കേരള മെഡിക്കല്‍ പ്രവേശനം: ഇടപെടാനില്ലെന്ന് സുപ്രീംകോടതി

Posted on: September 28, 2016 2:51 pm | Last updated: September 28, 2016 at 6:34 pm

supreme court1

ന്യൂഡല്‍ഹി: കേരളത്തില്‍ സ്വാശ്രയ മെഡിക്കല്‍ പ്രവേശന നടപടിയില്‍ ഇടപെടാനില്ലെന്ന് സുപ്രീംകോടതി. പ്രവേശന നടപടികള്‍ പൂര്‍ത്തിയായ സാഹചര്യത്തിലാണ് നടപടി. മാനേജ്‌മെന്റുകള്‍ നടത്തിയ പ്രവേശന നടപടികള്‍ സുപ്രീംകോടതി ശരിവെച്ചു. സ്വകാര്യ മാനേജ്‌മെന്റുകള്‍ നടത്തിയ പ്രവേശന നടപടികളിലെ വീഴ്ചകള്‍ അംഗീകരിച്ച കോടതി വിദ്യാര്‍ഥികളുടെ ഭാവി കണക്കിലെടുത്താണ് പ്രവേശന നടപടിയില്‍ ഇടപെടാന്‍ വിസമ്മതിച്ചത്.

സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്ക് സ്വന്തം നിലക്ക് കൗണ്‍സിലിംഗ് നടത്താന്‍ ഉപാധികളോടെ അനുമതി നല്‍കിയ കേരള ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാറാണ് സുപ്രീംകോടതിയെ സമീപിച്ചത്.

അതേസമയം മെഡിക്കല്‍ പ്രവേശനത്തിന് മഹാരാഷ്ട്രയില്‍ ഏകീകൃത കൗണ്‍സിലിംഗ് നടത്തണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. മഹാരാഷ്ട്രയില്‍ സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്ക് സ്വന്തം നിലക്ക് പ്രവേശനം നടത്താന്‍ ബോംബെ ഹൈക്കോടതി അനുമതി നല്‍കിയതിനെതിരെ കേന്ദ്രം നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് എകെ സിക്രി, ജസ്റ്റിസ് നാഗേശ്വര റാവു എന്നിവരുടെ ബെഞ്ചിന്റേതാണ് വിധി.ഇനി പ്രവേശനം നടത്താനുള്ള സീറ്റുകളിലേക്കാണ് ഉത്തരവ് ബാധകമാവുക. അതേസമയം കല്‍പിത സര്‍വകലാശാലകളിലെ ഈ വര്‍ഷത്തെ കൗണ്‍സിലിംഗ് കോടതി നിലനിര്‍ത്തി.