4.8 കിലോ മയക്കുമരുന്നുമായി രണ്ട് ഏഷ്യക്കാര്‍ അറസ്റ്റില്‍

Posted on: October 6, 2016 8:06 pm | Last updated: October 6, 2016 at 8:06 pm

ദുബൈ: വില്‍പനക്കായി എത്തിച്ച 572 മയക്കുമരുന്ന് ക്യാപ്‌സൂളുകളുമായി രണ്ട് ഏഷ്യക്കാരെ ദുബൈ പോലീസ് അറസ്റ്റ് ചെയ്തു. 4.8 കിലോ വരുന്നതാണ് പിടിച്ചെടുത്ത മയക്കുമരുന്ന്.
പിടിയിലായ 26ഉം 38ഉം വയസുള്ള യുവാക്കള്‍ ഒരേ രാജ്യക്കാരാണെന്ന് ദുബൈ പോലീസ്‌ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ അസിസ്റ്റന്റ് ചീഫ് മേജര്‍ ജനറല്‍ ഖലീല്‍ ഇബ്‌റാഹീം അല്‍ മന്‍സൂരി പറഞ്ഞു.
മയക്കുമരുന്ന് കൈവശം വെക്കുക, വില്‍പന നടത്തുക, ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുക എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കു മേല്‍ ചുമത്തിയിട്ടുള്ളത്.
അറസ്റ്റിലായ 26കാരന്‍ നിര്‍മാണ തൊഴിലാളിയാണ്.
ദുബൈ വ്യവസായ മേഖലയിലെ താമസ സ്ഥലത്തു നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് മയക്കുമരുന്ന് വിരുദ്ധ വിഭാഗം മേധാവി കേണല്‍ ഈദ് താനി ഹാരിബ് പറഞ്ഞു. രണ്ടാമത്തെയാള്‍ സ്വകാര്യ കമ്പനിയില്‍ സെയില്‍സ്മാനായി ജോലി ചെയ്തുവരികയായിരുന്നു. അബുദാബിയിലെ ഒരു മാളില്‍ വെച്ച് അബുദാബി പോലീസിന്റെ സഹായത്തോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
അറസ്റ്റ് ചെയ്യാനായി എത്തിയപ്പോള്‍ ആദ്യത്തെയാള്‍ താമസ സ്ഥലത്ത് ഒളിച്ചിരുന്നതായും രണ്ടാമത്തെയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചതായും കേണല്‍ ഈദ് താനി ഹാരിബ് പറഞ്ഞു. പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ നിലയിലാണ് ഇവര്‍ മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. മയക്കുമരുന്ന് ഉപയോഗമോ ബന്ധപ്പെട്ട കാര്യങ്ങളോ ശ്രദ്ധയില്‍ പെട്ടാല്‍ പൊതുജനങ്ങള്‍ 800400400 എന്ന ടോള്‍ഫ്രീ നമ്പറിലോ[email protected] baipolice.go.ae എന്ന ഇ-മെയില്‍ വിലാസത്തിലോ അറിയിക്കണമെന്ന് കേണല്‍ ഹാരിബ് അഭ്യര്‍ഥിച്ചു.