നു. ഫിഫ ചട്ടമുള്ളത് കാരണം അഞ്ച് ദിവസം മുമ്പെ ക്ലബ്ബുകള്‍ക്ക് കളിക്കാരെ വിട്ടു നല്‍കേണ്ടതുണ്ട്. ഇതേക്കുറിച്ച് അയര്‍ലന്‍ഡ് കോച്ചുമായി ഫോണില്‍ സംസാരിച്ചിരുന്നു. ബ്ലാസ്റ്റേഴ്‌സിന്റെ മാര്‍ക്വു താരത്തെ ടീമിലേക്ക് തിരിച്ചുവിളിക്കേണ്ടി വന്നതില്‍ അയര്‍ലന്‍ഡ് കോച്ച് ക്ഷമാപണം നടത്തിയെന്ന് സ്റ്റീവ് വ്യക്തമാക്കി.
അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത കൂടുതല്‍ ഒത്തിണക്കത്തോടെ കളിച്ചു. എന്നാല്‍, തന്റെ ടീം എല്ലാ മേഖലയിലും പിന്തള്ളപ്പെട്ടുവെന്ന നിരീക്ഷണം ശരിയല്ല. സമനില നേടാന്‍ അവസരമുണ്ടായിരുന്നു. ഹെംഗ്ബര്‍ട്ടിന്റെ ഹെഡര്‍ മികച്ചതായിരുന്നു, ഭാഗ്യമില്ലെന്ന് പറയാം, അത് ഗോളായില്ല – സ്റ്റീവ് കോപ്പല്‍ പറഞ്ഞു.