പാവപ്പെട്ട കുട്ടികള്‍ക്ക് പഠിക്കാന്‍ സര്‍ക്കാര്‍ വക ‘പഠനമുറികള്‍’

Posted on: September 29, 2016 5:43 am | Last updated: September 28, 2016 at 11:44 pm
SHARE

കണ്ണൂര്‍: പട്ടികജാതി വിഭാഗങ്ങളിലെ പാവപ്പെട്ട കുട്ടികളുടെ പഠന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പട്ടികജാതിക്ഷേമ വകുപ്പ് വിദ്യാര്‍ഥികള്‍ക്ക് പഠനമുറി സഹായപദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കുന്നു. ബി പി എല്‍ കുടുംബങ്ങളിലെ എട്ടാം ക്ലാസ് മുതല്‍ കോളജ്തലം വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് പഠനമുറിയും പഠനോപകരണങ്ങളും ഒരുക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
വീടിനോട് ചേര്‍ന്ന് 120 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയുള്ള മുറി ഒരുക്കാനാണ് സഹായം നല്‍കുക. മേല്‍ക്കൂര കോണ്‍ക്രീറ്റ് ചെയ്തതും തറ ടൈല്‍സ് പാകിയതുമായ മുറികളില്‍ ആവശ്യമായ എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കിക്കൊടുക്കും. രണ്ട് കുട്ടികള്‍ക്കാവശ്യമുള്ള പുസ്തകം വെക്കാനുള്ള ഭിത്തിഅലമാര, ലൈറ്റ്, ഫാന്‍, സ്റ്റഡിഡസ്‌ക്, മൂന്ന് കസേരകള്‍, കമ്പ്യൂട്ടര്‍, കമ്പ്യൂട്ടര്‍ ടേബിള്‍ എന്നീ സൗകര്യങ്ങളും മുറിയില്‍ സജ്ജീകരിക്കും. രണ്ട് ലക്ഷം രൂപയാണ് ഇതിന് ധനസഹായം നല്‍കുക. വരുമാനം, വീട്ടിലെ അംഗങ്ങളുടെ എണ്ണം തുടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ ബ്ലോക്ക്, മുന്‍സിപ്പല്‍, കോര്‍പറേഷന്‍, പട്ടികജാതി വികസന ഓഫീസര്‍മാര്‍ വഴിയാണ് അര്‍ഹരായവരെ കണ്ടെത്തുക.
ഏറ്റവും നന്നായി പഠിക്കാന്‍ കഴിയുന്ന കുട്ടികള്‍ക്ക് പോലും വീട്ടിലെ സാഹചര്യങ്ങളാണ് പഠനത്തില്‍ നിന്ന് അവരെ പിന്നോട്ട് കൊണ്ട് പോകുന്നതെന്ന് നേരത്തെ സര്‍ക്കാര്‍ നടത്തിയ സര്‍വേകളില്‍ കണ്ടെത്തിയിരുന്നു.
കിലയുടെ സര്‍വേ പ്രകാരം സംസ്ഥാനത്തെ പട്ടികജാതിക്കാരുടെ സാക്ഷരത 88.73 ശതമാനമാണെന്നാണ് കണക്കാക്കിയിട്ടുള്ളത്. 64.77 ശതമാനം പത്താം ക്ലാസില്‍ താഴെ മാത്രം വിദ്യാഭ്യാസ നിലവാരമുള്ളവരാണ്. എസ് എസ് എല്‍ സി ജയിച്ചവര്‍ 13.44 ശതമാനവും, ഹയര്‍സെക്കന്‍ഡറി ജയിച്ചവര്‍ 6.49 ശതമാനവും, ബിരുദവും ബിരുദാനന്തര ബിരുദവും ഉള്ളവര്‍ 2.80 ശതമാനവുമാണ്. പ്രൊഫഷനല്‍ വിദ്യാഭ്യാസം ലഭിച്ചവര്‍ 0.09 ശതമാനം മാത്രമാണ്. 25 വയസ്സില്‍ താഴെ പ്രായമുള്ള 55,318 പട്ടികജാതി യുവതീയുവാക്കള്‍ പഠനം ഉപേക്ഷിച്ചവരാണ്. 5- 15 വയസ്സിനിടയില്‍ പ്രായമുളള 2060 കുട്ടികള്‍ സ്‌കൂളുകളില്‍ ചേര്‍ന്നിട്ടില്ല.
വീട്ടിലെ അന്തരീക്ഷം കുട്ടികളുടെ പഠനത്തെ സാരമായി ബാധിച്ചതായും ഇതില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം, കുട്ടികളെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതാണ് അവരുടെ പഠന മുറിയെന്ന് വിദ്യാഭ്യാസ ഗവേഷകര്‍ പറയുന്നുണ്ട്. ഓരോ പ്രായത്തിലും ഓരോ രീതിയിലാകണം പഠന മുറി ഒരുക്കേണ്ടതെന്നാണ് വിലയിരുത്തല്‍. പഠന മുറികളില്‍ നല്ലതുപോലെ കാറ്റും വെളിച്ചവും കയറുന്നതിനുള്ള സംവിധാനം വേണം. പഠനമുറിയും കിടപ്പുമുറിയും ഒന്നാകരുത്. ഇതു കിടന്നു പഠിക്കാനുള്ള ചിന്ത കുട്ടികളില്‍ ഉണ്ടാകുന്നതിനിടയാക്കും. പഠനമുറിയില്‍ കണ്ണാടി സ്ഥാപിക്കുന്നത് ഒറ്റക്കു പഠിക്കാന്‍ പേടിയുള്ള കുട്ടികള്‍ക്ക് നല്ലൊരു പരിഹാരമാണെന്നും ചിലപഠനങ്ങള്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here