Connect with us

International

2,500 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍

Published

|

Last Updated

അങ്കാറ: തുര്‍ക്കിയില്‍ അട്ടിമറി ശ്രമത്തെ തുടര്‍ന്നുള്ള അടിച്ചമര്‍ത്തല്‍ അവസാനിക്കുന്നില്ല. യു എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മതപണ്ഡിതന്‍ ഫത്ഹുല്ലാ ഗുലന്റെ സംഘടനയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം 13,000 ആയി. ഇന്നലെ 2,500 ഉദ്യോഗസ്ഥരെക്കൂടി സസ്‌പെന്‍ഡ് ചെയ്തതോടെയാണിത്. ഇന്നലെ സസ്‌പെന്‍ഷന്‍ പ്രഖ്യാപിക്കപ്പെട്ടവരില്‍ മിക്കവരും പോലീസ് മേധാവികളാണ്.
ജൂലൈയിലെ വിഫല അട്ടിമറിയെ തുടര്‍ന്ന് ഒരു ലക്ഷത്തിലേറെ സര്‍ക്കാര്‍ ജീവനക്കാരെയാണ് സസ്‌പെന്‍ഡ് ചെയ്യുകയോ പിരിച്ചു വിടുകയോ ചെയ്തത്. നിരവധി പേരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിട്ടുണ്ട്. ഗുലന്റെ നേതൃത്വത്തിലുള്ള ഹിസ്മത് ഗ്രൂപ്പുമായി ബന്ധമുള്ളവരാണ് അട്ടിമറിക്ക് കരുക്കള്‍ നീക്കിയതെന്നാണ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ സര്‍ക്കാര്‍ കരുതുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഗുലനുമായി ബന്ധമുള്ളവരെന്ന് സംശയിക്കുന്ന മുഴുവന്‍ പേരെയും പിരിച്ചു വിടുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. എന്നാല്‍, ജനാധിപത്യവിരുദ്ധമായ അടിച്ചമര്‍ത്തലാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന വിവിധ പൗരാവകാശ സംഘടനകളും യു എസ് ഏജന്‍സികളും ആരോപിക്കുന്നു. നടപടി നേരിട്ടവരില്‍ അധ്യാപകരും പട്ടാളക്കാരൂം ന്യായാധിപരും പത്രപ്രവര്‍ത്തകരുമെല്ലാം ഉള്‍പ്പെടും. കുര്‍ദുകള്‍ തിങ്ങിത്താമസിക്കുന്ന കിഴക്കന്‍ മേഖലയിലെ നിരവധി സ്‌കൂളുകള്‍ അടച്ചു പൂട്ടിയിരിക്കുകയാണ്. ഇവിടങ്ങളിലെ അധ്യാപകരെ കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തതോടെയാണിത്.
സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പോലീസുകാരുടെ എല്ലാ വിശദാംശങ്ങളും പരിശോധിക്കുമെന്നും കുറ്റക്കാരെന്ന് തെളിയാത്തവരെ ജോലിയില്‍ പ്രവേശിക്കാന്‍ അനുവദിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇപ്പോള്‍ കസ്റ്റഡിയിലുള്ളവരില്‍ നിരപരാധികളെന്ന് തെളിയുന്നവരെ വിട്ടയക്കുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. അട്ടമറി ശ്രമത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ അടിയന്തരാവസ്ഥയുടെ കാലാവധി ദീര്‍ഘിപ്പിച്ചതിന് പിറകേയാണ് പോലീസ് ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍. നേരത്തേ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നത് ഈ മാസം 19 വരെയായിരുന്നു. ഇതാണ് മൂന്ന് മാസത്തേക്ക് കൂടി നീട്ടി സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്. പാര്‍ലിമെന്റിനെ മറികടന്ന് പുതിയ നിയമങ്ങള്‍ പാസ്സാക്കാനും ഉത്തരവുകള്‍ പുറപ്പെടുവിക്കാനും അടിയന്തരാവസ്ഥ കാലത്ത് പ്രസിഡന്റിനും മന്ത്രിസഭക്കും സാധിക്കും. ഇത് ഫലത്തില്‍ മൗലികാവകാശങ്ങള്‍ റദ്ദാക്കപ്പെടുന്നതിലേക്കാണ് നയിക്കുക.

---- facebook comment plugin here -----

Latest