എം സ്വരാജ് കപ്പലണ്ടി കമ്മ്യൂണിസ്റ്റും വ്യാജ മാര്‍ക്‌സിസ്റ്റുമെന്ന് ‘ജനയുഗം’

Posted on: August 29, 2016 12:32 pm | Last updated: August 29, 2016 at 11:55 pm

swarajകോഴിക്കോട്: ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ് എം എല്‍ എക്കെതിരെ രൂക്ഷ വിമര്‍ശവുമായി സി പി ഐ മുഖപത്രമായ ജനയുഗം. എഡിറ്റോറിയല്‍ പേജില്‍ വാതില്‍പ്പഴുതിലൂടെ എന്ന പംക്തിയിലാണ് സ്വരാജിനെ വിമര്‍ശിക്കുന്നത്.
തലയില്‍ ആള്‍താമസമില്ലാത്ത സ്വരാജ് ജനിക്കുന്നതിന് മുമ്പാണ് സി പി ഐ നേതാവ് കേരളം ഭരിച്ചതെന്നും ഇതിന് ശേഷമുള്ള കമ്യൂണിസ്റ്റ് ചരിത്രം പോലും അറിയില്ലെങ്കില്‍ ആ തലയില്‍ തക്കാളി കൃഷി നടത്തുന്നതാകും നല്ലതെന്നും ലേഖനത്തില്‍ ഓര്‍മിപ്പിക്കുന്നു.
സ്വരാജ് വ്യാജ മാര്‍ക്‌സിസ്റ്റാണ്. വി എസിനെതിരെ ക്യാപ്പിറ്റല്‍ പണിഷ്‌മെന്റ് നടപ്പിലാക്കണമെന്ന് പറഞ്ഞ സ്വരാജ് കപ്പലണ്ടി കമ്മ്യൂണിസ്റ്റ് ആണ്. എം സ്വരാജ് സി പി ഐക്കെതിരായി നിരന്തരം അക്രമം നടത്തിക്കൊണ്ടിരിക്കെയാണ് സി പി ഐ കടന്നാക്രമണത്തിന് മുതിര്‍ന്നത്.
പട്‌നയിലെ കുട്ടികള്‍ കമ്മ്യൂണിസം തങ്ങളുടെ ജീവിത സിദ്ധാന്തമാക്കിയപ്പോള്‍ ഇയാള്‍ക്ക് സി പി ഐയും കമ്മ്യൂണിസവും അജ്ഞാതം. നല്ല കുടുംബത്തില്‍ അസുരവിത്തും പിറക്കുമല്ലോ എന്നു സമാധാനിക്കാനൊക്കുമോ?. തന്റെ കമ്മ്യൂണിസത്തെക്കുറിച്ച് ഈ അസുരവിത്ത് ഗ്വാഗ്വാ വിളിക്കുമ്പോള്‍ ‘കുങ്കുമത്തിന്റെ ഗന്ധമറിയാതെ കുങ്കുമം ചുമക്കുന്നു ഗര്‍ദ്ദഭം’ എന്നു പറഞ്ഞാല്‍ കഴുത അഭിമാനിക്കും; തലയില്‍ ആളുതാമസമില്ലാത്ത ഒരാളെ കൂട്ടിനുകിട്ടിയല്ലോ എന്നോത്ത്. ഇയാള്‍ ജനിക്കുന്നതിനും തൊട്ടു മുമ്പാണ് സിപിഐ നേതാവ് പി കെ വാസുദേവന്‍ നായര്‍ മുഖ്യമന്ത്രിയായി കേരളം ഭരിച്ചിരുന്നത്. അതിനു ശേഷമുള്ള ചരിത്രം പോലും അറിയാത്ത ഈ കമ്മ്യൂണിസ്റ്റ് ഗര്‍ദ്ദ’ത്തിന് ഈ നാല്‍പതാം പക്കത്തും ബുദ്ധിമുളച്ചില്ലെങ്കില്‍ ആ തലയില്‍ തക്കാളിക്കൃഷി നടത്തുന്നതാവും നന്നെന്ന് ലേഖനത്തില്‍ പറയുന്നു.
ചെങ്കൊടിയെ പീറത്തുണിയെന്ന് അസഭ്യവര്‍ഷം ചൊരിഞ്ഞ ഈ മാര്‍ക്ക്‌സിസ്റ്റ് സാമാജികന്റെ പൂര്‍വചരിത്രവും ഇതിഹാസതുല്യം!. മാധ്യമ പ്രവര്‍ത്തകരെ പിതൃശൂന്യരെന്നു പറഞ്ഞപ്പോള്‍ അന്നു മുഖ്യമന്ത്രിയായിരുന്ന വി എസിനോട് മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധം അറിയിച്ചു. അദ്ദേഹം അന്നുപറഞ്ഞ വാക്കുകള്‍ ഓര്‍മവരുന്നു. ‘നിങ്ങള്‍ അതൊന്നും കാര്യമാക്കേണ്ടതില്ല. തന്തയില്ലാത്തവര്‍ മറ്റുള്ളവര്‍ക്കും തന്തയില്ലെന്നു പറഞ്ഞു നടക്കുന്നത് ഒരു നാട്ടുനടപ്പല്ലേ!’ഈ വ്യാജ മാര്‍ക്ക്‌സിസ്റ്റിന്റെ പിതാവ് മുട്ടിലിഴഞ്ഞു പാമ്പിനെപിടിക്കാനോടുന്ന കാലത്ത് സി പി ഐയില്‍ നിന്ന് ഇറങ്ങിവന്ന് ഇ എം എസിനും ബി ടി രണദിവെക്കും പി സുന്ദരയ്യക്കും ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിനുമൊപ്പം സി പി എം രൂപവത്കരിച്ചവരില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഏക നേതാവാണ് വി എസ് . ആ വി എസിന്റെ തലവെട്ടി ഉത്തരകൊറിയന്‍ മോഡല്‍ ക്യാപിറ്റല്‍ പണിഷ്‌മെന്റ് നടപ്പാക്കണമെന്ന് ആ പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനത്തില്‍ ആവശ്യപ്പെട്ട കപ്പലണ്ടി കമ്മ്യൂണിസ്റ്റാണ് സി പി ഐയുടെ കൊടിയെ പീറത്തുണിയെന്നു വിശേഷിപ്പിച്ചത്. മാര്‍ക്‌സിസ്റ്റ് പ്രസ്ഥാനത്തില്‍ നുഴഞ്ഞുകയറി ആ മഹത്തായ സന്ദേശത്തിന് ശോഭകേടുണ്ടാക്കുന്ന ഈ കള്ള നാണയങ്ങളെ തിരിച്ചറിയേണ്ടത് ബന്ധപ്പെട്ട നേതൃത്വമാണെന്ന് ലേഖകന്‍ ഓര്‍മപ്പെടുത്തുന്നു.