‘ജില്ലാ ഭരണം ജനങ്ങള്‍ക്കരികെ’; പരിപാടിക്ക് തുടക്കം

Posted on: October 6, 2016 9:27 am | Last updated: October 6, 2016 at 9:27 am

മലപ്പുറം: സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്തുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടര്‍ എ ഷൈനമോളുടെ നേതൃത്വത്തില്‍ നടത്തുന്ന ‘ജില്ലാ ഭരണം ജനങ്ങള്‍ക്കരികെ’ പരിപാടിക്ക് പൊന്നാനിയില്‍ തുടക്കം.
പൊന്നാനി മിനി സിവില്‍ സ്റ്റേഷന്‍ സമ്മേളന ഹാളില്‍ നടന്ന ജില്ലയിലെ ആദ്യ പരിപാടിയില്‍ നൂറുകണക്കിന് പേര്‍ പരാതികളുമായി ജില്ലാ കലക്ടറുടെ മുമ്പിലെത്തി. പൊന്നാനി നഗരം, മാറഞ്ചേരി, വെളിയങ്കോട്, കാലടി, ഈഴുവത്തിരുത്തി എന്നീ അഞ്ച് വില്ലേജുകളിലെ ആളുകളാണ് ആദ്യ പരാതി പരിഹാരവേദിയില്‍ വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടിയെത്തിയത്. റവന്യൂ-ഭൂമി-പട്ടയം സംബന്ധമായ പരാതികള്‍, ബി പി എല്‍ റേഷന്‍ കാര്‍ഡിനും ചികിത്സാ ധന സഹായത്തിനുമുള്ള അപേക്ഷകള്‍ എന്നിവയാണ് കൂടുതലായി ലഭിച്ചത്.
പൊന്നാനി ട്രാഫിക് പ്രശ്‌നം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് പൊന്നാനി ചേംബര്‍ ഓഫ് കൊമേഴ്‌സ് ഭാരവാഹികള്‍ കലക്ടര്‍ക്ക് ഹരജി നല്‍കി. പരാതികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് വേദിയില്‍ തന്നെ കൈമാറുകയും പരമാവധി കേസുകളില്‍ തീര്‍പ്പ് കല്‍പ്പിക്കുകയും ചെയ്തു. രാവിലെ 10 മുതല്‍ പൊതുജനങ്ങളില്‍ നിന്നും പരാതികളും അപേക്ഷകളും സ്വീകരിച്ച് തുടങ്ങി. പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതിയിലുള്ള ഉദ്ഘാടന ചടങ്ങുകള്‍ ഒഴിവാക്കിയായിരുന്നു പരിപാടി. എ ഡി എം. പി സെയ്യിദ് അലി, സബ് കലക്ടര്‍മാരായ ജാഫര്‍ മാലിക്, അദീല അബ്ദുല്ല, ഡെപ്യൂട്ടി കലക്ടര്‍മാരായ ഡോ. ജെ ഒ അരുണ്‍, കെ സി മോഹനന്‍, വിവിധ വകുപ്പുകളിലെ ജില്ലാ തല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.