സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന കര്‍ശനമാക്കി; ഫിറ്റ്‌നസില്ലാത്ത എട്ട് ബസുകള്‍

Posted on: October 5, 2016 9:25 am | Last updated: October 5, 2016 at 9:25 am

മലപ്പുറം: സ്‌കൂള്‍ വാഹനങ്ങള്‍ തുടര്‍ച്ചയായി അപകടത്തില്‍ പെടുന്നത് വര്‍ധിച്ചതോടെ മോട്ടോര്‍ വാഹന വകുപ്പ് പരിശോധന കര്‍ശനമാക്കി തുടങ്ങി. പോലിസുമായി സഹകരിച്ചാണ് പരിശോധന നടത്തുന്നത്. ഇന്നലെ 52 സ്‌കൂളുകളിലായി 480 സ്‌കൂള്‍ ബസുകള്‍ പരിശോധിച്ചു. ഇതില്‍ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റില്ലാത്ത എട്ട് ബസുകളും സ്പീഡ് ഗവര്‍ണര്‍ പ്രവര്‍ത്തന രഹിതമായ ഒമ്പത് ബസുകളും പെര്‍മിറ്റില്ലാത്ത രണ്ട് വാഹനങ്ങളും പരിചയമില്ലാത്ത ഡ്രൈവര്‍മാര്‍ ഓടിച്ച ആറ് വാഹനങ്ങളും കണ്ടെത്തി. ഗുരുതര പ്രശ്‌നമുള്ള 24 വാഹനങ്ങളുടെ ഓട്ടം നിര്‍ത്തിവെക്കാന്‍ നിര്‍ദേശിച്ചതായും ആര്‍ ടി ഒ ഷാജി അറിയിച്ചു. മലപ്പുറം, പെരിന്തല്‍മണ്ണ, തിരൂര്‍, നിലമ്പൂര്‍, തിരൂരങ്ങാടി, പൊന്നാനി എന്നിവടങ്ങളിലെ വിവിധ വിദ്യാലയങ്ങളിലാണ് ഇന്നലെ പരിശോധന നടന്നത്. ജില്ലയില്‍ ഏകദേശം നാലായിരത്തോളം സ്‌കൂള്‍ വാഹനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ടെന്നാണ് കണക്ക്. ഇത് പൂര്‍ണ്ണമായും പരിശോധിക്കാനാണ് ആര്‍.ടി.ഒ അധികൃതര്‍ ശ്രമിക്കുന്നത്. ഇതിനായി സബ് ആര്‍.ടി ഓഫീസുകള്‍ കേന്ദ്രീകരിച്ച് സ്‌ക്വാഡുകള്‍ തയ്യാറാക്കിയിട്ടുണ്ട്. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് ആര്‍.ടി.ഒ അറിയിച്ചു.