ലോകത്ത് ആദ്യം; യു എ ഇ സഹിഷ്ണുതാ ചാര്‍ട്ടര്‍ തയ്യാറാക്കി

Posted on: October 3, 2016 10:20 pm | Last updated: October 4, 2016 at 7:41 pm
ദുബൈ മീഡിയ ഓഫീസ് സംഘടിപ്പിച്ച ചടങ്ങില്‍  യു എ ഇ സഹിഷ്ണുതാകാര്യ മന്ത്രി ശൈഖ ലുബ്‌ന ബിന്‍ത് ഖാലിദ് അല്‍ ഖാസിമി സംസാരിക്കുന്നു
ദുബൈ മീഡിയ ഓഫീസ് സംഘടിപ്പിച്ച ചടങ്ങില്‍
യു എ ഇ സഹിഷ്ണുതാകാര്യ മന്ത്രി ശൈഖ ലുബ്‌ന ബിന്‍ത് ഖാലിദ് അല്‍ ഖാസിമി സംസാരിക്കുന്നു

ദുബൈ: സഹിഷ്ണുതയുടെ മൂല്യങ്ങളും സമാധാനവും സഹവര്‍ത്തിത്വവും പ്രചരിപ്പിക്കുക ലക്ഷ്യംവെച്ച് ലോകത്തിലെ പ്രഥമ സഹിഷ്ണുതാ ചാര്‍ട്ടര്‍ യു എ ഇ തയ്യാറാക്കിയതായി മന്ത്രി ശൈഖ ലുബ്‌ന പറഞ്ഞു. ദുബൈ മീഡിയ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
യു എ ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്‍ മുന്നോട്ടുവെച്ച കാഴ്ചപ്പാടുകള്‍ ഏകോപിപ്പിക്കാനും അതിന് ഊര്‍ജം പകരാനുമാണ് ശ്രമം. ഇതില്‍ മാധ്യമ മേഖലക്ക് കാര്യമായ പങ്ക് വഹിക്കാനാകും. വ്യത്യസ്ത സാംസ്‌കാരിക ഭൂമികയില്‍ നിന്ന് വരുന്ന ആളുകള്‍ക്കിടയില്‍ സഹിഷ്ണുതയുടേയും സഹവര്‍ത്തിത്വത്തിന്റേയും സന്ദേശം ഊട്ടിയുറപ്പിക്കണം. ഭീകരതയുടേയും മറ്റു വിഭജനങ്ങളുടേയും സ്വാധീനത്തില്‍ ലോകമെങ്ങും ഭിന്നിപ്പ് രൂക്ഷമായ സാഹചര്യത്തില്‍ ഇത് അനിവാര്യമാണ്. യു എ ഇയില്‍ 200ലധികം ദേശക്കാര്‍ പാരസ്പര്യത്തോടെ ജീവിക്കുന്നുണ്ട്. ഇതാണ് ഇസ്‌ലാമിന്റെ യഥാര്‍ഥ പ്രതിച്ഛായ. മാനവ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയാണ് തന്റെ മന്ത്രാലയത്തിന്റെ ദൗത്യം.
നവംബര്‍ 16ന് യു എ ഇ രാജ്യാന്തര സഹവര്‍ത്തിത്വ ദിനമാചരിക്കുകയാണ്. 2021 യു എ ഇ ആസൂത്രണ പദ്ധതിയുടെ ഭാഗമാണിത്. അഞ്ച് പ്രധാന ശീര്‍ഷകങ്ങളിലാണ് ആഘോഷം നടക്കുക. ശൈഖ് സായിദിന്റെ കാഴ്ചപ്പാട് ഇതില്‍ പ്രധാനമായിരിക്കും.
തീവ്രവാദത്തില്‍ നിന്ന് യുവതയെ അകറ്റി നിര്‍ത്തുകയാണ് പ്രധാനലക്ഷ്യമെന്നും ശൈഖ ലുബ്‌ന പറഞ്ഞു.