സ്‌കൂളുകളില്‍ ഹെല്‍മെറ്റ് ബോധവത്കരണ പ്രതിജ്ഞ

Posted on: September 18, 2016 4:15 pm | Last updated: September 18, 2016 at 3:16 pm

തിരൂര്‍: ഓണാവധി കഴിഞ്ഞ് സ്‌കൂളുകള്‍ തുറക്കുന്ന തിങ്കളാഴ്ച ഹെല്‍മെറ്റ് ബോധവത്കരണ യജ്ഞവുമായി മോട്ടോര്‍വാഹന വകുപ്പ്. വിദ്യാര്‍ഥികള്‍ക്കിടയില്‍ ഹെല്‍മെറ്റ് ധരിക്കുന്നത് സംബന്ധിച്ച അവബോധം സൃഷ്ടിക്കുകയും സന്ദേശം കുടുംബങ്ങളിലെത്തിക്കുകയുമാണ്് ലക്ഷ്യം. ഇതിനായി തിങ്കളാഴ്ച സുരക്ഷാ ദിനമായി ആചരിക്കും. ഇതിനോടനുബന്ധിച്ച് ഹൈസ്‌കൂള്‍ തലം മുതലുള്ള വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് തിങ്കളാഴ്ച സ്‌കൂളുകളില്‍ പ്രത്യേക അസംബ്ലി സംഘടിപ്പിച്ച് റോഡ് സുരക്ഷാ പ്രതിജ്ഞയെടുപ്പിക്കും.
വാഹനാപകടങ്ങളില്‍ പെടുന്നവരില്‍ ഭൂരിഭാഗവും വിദ്യാര്‍ഥികളായതിനാലും പ്രധാന മരണ കാരണം തലക്കേല്‍ക്കുന്ന പരുക്കായതിനാലുമാണ് വിദ്യാര്‍ഥികള്‍ക്കിടയില്‍ ബോധവത്കരണം നടത്തുന്നത്. തിരൂര്‍ നിയോജക മണ്ഡലം തല ഉദ്ഘാടനം രാവിലെ 9.45ന് തിരൂര്‍ ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ സി. മമ്മുട്ടി എം എല്‍ എയും താനൂര്‍ മണ്ഡലം തല ഉദ്ഘാടനം ഗവ. ദേവധാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വി അബ്ദുര്‍റഹ്മാന്‍ എം എല്‍ എയും നിര്‍വഹിക്കും. എല്ലാ സ്‌കൂളുകളും പ്രതിജ്ഞയെടുക്കണമെന്ന് തിരൂര്‍ ജോയിന്റ് ആര്‍ ടി ഒ. ടി കെ ഹരിദാസന്‍, എം വി ഐ സനീഷ്, എ എം വി ഐമാരായ അശ്‌റഫ് സൂര്‍പ്പില്‍, കെ എം ധനേഷ് അറിയിച്ചു.