ദാരിദ്ര്യത്തില്‍ നിന്ന് ഐക്യരാഷ്ട്രസഭയിലേക്ക്

Posted on: October 4, 2016 6:00 am | Last updated: October 3, 2016 at 11:19 pm

child-rights-activist-anoyara-khatun_650x400_61475494145കൊല്‍ക്കത്ത: ദാരിദ്ര്യം കാരണം രക്ഷിതാക്കള്‍ വീട്ടുജോലികള്‍ ചെയ്യാന്‍ മറ്റൊരാള്‍ക്ക് വില്‍പ്പന നടത്തിയ 18കാരി പെണ്‍കുട്ടിയുടെ ജീവിതം എങ്ങനെയൊക്കെയായിത്തീരാം? ആരും പ്രതീക്ഷിക്കാത്ത ഒരു ഉത്തരമാണ് പശ്ചിമ ബംഗാളിലെ അനോയര ഖതുന്‍ എന്ന യുവതിയുടെ ജീവിതം.
പശ്ചിമ ബംഗാളിലെ സുന്ദര്‍ബന്‍ വനത്തിലെ ഉള്‍നാടന്‍ ദ്വീപില്‍ നിന്ന് മനുഷ്യക്കടത്തിന് വിധേയമായ ഈ പെണ്‍കുട്ടി ഇന്ന് നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ സന്ദേശ്ഖലി ഗ്രാമത്തിലെ താരമാണ്. അറിയപ്പെടുന്ന ബാലാവകാശ പ്രവര്‍ത്തകയായ അനോയരയെ രണ്ട് തവണയാണ് ഐക്യരാഷ്ട്രസഭയില്‍ സംസാരിക്കാന്‍ ക്ഷണിച്ചിട്ടുള്ളത്. ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍, മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് തുടങ്ങിയ പ്രശസ്തരുമായി അവര്‍ കൂടിക്കാഴ്ച നടത്തിക്കഴിഞ്ഞു.
തന്റെ ഗ്രാമത്തില്‍ നിന്നുള്ള കഥകള്‍ അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ അവതരിപ്പിച്ചും ലോകത്തില്‍ നിന്നുള്ള കഥകള്‍ കേട്ടും തന്റെ സാമൂഹികബോധം ശക്തമായിരിക്കുകയാണെന്നാണ് അനോയര പറയുന്നത്. അന്താരാഷ്ട്ര എന്‍ ജി ഒയുടെ മേല്‍നോട്ടത്തില്‍ 10 മുതല്‍ 20 വരെ കുട്ടികളുള്ള 80 സംഘങ്ങളുടെ നേതൃത്വമാണ് ഇപ്പോള്‍ ഈ പെണ്‍കുട്ടിക്കുള്ളത്. ശൈശവ വിവാഹം, കുട്ടിക്കടത്ത്, ബാലവേല, ആരോഗ്യ, വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ എന്നിവക്കെതിരെയുള്ള പ്രചാരണങ്ങളാണ് ഇവര്‍ ചെയ്തുവരുന്നത്. പ്രവര്‍ത്തനത്തിന്റെ ആദ്യ കാലത്തൊക്കെ താന്‍ വലിയ വിമര്‍ശങ്ങളാണ് നേരിടേണ്ടിവന്നത്. ഇന്ന് സ്ഥിതി മാറിയിട്ടുണ്ട്. ജനം തന്നെ ശ്രദ്ധിച്ചുതുടങ്ങി- അനോയര പറയുന്നു.
കഴിഞ്ഞ വര്‍ഷം ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ഉച്ചകോടിയില്‍ സംബന്ധിച്ച ഈ യുവതി ഈ വര്‍ഷം ഇന്ത്യയിലെ കുട്ടികളെ പ്രതിനിധാനം ചെയ്ത് പൊതുസഭയിലും സംസാരിച്ചു. ഇത് കൂടാതെ ലോകത്തെ മറ്റനേകം ബാലാവകാശ പ്രവര്‍ത്തകരുമായും അനോയര കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.
ഇറാഖില്‍ നിന്നുള്ള 23 കാരി നാദിയ മുറാദ് എന്ന യു എന്‍ ഗുഡ്‌വില്‍ അംബാസിഡറുമായുള്ള കൂടിക്കാഴ്ച മറക്കാനാകാത്തതാണെന്ന് അവര്‍ പറയുന്നു. എല്ലാം നഷ്ടപ്പെട്ട അവസ്ഥയില്‍ നിന്ന് പോരാട്ടത്തിനിറങ്ങിയ ആ പെണ്‍കുട്ടി തനിക്ക് പ്രചോദനമാണ്. രാജ്യങ്ങള്‍ വ്യത്യസ്തമാണെങ്കിലും പ്രശ്‌നങ്ങള്‍ ഒന്നുതന്നെയാണെന്നാണ് അനോയരയുടെ അഭിപ്രായം.