പാക്കിസ്ഥാന് 20 വര്‍ഷത്തേക്ക് പ്രകൃതി വാതകം നല്‍കാന്‍ കരാറായി

Posted on: October 3, 2016 8:40 pm | Last updated: October 3, 2016 at 8:40 pm

ദോഹ: പാക്കിസ്ഥാന് 20 വര്‍ഷത്തേക്ക് ദ്രവീകൃത പ്രകൃതി വാതകം (എല്‍ എന്‍ ജി) നല്‍കാന്‍ ഖത്വര്‍ ഗ്യാസുമായി കരാര്‍. പാക്കിസ്ഥാനിലെ ഗ്ലോബല്‍ എനര്‍ജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡു(ഗീല്‍)മായി ഖത്വര്‍ ഗ്യാസ് വില്‍പ്പന- വാങ്ങല്‍ കരാറിലെത്തി. പാക് പ്രധാനമന്ത്രി നവാസ് ശരീഫിന്റെ സാന്നിധ്യത്തിലാണ് കരാറിലൊപ്പുവെച്ചത്. ഖത്വര്‍ പെട്രോളിയം പ്രസിഡന്റും സി ഇ ഒയും ഖത്വര്‍ഗ്യാസ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ സഅദ് ശെരിദ അല്‍ കഅബി, ഖത്വര്‍ ഗ്യാസ് സി ഇ ഒ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ അല്‍ താനി എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് പാക്കിസ്ഥാനിലേക്ക് പോയത്.
വാഗ്ദത്ത ഊര്‍ജ വിപണിയെന്ന നിലയില്‍ പാക്കിസ്ഥാനെ കുറിച്ച് തങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതാണ് ഗീലുമായുള്ള കരാറെന്ന് സഅദ് ശെരിദ അല്‍ കഅബി പറഞ്ഞു. ലോകത്തെ ഏറ്റവും വിശ്വസീയമായ ദ്രവീകൃത പ്രകൃതി വാതക ഉത്പാദകര്‍ എന്ന നിലയില്‍ പാക്കിസ്ഥാന്റെ ഊര്‍ജാവശ്യങ്ങള്‍ നിറവേറ്റാന്‍ ഖത്വറിന് സാധിക്കുമെന്നും ദീര്‍ഘകാലത്തെ ചരിത്രപരമായ സാഹോദര്യബന്ധത്തെ ഊട്ടിയുറപ്പിക്കാന്‍ ഇത് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിവര്‍ഷം 13 ലക്ഷം ടണ്‍ പ്രകൃതി വാതകമാണ് 20 വര്‍ഷത്തേക്ക് കരാര്‍പ്രകാരം പാക്കിസ്ഥാന് ഖത്വര്‍ നല്‍കുക. പ്രതിവര്‍ഷം നല്‍കുന്ന വാതകത്തിന്റെ അളവ് 23 ലക്ഷം വരെ വര്‍ധിപ്പിക്കാന്‍ കരാറില്‍ വ്യവസ്ഥകളുണ്ട്. ലോകത്തെ ആദ്യ സമഗ്ര എല്‍ എന്‍ ജി ശൃംഖല പദ്ധതിയായ ഖത്വര്‍ ഗ്യാസ് രണ്ടില്‍ നിന്നാണ് പാക്കിസ്ഥാന് വേണ്ട പ്രകൃതി വാതകം വിതരണം ചെയ്യുക. ഖത്വര്‍ ഗ്യാസ് ചാര്‍ട്ടര്‍ ചെയ്യുന്ന ക്യു ഫഌക്‌സ് കപ്പലുകളില്‍ 2018ല്‍ ആദ്യ കാര്‍ഗോ പാക്കിസ്ഥാനിലേക്ക് പുറപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.