Connect with us

Kerala

ഫീസിളവ് അടഞ്ഞ അധ്യായമെന്ന് മാനേജ്മെൻറുകൾ; സ്വാശ്രയ ചർച്ചകൾ പൊളിഞ്ഞു

Published

|

Last Updated

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളജ് ഫീസ് പുനപ്പരിശോധിക്കുന്നത് സംബന്ധിച്ച് സര്‍ക്കാറും മാനേജ്‌മെന്റുകളും തമ്മിലുള്ള ചര്‍ച്ച സമവായത്തില്‍ എത്തിയില്ല. ഫീസിളവിന് തയ്യാറല്ലെന്ന് മാനേജ്‌മെന്റുകള്‍ നിലപാട് കടുപ്പിച്ചതോടെ ചര്‍ച്ചകള്‍ തീരുമാനമാകാതെ പിരിഞ്ഞു. ആരോഗ്യമന്ത്രി കെ കെ ശൈലജയുമായി രണ്ട് വട്ടവും മുഖ്യമന്ത്രി പിണറായി വിജയനുമായി ഒരു വട്ടവും ഇന്ന് ചര്‍ച്ചകള്‍ നടത്തിയെങ്കിലും മാനേജ്‌മെന്റുകള്‍ നിലപാട് മാറ്റാന്‍ തയ്യാറായില്ല.

ഫീസിളവ് സംബന്ധിച്ച ചര്‍ച്ചയല്ല മുഖ്യമന്ത്രിയുമായി നടന്നതെന്ന് ചര്‍ച്ച കഴിഞ്ഞ് പുറത്തിറങ്ങിയ മാനേജ്‌മെന്റ് പ്രതിനിധികള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഫീസിളവ് അടഞ്ഞ അധ്യായമാണെന്നും അതേകുറിച്ച് ചര്‍ച്ചയില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അടുത്ത വര്‍ഷത്തെ പ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തതെന്നായിരുന്നു മാനേജ്‌മെന്റ് പ്രതിനിധികളുടെ വാദം.

അതേസമയം, ഫീസിളവിന്റെ കാര്യത്തിൽ മാനേജ്മെൻറുകൾക്കിടയിൽ തന്നെ ഭിന്നതയുണ്ടെന്ന് സൂചനയുണ്ട്. ഫീസിളവിന് തയ്യാറാണെന്ന് എംഇഎസ് പ്രസിഡൻറ് ഫസൽ ഗഫൂർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത് എംഇഎസിന്റെ മാത്രം നിലപാടാണ് എന്നാണ് മറ്റു മാനേജ്മെൻറുകൾ പറയുന്നത്. പാവപ്പെട്ട വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് നൽകുക എന്ന നിർദേശവും ഇടക്ക് ഉയർന്നിരുന്നു. എന്നാൽ അത് ഇപ്പോൾ തന്നെ നൽകുന്നുണ്ടെന്നായിരുന്നു മാനേജ്മെൻറുകളുടെ പ്രതികരണം.

Latest