Connect with us

National

ബിസിസിഐ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നിര്‍ദേശിച്ചിട്ടില്ലെന്ന് ജസ്റ്റിസ് ലോധ

Published

|

Last Updated

ചെന്നൈ: ബിസിസിഐയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് ലോധ പാനല്‍ അധ്യക്ഷന്‍ ജസ്റ്റിസ് എഎം ലോധ. സംസ്ഥാന ക്രിക്കറ്റ് ബോര്‍ഡുകള്‍ക്ക് പണം നല്‍കരുതെന്ന് മാത്രമാണ് ബിസിസിഐക്ക് നിര്‍ദേശം നല്‍കിയതന്നെും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. ലോധ കമ്മിറ്റി നിര്‍ദേശത്തെ തുടര്‍ന്ന് ബിസിസിഐയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

വെള്ളിയാഴ്ച ചേര്‍ന്ന ബിസിസിഐ യോഗത്തില്‍ സംസ്ഥാന ക്രിക്കറ്റ് ബോര്‍ഡുകള്‍ക്ക് വലിയ തുക നല്‍കുവാന്‍ തീരുമാനിച്ചിരുന്നു. ലോധ പാനലിന്റെ അനുമതി കൂടാതെയെടുത്ത ഈ തീരുമാനം അംഗീകരിക്കാനാകില്ലെന്ന് കാണിച്ച് ബിസിസിഐക്ക് ലോധ കമ്മിറ്റി കത്തയച്ചുവെങ്കിലും മറുപടി ലഭിച്ചില്ല. ഈ സാഹചര്യത്തില്‍ സംസ്ഥാനക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് പണം കൈമാറുന്നത് തത്കാലം തടയണമെന്ന് ആവശ്യപ്പെട്ട് ബാങ്കുകള്‍ക്ക് കത്തുനല്‍കിയിരുന്നു. ഈ കത്ത് കിട്ടിയ ബാങ്ക് അധികൃതര്‍ അക്കൗണ്ട് മരിവിപ്പിച്ചുവോ എന്നാ കാര്യം തങ്ങള്‍ക്ക് അറിയില്ലെന്നാണ് ലോധ കമ്മിറ്റിയുടെ വിശദീകരണം. ഇക്കാര്യം ബാങ്ക് അധികൃതരേയും ലോധ കമ്മിറ്റി അറിയിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച ചേര്‍ന്ന ബിസിസിഐ യോഗം രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന് പത്ത് കോടി രൂപ അധിക ഗ്രാന്‍ഡ് അനുവദിക്കാന്‍ തീരുമാനിച്ചിരുന്നു. ചാമ്പ്യന്‍സ് ലീഗ് ട്വന്റി-20 ക്രിക്കറ്റ് റദ്ദാക്കിയതിനെ തുടര്‍ന്ന് ചാനലുകള്‍ തിരിച്ചുനലകിയ തുക ബിസിസിഐയുടെ മുഴുവന്‍ അംഗങ്ങള്‍ക്കും ഇടയില്‍ വീതിക്കാനും യോഗം തീരുമാനിച്ചിരുന്നു. ഇൗ തീരുമാനങ്ങളാണ് ലോധ കമ്മിറ്റി തടഞ്ഞത്.