ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താന്‍ ദുബൈയില്‍ പരിശോധനാ കാമ്പയിന്‍ ആരംഭിച്ചു

Posted on: October 5, 2016 9:26 pm | Last updated: October 6, 2016 at 7:48 pm
കാമ്പയിന്റെ ഭാഗമായി നഗരസഭാ ഉദ്യോഗസ്ഥര്‍ പഴം പച്ചക്കറി മാര്‍ക്കറ്റില്‍ പരിശോധന നടത്തുന്നു
കാമ്പയിന്റെ ഭാഗമായി നഗരസഭാ ഉദ്യോഗസ്ഥര്‍ പഴം പച്ചക്കറി മാര്‍ക്കറ്റില്‍ പരിശോധന നടത്തുന്നു

ദുബൈ: ഭക്ഷ്യസുരക്ഷയും സേവനങ്ങളും ഉത്പന്നങ്ങളുടെ ഗുണമേന്മയും ഉറപ്പുവരുത്താന്‍ ‘ഞങ്ങളുടെ കണ്ണുകള്‍ നിങ്ങളെ നിരീക്ഷിക്കുന്നു’ എന്ന തലക്കെട്ടില്‍ ദുബൈ നഗരസഭ കാമ്പയിന്‍ ആരംഭിച്ചു. ഫുഡ് സേഫ്റ്റി, അസറ്റ് മാനേജ്‌മെന്റ്, വേസ്റ്റ് മാനേജ്‌മെന്റ് ഡിപ്പാര്‍ട്‌മെന്റുകള്‍ സംയുക്തമായാണ് കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. വര്‍ഷാവസാനം വരെ കാമ്പയിന്‍ നീണ്ടുനില്‍ക്കും. കാമ്പയിന്‍ ഉദ്ഘാടനം ദുബൈ മത്‌സ്യ മാര്‍ക്കറ്റില്‍ നടന്നു.
എമിറേറ്റിലെ കമ്പോളങ്ങളില്‍ ഭക്ഷ്യവസ്തുക്കളുടെ ഗുണമേന്മയും ലഭ്യതയും ഉറപ്പുവരുത്താനുള്ള നഗരസഭാ ഡയറക്ടര്‍ ജനറലിന്റെ നിര്‍ദേശപ്രകാരമാണ് കാമ്പയിന്‍ ആരംഭിച്ചത്.
ഏറ്റവും ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനായി മത്സ്യ-മാംസ കടകള്‍, പഴം-പച്ചക്കറി വില്‍പന കേന്ദ്രങ്ങളിലെല്ലാം വരും ദിവസങ്ങളില്‍ പരിശോധനകള്‍ നടത്തുമെന്ന് ദുബൈ നഗരസഭ ഭക്ഷ്യസുരക്ഷാ വകുപ്പ് ഡയറക്ടര്‍ ഇമാന്‍ അല്‍ ബസ്തകി പറഞ്ഞു. കൂടാതെ കച്ചവടക്കാര്‍ കടകളില്‍ മാലിന്യനിര്‍മാര്‍ജനം നടത്തുന്നുണ്ടോയെന്നും നഗരസഭയുടെ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടോയെന്നും പരിശോധിക്കുമെന്നും ഇമാന്‍ വ്യക്തമാക്കി. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട എന്തെങ്കിലും നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ഉപഭോക്താക്കള്‍ക്ക് അറിയിക്കാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മത്സ്യ മാര്‍ക്കറ്റില്‍ നിന്നും പച്ചക്കറി മാര്‍ക്കറ്റില്‍ നിന്നുള്ള കച്ചവടക്കാരുടേയും തൊഴിലാളികളുടേയും മികച്ച പ്രതികരണമാണ് കാമ്പയിന് ലഭിച്ചത്.
എല്ലാ തൊഴിലാളികളും വേണ്ടവിധം മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിച്ചവരാണെന്നും ഉത്പന്നങ്ങള്‍ ശരിയായ രീതിയിലാണ് സൂക്ഷിക്കുന്നതെന്നും ഇമാന്‍ പറഞ്ഞു.