Connect with us

National

ഡല്‍ഹിയില്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് വിലക്കില്ല

Published

|

Last Updated

ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം തടയുന്നതിനായി രണ്ടായിരം സി സിക്ക് മുകളിലുള്ള ഡീസല്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന് ഡല്‍ഹിയില്‍ കഴിഞ്ഞ വര്‍ഷം ഏര്‍പ്പെടുത്തിയ വിലക്ക് സുപ്രീം കോടതി നീക്കി. പരിസ്ഥിതി മലിനീകരണം തടയുന്നതിന് ഹരിത നികുതിയെന്ന പേരില്‍ അധിക നികുതി ഏര്‍പ്പെടുത്തിക്കൊണ്ടാണ് വാഹന രജിസ്‌ട്രേഷന്‍ തുടരാന്‍ സുപ്രീം കോടതി അനുമതി നല്‍കിയത്. നിരോധം നീക്കണമെന്ന് ആവശ്യപ്പെട്ട് വാഹന നിര്‍മാതാക്കള്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് കോടതിയുടെ നടപടി.
ഡീസല്‍ വാഹനങ്ങള്‍ വാങ്ങുന്നവരില്‍ നിന്ന് വിലയുടെ ഒരു ശതമാനം പരിസ്ഥിതി സെസായി ഈടാക്കണമെന്നാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. കഴിഞ്ഞ ഡിസംബറിലാണ് രണ്ടായിരം സി സിയില്‍ കൂടുതലുള്ള ഡീസല്‍ കാറുകളും എസ് യു വികളും പുതുതായി രജിസ്റ്റര്‍ ചെയ്യുന്നതിന് കോടതി നിരോധമേര്‍പ്പെടുത്തിയത്. പത്ത് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ട്രക്കുകള്‍ നിരോധിക്കാനും ഡീസല്‍ ടാക്‌സികള്‍ സി എന്‍ ജിയിലേക്ക് മാറ്റാനും നിര്‍ദേശിച്ചിരുന്നു. ഉത്തരവ് കനത്ത സാമ്പത്തിക നഷ്ടം വരുത്തുമെന്നു ചൂണ്ടിക്കാട്ടി വാഹന നിര്‍മാതാക്കള്‍ കോടതിയെ സമീപിക്കുകയായിരുന്നു.