മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച കേസ്; പ്രതികളുമായി തെളിവെടുപ്പ് നടത്തി

Posted on: October 5, 2016 9:22 am | Last updated: October 5, 2016 at 9:22 am

പെരിന്തല്‍മണ്ണ: ജില്ലക്കകത്തും പുറത്തുമായി മലഞ്ചരക്ക് സാധനങ്ങള്‍ മോഷണം നടത്തിയ കേസില്‍ കഴിഞ്ഞ മാസം 15ന് പെരിന്തല്‍മണ്ണയില്‍ പിടിയിലായി റിമാന്‍ഡില്‍ കഴിയുകയായിരുന്ന പ്രതികളെ കസ്റ്റഡിലെടുത്ത് തെളിവെടുപ്പ് നടത്തി. വിവിധ ജില്ലകളില്‍ നിന്നായി നാലര ലക്ഷം രൂപയുടെ ഏഴു ക്വിന്റല്‍ കുരുമുളക്, ഒന്നര ലക്ഷം രൂപയുടെ അഞ്ചര ക്വിന്റല്‍ കൊട്ടടക്ക തുടങ്ങിയ തൊണ്ടി മുതലുകള്‍ കണ്ടെത്തി. കഴിഞ്ഞ മാസം 15ന് അങ്ങാടിപ്പുറം പുത്തനങ്ങാടിലെ കടയില്‍നിന്നും മോഷണം നടത്തിയ മുതലുമായി കാറില്‍ രക്ഷപ്പെടുമ്പോഴാണ് പെരിന്തല്‍മണ്ണയിലെ പ്രത്യേക അന്വേഷണ സംഘവും ടൗണ്‍ ഷാഡോ പൊലീസും പ്രതികളെ പിടികൂടിയത്. കടുങ്ങപുരം വില്ലേജ് പടി ഒടുപറമ്പന്‍ റഷീദ്(45), തിരൂര്‍ക്കാട് ഒടുപറമ്പന്‍ അജ്മല്‍(21) എന്നിവരാണ് പിടിയിലായ പ്രതികള്‍. മലപ്പുറം , കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ നി്ന്നായി 35ഓളം കടകളില്‍ മോഷണം നടത്തിയതായി ചോദ്യം ചെയ്യലില്‍ പ്രതികള്‍ പൊലീസിനോട് സമ്മതിച്ചു. ആഢംബര കാറുകള്‍ വാടകക്കെടുത്ത് മലഞ്ചരക്കു കടകള്‍ക്ക് സമീപത്ത് പാര്‍ക്ക് ചെയത് കടക്കാരന്‍ പുറത്തിങ്ങുമ്പോള്‍ പെട്ടന്ന് ഷട്ടര്‍ തുറന്ന് മലഞ്ചരക്ക് സാധനങ്ങള്‍ കളവു നടത്തി രക്ഷപ്പെടുകയാണ് മോഷണ രീതി.
സമാനമായ കേസുകള്‍ നിരവധി പൊലീസില്‍ ലഭിച്ചിരുന്നെങ്കിലും ആവശ്യമായ തെളിവുകള്‍ ഇല്ലാത്തതിനാല്‍ പ്രയാസപ്പെടുകയായിരുന്നു പൊലീസ്. കഴിഞ്ഞ മാസം ഒമ്പതിന് പാണ്ടിക്കാട് ഒറവമ്പുറത്തെ കടയില്‍ നിന്നും കുരുമുളക് കളവുനടത്തി രക്ഷപ്പെട്ട കാറിനെ കുറിച്ച് നാട്ടുകാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. പെരിന്തല്‍മണ്ണ ഡി വൈ എസ് പി എം.പി മോഹനചന്ദ്രന്‍, സി ഐ സാജു കെ എബ്രഹാം, എസ് ഐ ജോബിതോമസ്, പ്രത്യേക അന്വേഷണ സംഘത്തിലെയും പെരിന്തല്‍മണ്ണ ടൗണ്‍ഷാഡോപോലീസിലെയും ഉദ്യോഗസ്ഥരായ പി മോഹന്‍ദാസ്, പി.എന്‍ മോഹനകൃഷ്ണന്‍, സി.പി മുരളി, വിനോജ്, സന്ദീപ്, ദിനേശ് കിഴക്കേകര, മന്‍സൂര്‍ വിളയാടി, എന്‍.ടി കൃഷ്ണകുമാര്‍, അ’ിലാഷ് കൈപ്പിനി, ഫാസില്‍ കുരിക്കള്‍, പി കെ അബ്ദുസ്സലാം, നിബിന്‍ദാസ്, ടി സലീന എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്ത് തുടരന്വേഷണം നടത്തുന്നത്.