Connect with us

Gulf

ബ്രസല്‍സ് ഡയമണ്ട് ലീഗില്‍ മുതാസ് ബര്‍ശിം രണ്ടാമത്‌

Published

|

Last Updated

ദോഹ: ബ്രസല്‍സ് ഡയമണ്ട് ലീഗ് ഹൈജമ്പില്‍ ഖത്തറിന്റെ മുതാസ് ബര്‍ഷിം രണ്ടാമത്. ബ്രസല്‍സില്‍ ഒന്നാമത്തെത്തി കൂടുതല്‍ പോയിന്റുകളുമായി ഡയമണ്ട് സ്വന്തമാക്കാനാകുമെന്നായിരുന്നു ബര്‍ഷിമിന്റെ പ്രതീക്ഷ. എന്നാല്‍ 2014ല്‍ ഇവിടെതന്നെ സ്ഥാപിച്ച ഡയമണ്ട്‌ലീഗ് റെക്കോര്‍ഡ് പ്രകടനത്തിന്റെ അടുത്തെത്താന്‍ പോലും ബര്‍ഷിമിനായില്ല. 2.32 മീറ്റര്‍ ഉയരം മറികടന്നാണ് ബര്‍ഷിം രണ്ടാമതെത്തിയത്. മൂന്നാം ശ്രമത്തിലാണ് ബര്‍ഷിം 2.32 മീറ്റര്‍ മറികടന്നത്. ഇതേ ഉയരം രണ്ടാം ശ്രമത്തില്‍ മറികടന്ന അമേരിക്കയുടെ എറിക് കൈനാര്‍ഡിനാണ് സ്വര്‍ണം. 2.32 മീറ്റര്‍ ഉയരം മൂന്നാം ശ്രമത്തില്‍ മറികടന്ന ഗ്രേറ്റ് ബ്രിട്ടണിന്റെ റോബീ ഗ്രാബര്‍സിനാണ് വെങ്കലം.
ബ്രസല്‍സ് ഡയമണ്ട് ലീഗ് തുടങ്ങുന്നതിന് മുമ്പ് ഡയമണ്ട് റാങ്കിങില്‍ ഒന്നാമതായിരുന്ന ഉക്രെയ്‌നിന്റെ ബൊഹ്ദന്‍ ബൊണ്ടാരങ്കോയ്ക്ക് 2.20മീറ്റര്‍ ഉയരം മറികടന്ന് എട്ടാം സ്ഥാനത്തെത്താനെ കഴിഞ്ഞുള്ളു.ദോഹയില്‍ തുടങ്ങി ബ്രസല്‍സില്‍ സമാപിച്ച ഡയമണ്ട് ലീഗ് സീരിസില്‍ ഏഴു മത്സരങ്ങളിലായി ഏറ്റവുമധികം പോയിന്റ് സ്വന്തമാക്കുന്നവര്‍ക്കുള്ള ഡയമണ്ട് അമേരിക്കയുടെ എറിക് കൈനാര്‍ഡിന് ലഭിച്ചു. ബ്രസല്‍സിലെ വിജയത്തോടെ 46 പോയിന്റോടെയാണ് എറിക് കൈനാര്‍ഡ് ഡയമണ്ട് റേസ് സ്വന്തമാക്കിയത്. മുതാസ് ഇസ ബര്‍ഷിമിന് 36 പോയിന്റോടെ രണ്ടാമതെത്താനെ കഴിഞ്ഞുള്ളു. 31 പോയിന്റുമായി റോബി ഗ്രബാര്‍സ് മൂന്നാം സ്ഥാനത്ത്. ബ്രസല്‍സ് ഡയമണ്ട് ലീഗ് തുടങ്ങുന്നതിന് മുമ്പ് ഒന്നാം സ്ഥാനത്തായിരുന്ന ബൊണ്ടാരങ്കോ ഇവിടെ എട്ടാം സ്ഥാനത്തായതോടെ 29 പോയിന്റോടെ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
2014ലെ ബ്രസല്‍സിലായിരുന്നു ഡയമണ്ട് ലീഗിലെ ഏറ്റവും മികച്ച പ്രകടനവും ഏഷ്യന്‍ റെക്കോര്‍ഡും സ്വന്തമാക്കിയ പ്രകടനം ബര്‍ഷിം നടത്തിയത്. 2.43 മീറ്റര്‍ ഉയരമായിരുന്നു ബര്‍ഷിം മറികടന്നത്. എന്നാല്‍ ക്യൂബയുടെ സാവിയര്‍ സോട്ടോമയര്‍ 1993ല്‍ സ്ഥാപിച്ച 2.45 മീറ്ററിന്റെ റെക്കോര്‍ഡ് മറികടക്കാന്‍ ബര്‍ഷിമിനായിരുന്നില്ല. ഇതുവരെ ഒന്‍പതു തവണ ബര്‍ഷിം 2.40മീറ്ററിനും അതിനുമുകളിലുള്ള ഉയരം ബര്‍ഷിം മറികടന്നിട്ടുണ്ട്. ഇതിനുമുമ്പ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത് സാവിയര്‍ സോട്ടോമയറാണ്. പത്താംതവണയും 2.40മീറ്റര്‍ ഉയരം മറികടക്കുകയെന്ന നേട്ടം സ്വന്തമാക്കാനും ബ്രസല്‍സില്‍ ബര്‍ഷിമിന് കഴിഞ്ഞില്ല. പതിന്നാല് മീറ്റുകളിലായാണ് ഡയമണ്ട് റേസ് പൂര്‍ത്തിയാകുന്നത്.
ദോഹയില്‍ തുടങ്ങി ഷാങ്ഹായ്, റബാത്, യൂജിന്‍, റോം, ബര്‍മിങ്ഹാം, ഒസ്‌ലോ, സ്‌റ്റോക്ക്‌ഹോം, മൊണാകോ, ലണ്ടന്‍, ലൗസന്നെ, പാരീസ്, സൂറിച്ച് എന്നിവിടങ്ങളിലായി ബ്രസല്‍സിലെത്തിയാണ് ഡയമണ്ട് ലീഗ് പൂര്‍ത്തിയാകുന്നത്. ഈ പതിന്നാല് മീറ്റുകളില്‍ ഏഴിടങ്ങളിലാണ് ഹൈജമ്പ് മത്സരങ്ങള്‍ നടക്കുന്നത്.
അടുത്ത വര്‍ഷം മേയ് അഞ്ചിന് ദോഹയില്‍ നടക്കുന്ന മീറ്റോടെയാണ് ഡയമണ്ട് ലീഗിന്റെ പുതിയ സീസണ് തുടക്കമാകുക.

Latest