Connect with us

Kozhikode

വൈകല്യങ്ങളെ പിന്നിലാക്കി മുന്നേറുന്ന റുമൈസയുടെ പഠനം മുടങ്ങാതിരിക്കാന്‍ സഹപാഠികളുടെ സഹായ ഹസ്തം

Published

|

Last Updated

റുമൈസ അധ്യാപകര്‍ക്കൊപ്പം ഓട്ടോറിക്ഷക്കു സമീപം.

താമരശ്ശേരി: വൈകല്യങ്ങളെ പിന്നിലാക്കി പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും മുന്നേറുന്ന റുമൈസയുടെ പഠനം മുടങ്ങാതിരിക്കാന്‍ സഹപാഠികളുടെ സഹായ ഹസ്തം. താമരശ്ശേരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയും താമരശ്ശേരി തച്ചംപൊയില്‍ ചാലില്‍ അബ്ദുസ്സലീമിന്റെയും റസിയയുടെയും മകളുമായ റുമൈസയുടെ യാത്രക്ക് അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് പുത്തന്‍ ഓട്ടോറിക്ഷയാണ് വാങ്ങി നല്‍കിയത്.

മൂന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ് നെഞ്ച് വേദനയുടെ രൂപത്തിലെത്തിയ വിധി റുമൈസയെ കീഴ്‌പെടുത്തിയത്. അലോപതിയും ആയുര്‍വേദവും മാറി മാറി പരിക്ഷിച്ചെങ്കിലും റുൈമസയുടെ നെഞ്ചിന് താഴേക്കുള്ള ചനല ശേഷി നഷ്ടപ്പെട്ടിരുന്നു.

കീഴടങ്ങാന്‍ തയ്യാറല്ലെന്ന പ്രഖ്യാപനവുമായി റുമൈസ ഏഴാം ക്ലാസ് വരെ വീടിന് സമീപത്തുള്ള സ്‌കൂളില്‍ പഠനം നടത്തി. മാതാവിനൊപ്പം ഓട്ടോറിക്ഷയിലായിരുന്നു യാത്ര. എട്ടാം ക്ലാസിലെത്തിയതോടെ വീട്ടില്‍നിന്നും സ്‌കൂളിലേക്കുള്ള ദൂരം കൂടി. മാസത്തില്‍ രണ്ടായിരത്തിലേറെയാണ് ഓട്ടോ ചാര്‍ജായി നല്‍കേണ്ടത്. പ്രതിമാസം 2000 രൂപ മരുന്നിനും ആവശ്യമാണ്. കൂടാതെ മാസത്തിലൊരിക്കല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോവാനും വിവിധ പരിശോധനകള്‍ക്കുമുള്ള ചിലവ് വേറെയും. മദ്രസാ അധ്യാപകനായ അബ്ദുസ്സലീമിന് ലഭിക്കുന്ന തുച്ചമായ പ്രതിഫലം ഇതിനൊന്നും തികയില്ല.

റുമൈസക്ക് സ്‌കൂളിലും പരസഹായം ആവശ്യമായതിനാല്‍ സ്‌കൂള്‍സമയം കഴിയും വരെ മാതാവും കാത്തിരിക്കുന്നതിനാല്‍ ജോലിക്കുപോവാനും കഴിയില്ല. ഉദാരമതികളുടെ സഹായം കൊണ്ടാണ് ഇതുവരെ എത്തിയത്.
റുമൈസയെ സഹായിക്കാനുള്ള മാര്‍ഗ്ഗം ചര്‍ച്ച ചെയ്ത അധ്യാപകരാണ് യാത്രക്കായി സ്വന്തമായൊരു ഓട്ടോറിക്ഷ വാങ്ങിനല്‍കാന്‍ തീരുമാനിച്ചത്. വിഷയം വിദ്യാര്‍ത്ഥികള്‍ക്കുമുമ്പില്‍ അവതരിപ്പിച്ചപ്പോള്‍ അവര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു. 86315 രൂപ സ്‌കൂളില്‍നിന്നും സമാഹരിച്ചു. സന്നദ്ധ സംഘടനയില്‍നിന്നും ഒന്നര ലക്ഷം രൂപകൂടി സമാഹരിച്ച് റുമൈസക്കുള്ള ഓട്ടോറിക്ഷ സ്‌കൂള്‍ മുറ്റത്തെത്തിച്ചു.

വിദ്യാര്‍ത്ഥികളെ സാക്ഷിയാക്കി പ്രധാനാധ്യാപിക സുഗതകുമാരി ഓട്ടോയുടെ താക്കോലും ബാക്കി വന്ന ഏഴായിരത്തി മുന്നൂറ് രൂപയും റുമൈസക്ക് കൈമാറി. റുമൈസയുടെ യാത്രാ സമയം കഴിഞ്ഞ് ബാക്കിയുള്ള സമയം ഓട്ടോറിക്ഷയില്‍ നിന്നും വരുമാനം ലഭിക്കുമെങ്കിലും ചികിത്സക്കുള്ള ഭീമമായ സംഖ്യ കണ്ടെത്താന്‍ ഇവര്‍ക്ക് ഉദാരമതികളുടെ സഹായം ആവശ്യമാണ്.

ഫോണ്‍: 8086569935, 9946734041.

Latest