ക്രിമിനലുകളായ പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് സി പി എം

Posted on: August 26, 2016 5:45 am | Last updated: August 26, 2016 at 12:46 am

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്ത് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ്. പോലീസ് വകുപ്പില്‍ നിന്നുയരുസംസ്ഥാന പോല#േ#േ#േീസിലെ ക്രിമിനലുകളോടു ഒരു തരത്തിലുമുള്ള മുദുസമീപനവും സര്‍ക്കാര്‍ കാണിക്കരുതെന്നു സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി. ക്രിമിനലുകളായ പോലീസുകാരെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ടിന്മേല്‍ എത്രയും വേഗം നടപടികള്‍ സ്വീകരിക്കണമെന്നും പ്രധാനപ്പെട്ട ഒരു പദവികളിലും ഇത്തരം പോലീസുകാരെ നിയമിക്കരുതെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് സര്‍ക്കാരിനു നിര്‍ദേശം നല്‍കി. ഏതു സര്‍ക്കാര്‍ വന്നാലും ബന്ധങ്ങള്‍ ഉപയോഗിച്ചു സംരക്ഷണം തേടുന്ന ചില പോലീസ് ഉദ്യോഗസ്ഥരാണു സര്‍ക്കാരിനു പേരുദോഷം ഉണ്ടാക്കുന്നത്. തങ്ങളുടെ മണ്ഡലങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ടു പാര്‍ട്ടി എം എല്‍ എമാര്‍ നല്‍കുന്ന ശിപാര്‍ശകള്‍ സെക്രട്ടറിയേറ്റിന്റെ കൂടി പരിശോധനയ്ക്കു വിധേയമാക്കിയതിനു ശേഷമേ പരിഗണിക്കാവൂയെന്നും ഇന്നലെ ചേര്‍ന്ന സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് നിര്‍ദേശം നല്‍കി. അടുത്തിടെ പോലീസുമായി ബന്ധപ്പെട്ടുണ്ടായ ചില വിവാദങ്ങളുടെ പശ്ചാത്തലത്തിലാണു പാര്‍ട്ടിയുടെ ഇടപെടല്‍.
ക്ഷേമപെന്‍ഷനുകള്‍ സഹകരണ ബാങ്കുകള്‍ മുഖാന്തിരം വിതരണം ചെയാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ സി പി എം സെക്രട്ടറിയേറ്റ് സ്വാഗതം ചെയ്തു. വളരെ ഉത്തരവാദിത്തത്തോടുകൂടി നിര്‍വഹിക്കേണ്ട പ്രവൃത്തിയായതിനാല്‍ പാര്‍ട്ടിയില്‍ നിന്നും സഹകരണ ബാങ്കുകളുടെ ചുമതലയുള്ള നേതാക്കള്‍ പെന്‍ഷന്‍ വിതരണം കാര്യക്ഷമമാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ജില്ലാ കമ്മിറ്റികളും ഏര്യാ കമ്മിറ്റികളും ഇക്കാര്യത്തില്‍ നിരന്തരം യോഗം കുടി പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തണം.
ഓണത്തിനു മുമ്പു കുടിശികയടക്കം പെന്‍ഷന്‍കാര്‍ക്കു ലഭിക്കാനുള്ള മുഴുവന്‍ തുകയും ബന്ധപ്പെട്ടവരുടെ കൈകളിലെത്തണം. ഇതു സര്‍ക്കാരിനും പ്രത്യേകിച്ചു പാര്‍ട്ടിക്കും വലിയ ഗുണം ലഭിക്കുമെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി.
അതേസമയം കെ എം മാണിയുമായി ബന്ധപ്പെട്ടുയര്‍ന്ന വിഷയങ്ങളൊന്നും സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്തില്ല. വിവാദങ്ങള്‍ ഉണ്ടാക്കരുതെന്ന പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ കര്‍ശനമായ നിര്‍ദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണു മാണി വിഷയം ചര്‍ച്ച ചെയ്യാത്തത്.
ബോര്‍ഡ്-കോര്‍പറേഷനുകളിലെ ചെയര്‍മാന്മാരെ സംബന്ധിച്ചു നേരത്തേ സി പി എം സെക്രട്ടറിയേറ്റ് കൈക്കൊണ്ട തീരുമാനങ്ങള്‍ കര്‍ശനമായി പാലിക്കും. പ്രധാനപ്പെട്ട സ്ഥാപനങ്ങളുടെ തലപ്പത്തു പരിചയസമ്പന്നരേയും പാര്‍ട്ടി നേതൃത്വത്തിലുള്ളവരേയും പരിഗണിക്കും. ഇതിന്റെകൂടി അടിസ്ഥാനത്തിലാണു മുന്‍ സ്പീക്കറും മന്ത്രിയും ആയിരുന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗവും കൂടിയായ എം വിജയകുമാറിനെ കെ ടി ഡി സിയുടെ ചെയര്‍മാനാക്കാന്‍ സി പി എം തീരുമാനിച്ചത്.