ആലിന്‍ചുവട് പോലീസിനെ ആക്രമിച്ച സംഭവം: പ്രതികളുടെ വീട് കേന്ദ്രീകരിച്ച് റൂട്ട് മാര്‍ച്ച്‌

Posted on: August 27, 2016 11:25 am | Last updated: August 27, 2016 at 11:25 am

തിരൂര്‍: തീരദേശമേഖലയായ പറവണ്ണ ആലിന്‍ചുവടില്‍ പോലീസിനു നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പോലീസ് റൂട്ട് മാര്‍ച്ച് നടത്തി. ഡി വൈ എസ് പി ഉള്‍പ്പടെയുള്ള പോലീസുകാരെ ആക്രമിച്ച കേസിലെ പ്രതികളുടെ വീടുകള്‍ കേന്ദ്രീകരിച്ചായിരുന്നു പോലീസ് റൂട്ട് മാര്‍ച്ച്. ഉണ്യാല്‍ ആലിന്‍ചുവട് മുതല്‍ ബീച്ച് റോഡ് വഴി ഉണ്യാല്‍ വരെയായിരുന്നു പോലീസ് റൂട്ട് മാര്‍ച്ച് നടത്തിയത്.
ഇന്നലെ വൈകീട്ടാണ് വന്‍ പോലീസ് സംഘത്തിന്റെ നേതൃത്വത്തില്‍ റൂട്ട് മാര്‍ച്ച് നടന്നത്. 60 മുഖ്യപ്രതികളുടെ വീടുകള്‍ റൂട്ട് മാര്‍ച്ചില്‍ നിര്‍ണയിച്ചതായി തിരൂര്‍ സി ഐ. എം കെ ഷാജി അറിയിച്ചു. തിരൂര്‍ ഡി വൈ എസ് പിയുടെ ചുമതല വഹിക്കുന്ന നാര്‍ക്കോട്ടിക്ക് സെല്‍ ഡി വൈ എസ് പി. ബാലന്‍, തിരൂര്‍ സി ഐ. എം കെ ഷാജി, താനൂര്‍ സി ഐ. അലവി, തിരൂര്‍ എസ് ഐ. കെ ആര്‍ രഞ്ജിത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റൂട്ട് മാര്‍ച്ച്. ഉണ്യാല്‍ അങ്ങാടിയില്‍ റോന്ത് ചുറ്റിയ ശേഷം റൂട്ട് മാര്‍ച്ച് അവസാനിപ്പിച്ചു. പോലീസിനെ ആക്രമിച്ച പ്രതികളെ കണ്ടെത്താനുള്ള ശക്തമായ നടപടികളുടെ ഭാഗമായാണ് റൂട്ട്മാര്‍ച്ചെന്ന് ഡി വൈ എസ് പി ബാലന്‍ പറഞ്ഞു.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ ശക്തമായ നടപടികളുണ്ടാകുമെന്നും പ്രതികളെ കീഴടങ്ങാന്‍ അനുവദിക്കാതെ അറസ്റ്റ് ചെയ്യാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതികളെ കണ്ടെത്തുന്നതിന് വീടുകളില്‍ റെയ്ഡ് തുടരുകയാണ്. ആയുധ കടത്ത് തടയുന്നതിന് വിവിധ കേന്ദ്രങ്ങളില്‍ വാഹന പരിശോധനയും നടത്തുന്നുണ്ട്. ആലിന്‍ചുവട്, ഉണ്ണ്യാല്‍ പ്രദേശങ്ങളില്‍ ആയുധം കണ്ടെത്തുന്നതിനായി പ്രത്യേക റെയ്ഡ് നടത്താനാണ് പോലീസ് തീരുമാനം. പോലീസിനെ അക്രമിച്ച സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും കണ്ടെത്തുകയാണ് പോലീസിന്റെ ആദ്യലക്ഷ്യം.