പികെ സുധീറിനെ കെഎസ്‌ഐഇ എംഡി സ്ഥാനത്ത് നിന്ന് ഒഴിവാക്കി

Posted on: October 6, 2016 6:39 pm | Last updated: October 7, 2016 at 10:45 am
SHARE

pk-sudeer1തിരുവനന്തപുരം: സി പി എം കേന്ദ്ര കമ്മിറ്റി അംഗവും എം പിയുമായ പി കെ ശ്രീമതിയുടെ മകന്‍ പി കെ സുധീര്‍ നമ്പ്യാരെ കേരളാ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ് (കെ എസ് ഐ ഇ) എം ഡിയായി നിയമിച്ചത് റദ്ദാക്കി. വ്യവസായ മന്ത്രി ഇ പി ജയരാജന്റെ ഭാര്യാ സഹോദരി കൂടിയാണ് പി കെ ശ്രീമതിയെന്നിരിക്കെ വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനത്തില്‍ സുധീര്‍ നമ്പ്യാരെ നിയമിച്ചത് സ്വജനപക്ഷപാതമാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. നേരത്തെ കെ എസ് ഐ ഇ. എം ഡിയുടെ ചുമതല വഹിച്ചിരുന്ന കെ എസ് ഐ ഡി സി മാനേജിംഗ് ഡയറക്ടര്‍ കെ എ ബീനക്ക് തന്നെ ചുമതല തിരിച്ചുനല്‍കി.
ഈ മാസം മൂന്നിന് തന്നെ സുധീര്‍ നമ്പ്യാരുടെ നിയമനം റദ്ദാക്കിയിരുന്നതായി വ്യവസായ മന്ത്രി ഇ പി ജയരാജന്‍ അറിയിച്ചു. ബിരുദധാരിയും നിലവില്‍ ഒരു പ്രമുഖ സ്ഥാപനത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ പി കെ സുധീര്‍ കെ എസ് ഐ ഇയുടെ മാനേജിംഗ് ഡയറക്ടറായി നിയമിക്കപ്പെടുന്നതിന് അപേക്ഷിച്ചിരുന്നു.
യോഗ്യതയുടെ അടിസ്ഥാനത്തിലാണ് നിയമന ഉത്തരവ് നല്‍കിയത്. എന്നാല്‍, ചുമതല ഏറ്റെടുക്കാന്‍ സാവകാശം അഭ്യര്‍ഥിച്ച് തന്റെ പ്രൈവറ്റ് സെക്രട്ടറിക്ക് സുധീര്‍ കത്ത് നല്‍കുകയും തുടര്‍ന്ന് സമയം നീട്ടിനല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചതിനാല്‍ നിയമന ഉത്തരവ് റദ്ദാക്കുകയുമായിരുന്നുവെന്ന് മന്ത്രി അറിയിച്ചു.
വി എസ് അച്യുതാനന്ദന്‍ സര്‍ക്കാറില്‍ ആരോഗ്യമന്ത്രിയായിരിക്കെ പി കെ ശ്രീമതിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ സ്വന്തം മരുമകളെ നിയമിച്ചത് വിവാദമായിരുന്നു. സുധീറിന്റെ ഭാര്യ ധന്യ എം നായരെയാണ് അഡീഷനല്‍ പേഴ്‌സണല്‍ അസിസ്റ്റന്റായി നിയമിച്ചത്. നിയമനം നല്‍കിയതിന് പിന്നാലെ സ്ഥാനക്കയറ്റവും ലഭിച്ചതോടെ സംഭവം വിവാദമായി. പാര്‍ട്ടി നിര്‍ദേശം അനുസരിച്ച് ഈ നിയമനവും അന്ന് റദ്ദാക്കി. സുധീര്‍ നമ്പ്യാര്‍ക്കും മതിയായ യോഗ്യതയില്ലെന്ന ആക്ഷേപമാണ് ഉയര്‍ന്നത്. നിയമനം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നിയമനം റദ്ദാക്കിക്കൊണ്ട് വ്യവസായ മന്ത്രിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പ് ഇറക്കിയത്.
അതേസമയം, പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ കരുതലോടെ വേണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. പുതിയ സാഹചര്യത്തില്‍ തീരുമാനമെടുത്ത മറ്റുചില നിയമനങ്ങള്‍ കൂടി റദ്ദാക്കുമെന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here